Monday, May 28, 2007

സദിരിന്റെ രൂപാന്തരീകരണത്തെക്കുറിച്ച്, ചന്ദ്രലേഖയെക്കുറിച്ചും

എതിരന്റെ ലേഖനം വായിച്ചപ്പോ മനസ്സില് വന്ന ചില ചിതറിയ ചിന്തകള് - പങ്കുവെക്കട്ടെ...
സദിര് എന്ന ,അവഹേളിക്കപ്പെട്ടിരുന്ന നൃ്ത്തരൂപത്തെ ,വാക്കീനെ, ഭരതനാട്യം എന്ന ,പാരമ്പര്യത്തിന്റെ ആഡ്യത്തം മണക്കുന്ന പുതിയ വാക്കിലൂടെ അവതരിപ്പിച്ചതില് തനിക്കൊരു സുപ്രാധാന പങ്കുണ്ടെന്ന് ഡോക്റ്റര് വി രാഘവന് 1974-ഇല് മ്യൂസിക് അകാദമി ജേര്ണലില് എഴുതിയ തന്റെ ലേഖനത്തില് പറയുന്നുണ്ട്. എങ്കിലും എ കൃഷ്ണയ്യരും , രുഗ്മിണീദേവിയും തന്നെ ഇതിന്റെ പ്രചാരണത്തിന് മുന്കൈ എടുത്തവരെന്നു തന്നെ പറയം.

സദിര് എന്ന വാക്ക് തമിഴില് നിന്നും വന്നതല്ല്ലെന്നും,ആന്ധ്രപ്രദേശിലെ ചില ഗ്രാമങ്ങളില് ഇപ്പോഴും ഈ നൃ്ത്തരൂപത്തെ സദിര് എന്ന് വിളിക്കുന്നവരുണ്ടെന്നും ഡൊക്റ്റര് അരുദ്ര "ശ്രുതി" യില് എഴുതിയ തന്റെ ലേഖനത്തില് അവകാശപ്പെടുമ്പോള് ഈ വാക്ക് മഹാരാഷ്ര്റ്റയിലെ "സതാര" എന്ന ഗ്രാമത്തിലെ അതേ പെരിലുള്ള നൃ്ത്തരൂപങ്ങളില് നിന്നും വന്നതാകാമെന്ന് ഡോ പദ്മ സുബ്രഹ്മണ്യം അഭിപ്രായപ്പെടുന്നു. ഇതെല്ലാം ഊഹാപോഹങ്ങളാണെന്ന്നിരിയ്ക്കെ കതിരവന്‍ പറഞ്ഞ തഞ്ചാവുര് കൊട്ടാരത്തിലെ പ്രതിഭകളില് നിന്നും സദിരിന്റ്റെ ആരംഭം വ്യക്തമായി കുറിക്കുന്നതു തന്നെ യുക്തം എന്ന് തോന്നുന്നു. കാവടി , കരകാട്ടം, ഒയിലാട്ടം തുടങ്ങിയ നാടന് - അനുഷ്ഠാന കലകളിലും പഴയ വിജയനഗരസ്സാമ്രാജ്യത്തിലെ വൈഷ്ണവഭക്തര് കൊണ്ടാടിയിരൂന്ന മധുരഭക്തിയിലും , മരാത്താ സദസ്സുകളില് ചിന്നയ്യ്യപ്രഭൃതികള് വളര്ത്തീയ "നിരൂപണം" തുടങ്ങിയ സോളോ നൃ്ത്തരൂപങ്ങളിലും സദിരിന്റെ അംശങ്ങള് ചിതറിക്കിടപ്പുണ്ടെന്ന് ഡോ പദ്മ.

അവഗണനയിലും അവഹേളനത്തിലും മുങ്ങിക്കിടന്നിരുന്ന സദിരാട്ടം പ്രചരിപ്പിക്കനായി സ്വയം സ്ത്രീവേഷം അണിഞ്ഞുകൊണ്ട് വേദികളില് നൃ്ത്തം ചെയ്തിരുന്ന ഇ കൃഷ്ണയ്യര് കല്യാണീ ഡോട്ടേഴ്സ് എന്നറിയപ്പെട്ടിരുന്ന ജീവരത്നം , രാജലക്ഷ്മി എന്നി ദേവദാസികളുടെ പരിപാടി മദ്രാസ് മ്യൂസിക് അകാദമിയില് 1931 -ഇല് അവതരിപ്പിച്ചപ്പോള് പുരികം ചുളിച്ച് പരിപാടിയില് നിന്നും മാറി നിന്ന ബ്രാഹ്മണമേധാവിത്വത്തിന്റെ പ്രതിരൂപമായിരുന്നിരിയ്ക്കണം പിന്നീട് അദ്ദേഹവുമായി ഒരു ത്ഉറന്ന യുദ്ധത്തിനു വന്ന , ബ്രിറ്റിഷ് ഇന്ത്യയിലെ അദ്യ സ്ത്രീ നിയമസ്ഭാംഗമയിരുന്ന ഡോ മുത്തുലക്ഷ്മി റെഡ്ഡി. 1932 -ഇല് അന്നത്തെ മദ്രാസ്സ് മുഖ്യമന്ത്രിയായിരുന്ന ബോബ്ബിലി രാജയെ ആദരിക്കുന്ന ഔദ്യൊഗിക ചടങ്ങില് ദേവദാസികളുടെ സാന്നിദ്ധ്യം ഉള്ളതില് പ്രകോപിതയായ ഡോ റെഡ്ഡിയും കൃഷ്നയ്യരും തമ്മില് നടന്ന യുദ്ധം "ദ് മദ്രാസ് മെയില്" -ഉം , 'ദ് ഹിന്ദു' വുമൊക്കെ ധാരാളം കൊണ്ടാടിയതുമാണ് .ഈ യുദ്ധം ദേവദസി സമ്പ്രദായം നിരോധിച്ച്കൊണ്ടുള്ള നിയമം പ്രാബല്യത്തില് വരുന്നതിന്റെ മുന്നോടിയായിരുന്നു. നിയമം നടപ്പിലായതിനു ശേഷം ദേവദാസികളുടെ അവസ്ഥ എന്തായി എന്നുള്ളത് വേറെ ചര്ച്ച.

കൃഷ്ണയ്യരും രുഗ്മിണിദേവിയും കൂടി "ഭരതനാട്യ"ത്തെ കണ്ടു പിടിച്ചപ്പോള് , ദേവദാസികളും അവരുടെ സദിരും എതിരന് പറഞ്ഞ പൊലെ തമസ്കരിക്കപ്പേടേണ്ടത് അന്നത്തെ ബ്രാഹ്മണ മേധാവിത്വത്തിന്റെ പ്രധാന അജണ്ടയായിത്തീര്ന്നു. രുഗ്മിണീദേവി നൃത്തത്തോടുള്ള അളവറ്റ സ്നേഹത്തില് വളരെ സൂക്ഷ്മമായ ഈ തട്ടിയെടുക്കലിനെക്കുറിച്ചറിഞ്ഞില്ലാ എങ്കില് , ബാലസരസ്വതി , നൃത്തം തന്നെ തന്റെ ജന്മോദ്ദേശം എന്ന വംശീയമായ തിരിച്ചറിവില് ചുറ്റും നടക്കുന്ന മറ്റു സാമൂഹിക മാറ്റങ്ങളെക്കുറിച്ച് ഏതാണ്ട് അജ്ഞയായിത്തന്നെക്കഴിഞ്ഞു. അങ്ങനെ പാവം സദിര് ഹൈജാക്ക് ചെയ്യപ്പെട്ടു. കര്ണ്ണാടകസംഗീതപാരമ്പര്യത്തിന്റെ തുടര്ച്ചയായി ഭരതനാട്യത്തെ കൂട്ടിക്കെട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി തെലുങ്ക് - സംസ്കൃതം വര്ണ്ണങ്ങളും പദങ്ങളും പ്രത്യക്ഷപ്പെടാന് തുടങ്ങി.

( രുഗ്മിണീദേവിയുടെ കുറ്റ്രാലക്കുറവഞ്ചി,കലാക്ഷേത്ര ഗ്രൂപ്പ് ഇനമായ 'രാമായണം' തുടങ്ങിയ പരീക്ഷണങ്ങളെ ഇവിടെ വിസ്മരിക്കുന്നില്ല).ഏതാണ്ട് 5 പതീറ്റാണ്ടുകളോളം നീണ്ട ഈ തെലുങ്ക് ആധിപത്യത്തിന് ഒരറുതി വന്നത് സംഘം കൃതികളില് നിന്നും മറ്റും "കലിത്തൊകൈ" , "കുറുന്തൊകൈ" തുടങ്ങിയ ഭാഗങ്ങള് അലര്മേല് വള്ളി ധാരാളമായി ഉപയോഗിക്കാന് തുടങ്ങിയപ്പോഴാണെന്നു തോന്നുന്നു.

-ചന്ദ്രലേഖ-

ഭരതനാട്യത്തിനെ അതിന്റെ ശരിയായ ഹിസ്റ്റോരിക്കല് പെര്സ്പക്റ്റീവില് കാണാന് ശ്രമിച്ച ആദ്യനര്ത്തകി ചന്ദ്രലേഖയാണെന്നു തന്നെ പറയാം.

ഇന്ന് നമ്മള് കാണുന്ന ഭരതനാട്യം വേഷത്തിന്റ്റെ തിളക്കൊ , ബഹളങ്ങലുമോ ഒന്നുണ്ടായിരുന്നില്ല്യാ ചന്ദ്രലേഖേടെ പ്രൊഡക്ഷന്സില്.ദൈവികതയിലേയ്ക്കല്ല, ശരീരത്തിലേയ്ക്കാണ് നൃത്തം തിരിച്ചു വറേണ്ടത് എന്നായിരുന്നു ചന്ദ്രയുടെ വാദം.ഭരതനാട്യത്തെ ഭാരതീയ ആത്മീയതയുടെ മുഖമുദ്രയാക്കി ചിത്രീകരിച്ച് അതിന് പവിത്രതയുടെ പരിവേഷം നല്കി "ദേവദാസിത്തം" മുഴുവനും അതില് നിന്നും ആവാഹിച്ചു കളയാനുള്ള ശ്രമത്തിനെതിരേയുള്ള ഒരു കലാപം കൂടിയായിരുന്നു ചന്ദ്രയ്ക്ക് നൃ്ത്തം. അതുകൊണ്ടു തന്നെ ചന്ദ്രലേഖയുടെ പരിപാടികള് തുടങ്ങുന്നതിനു മുന്പു സാധാരണ ൈന്ത്യന് ശാസ്ത്രീയനൃത്തക്കച്ചേരികളുടെ തുടക്കത്തില് കാണാറുള്ള പ്രണാമം ഉണ്ടാകാറില്ല.തന്റെ പ്രേക്ഷകര് പലപ്പോഴും നര്ത്തകിയെ കാണുന്നത് ഒരു ഹിന്ദി സിനിമാനായികയെ കാണുന്ന അതേ മനോഭാവത്തോടെ വിഷമിച്ചിരുന്ന ചന്ദ്രയുടെ നൃത്തരൂപങ്ങളിലെ നര്ത്തകിമാര് സാധാരണ കലാക്ഷേത്രയില് പ്രാക്റ്റിസ്സിനുടുക്കുന്ന സാരികള് തന്നെയാണ് അരങ്ങത്തും ഉടുത്തിരുന്നത്. ഭരതനാട്യത്തെ കച്ചവടവല്ക്കരിക്കുന്നതില് മടുത്തിട്ടാണ് 1972-ഇല് ചന്ദ്രലേഖ നൃത്തരംഗത്തു നിന്നും വിട്ടു നിന്നതു. എന്നാല് 1985-ഇല് തന്റെ ആംഗിക എന്ന പ്രൊഡക്ഷനോടെ രംഗവേദിയിലേയ്ക്ക് ശക്തമായ ഒരു തിരിച്ചു വരവു നടത്തി. ആംഗിക മുതല് -ലെ "ശരീര"വരെയുള്ള ചന്ദ്രയുടെ ഓരോ നൃത്തശില്പങ്ങളും അംഗീകരിക്കപ്പെട്ട ഭരതനാട്യം സങ്കല്പനങ്ങളുടെ വഴി വിട്ട് പുതിയ മെയ്യക്ഷരങ്ങളും ,ധീരമായ തീമുകളും കൈകാര്യം ചെയ്യുന്നതായിരുന്നു. ഇതിന്റെ പുറകില് ചന്ദ്രയ്ക്ക് ഊര്ജ്ജം നല്കിയിരുന്നത് ബംഗാളി ബുദ്ധിജീവിയും , കവിയുമായിരുന്ന ഹരീന്ദ്രനാഥ് ചതോപാദ്ധ്യായയും, സുഹൃത്തുക്കളായ സദാനന്ദ് മേനോനും , ദശ്രഥ് പട്ടേലും മാത്രമായിരുന്നില്ല. കാമ എന്ന സഹനര്ത്തകിലൂടെ ചന്ദ്ര തന്റെ ചിന്തകള് ഉള്ക്കൊള്ളാനും അവതരിപ്പിക്കാനും കെല്പ്പുള്ള ഒരു സഖാവിനെ കണ്ടെത്തുകയായിരുന്നു."സ്പെയ്സ്" എന്ന കണ്സെപ്റ്റ് ഏറ്റവും സമര്ത്ഥമായി ഉപയോഗിച്ചവരില് ഒരാളായിരുന്നു ചന്ദ്ര.ഭരതനാട്യത്തിന്റെ ചരിത്രത്തെക്കുറിച്ചു പറഞ്ഞു വരുമ്പോള് ചന്ദ്രലേഖ വെറും പരാമര്ശത്തില് മാത്രം ഒതുങ്ങേണ്ട ഒരു പേരല്ലെന്നു തോന്നി. അതുകൊണ്ടു മാത്രം ഇത്രയും.