Monday, December 10, 2007

"മകാനേ"യും "കടാപ്പുറ"വുമല്ല മുക്കുവരുടെ യാഥാര്‍ത്ഥ്യം!

ഇത് പറയുന്നത് മഗ്ലിന്‍ പീറ്റര്‍.
തീരദേശമഹിളാവേദിയുടേയും, CZM -ഇനെതിരായ അഖിലേന്ത്യാപ്രതിഷേധസമരങ്ങളുടേയും പ്രവര്‍ത്തകയായ മഗ്ലിന്‍ "കാടിന്റെയും കടലിന്റെയും യഥാര്‍ത്ഥ അവകാശികള്‍ ഈ കാട്ടിലും കടലിലും തലമുറകളിലായി ജീവിച്ചുമരിക്കുന്ന ഞങ്ങളാണ്‌. ഞങ്ങള്‍ പരസ്പരം കൈകോര്‍ത്തു പിടിക്കേണ്ടത്‌ ഈ ഭൂമിയുടെ ആവശ്യമാണ്‌ " എന്ന തിരിച്ചറിവിന്റെ മനസ്സുകൂടിയാണ്. മഗ്ലിന്‍ പറയുന്നത് തുടര്‍ന്നു കേള്‍ക്കുക;




കടലോരങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു മാധ്യമമാണ് സിനിമ. ഒരു സാധാരണ പ്രേക്ഷകയായ എന്റെ കുട്ടിക്കാലത്തെ ഓരോ സിനിമാനുഭവവും ഓരോ ആഘോഷമായിരുന്നു. നല്ല ഓര്‍മ്മയുണ്ട് എനിക്ക്. വര്‍ണ്ണശബളമായ നോട്ടീസ്സുകളുടേയും, പാട്ടുപുസ്തകങ്ങളുടേയും , കോളാമ്പിയില്‍ നിന്നും വരുന്ന പാട്ടുകളൂടേയും അകമ്പടിയോടെ , ചെറിയ കൊട്ടകകളിലേയ്ക്ക് ഞങ്ങളെത്തേടിയെത്തിയിരുന്ന , ഞങ്ങള്‍ കാത്തിരുന്നിരുന്ന സിനിമകള്‍. ഈ കൊട്ടകകള്‍ ഞങ്ങളെ ഭയപ്പെടുത്തിയിരുന്നില്ല മത്സ്യത്തൊഴിലാളിയുടെ കൈപ്പിടിയില്‍ ഒതുങ്ങുന്നതായിരുന്നു മാസത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം വിരുന്നു വരാറുള്ള ഈ സിനിമാ പ്രദര്‍ശനങ്ങളുടെ റ്റിക്കറ്റുകള്‍.

ഈ ചിത്രങ്ങളില്‍ നാടും നാട്ടുഭംഗിയും കാറ്റും കടലും മനസ്സില്‍ തങ്ങി നില്‍ക്കുന്ന പാട്ടുകളും എല്ലത്തിലുമുപരി ഒരുപാട് നന്മയും ഉണ്ടായിരുനു. ഓരോ സിനിമയ്കു ശേഷവും അതിനെക്കുറിച്ച് സാര്‍ത്ഥകമായ ചര്‍ച്ച സംഘടിപ്പിക്കുന്ന ചെറുപ്പക്കാരുടെ കൂട്ടങ്ങള്‍.
ഇന്നോ? തിയറ്ററുകളുടെ വലുപ്പം കൂടിയതിനൊപ്പം വലുതായ റ്റിക്കറ്റ് നിരക്കുകള്‍ , ചിത്രങ്ങളില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നല്ലതിന്റേയും നന്മയുടേയും അംശങ്ങള്‍ . പിന്നെ ചര്‍ച്ചകള്‍... അവയ്ക്ക് വിഷയമോ, സാംഗത്യമോ ഇല്ലെന്ന് തോന്നിത്തുടങ്ങിയതു കൊണ്ടോ എന്തോ , സിനിമാ ചര്‍ച്ചകള്‍ വെറും തമാശകമന്റുകള്‍ മാത്രമായി ചുരുങ്ങുന്നു.
വളരെ വിശാലമായി തരം തിരിച്ചാല്‍ സിനിമകള്‍ മൂന്നു ഗണ‍ത്തില്‍ പെടുത്താവുന്നവയാണ് എന്ന് തോന്നിയിട്ടുണ്ട്. ഒന്നാമതായി സമൂഹത്തിലെ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നവയും സമൂഹത്തിനു ഗുണകരമായിട്ടുള്ളവയുമായ ചിത്രങ്ങള്‍. രണ്ടാമത്തെ ഗണത്തെ 'എന്റ്റര്‍റ്റെയിനറുകള്‍' എന്നു വിളിക്കാം. മൂനു മണിക്കൂര്‍ കൊണ്ട് ഒരു നല്ല കഥ രസകരമായി പറഞ്ഞു പോകുന്ന ചിത്രങ്ങള്‍.


മൂന്നാമത്തെ കൂട്ടമാകട്ടെ, എന്റര്‍‌റ്റെയ്നറുകള്‍ എന്ന് സ്വയം വിശേഷിപ്പിച്ചു കൊണ്ട് കണ്ണഞ്ചിപ്പിച്ചു കടന്നു പോകുന്ന "ജനപ്രിയ" ചിത്രങ്ങള്‍. അരങ്ങ് അടക്കി ഭരിക്കുന്ന് ഇവരാണ് ഇന്ന് ഏറ്റവും അപകടകാരികള്‍. ഇത്തരം ചിത്രങ്ങള്‍ ജനത്തിനുമേല്‍ ചെലുത്തുന്ന സ്വാധീനം വലുതാണ്. യാഥാര്‍ത്ഥ്യത്തില്‍ നിന്നും വിട്ടു മാറി നില്‍ക്കുന്ന ഇ ചിത്രങ്ങള്‍ വിഭ്രാന്തിഉടെ ഒരു മായികലോകത്തിലേയ്ക്കാണ് കാഴ്ചക്കാരനെ എത്തിക്കുന്നത്.
ഈ ചിത്രങ്ങളില്‍ ആണും പെണ്ണും, ശക്തിയുള്ളവനും, ഇല്ലാത്തവനും എന്നീ വിഭാഗങ്ങളേയുള്ളൂ. സെക്സും വയലന്‍സും നിറഞ്ഞു കവിയുന്ന ഈ ചിത്രങ്ങള്‍ കച്ചവടലാഭം മാത്രം മുന്നില്‍ കണ്ടുകൊണ്ട് നിര്‍മ്മിക്കപ്പെടുന്നവയാണ്. കടലോരവാസികളും ആദിവാസികളും ഇത്തരം ചിത്രങ്ങളു‍ടെ , അവ ഉണ്ടാക്കുന്ന ബിംബങ്ങളുടെ ഇരകളാണെന്നു തന്നെ പറയാം.
ഇന്ന് സിനിമയില്‍ കാണുന്ന ആദിവാസിയും മത്സ്യത്തൊഴിലാളിയും ആരാണ്? സത്യത്തില്‍ അങ്ങനെ ഒരു ആദിവാസിയോ മത്സ്യത്തൊഴിലാളിയോ ഇന്നില്ല. പേരു കേട്ടപ്പോള്‍ ഒരുപാടു പ്രതീക്ഷയോടെ ഓടിച്ചെന്നു കണ്ട ചിത്രമാണ് 'കടല്‍'. മനസ്സ് വല്ലാതെ വേദനിച്ചു. സില്‍ക് സ്മിത എന്ന നടിയാണ് അതില്‍ മീന്‍ വില്പ്പനക്കാരിയെ അവതരിപ്പിച്ചിരിക്കുന്നത്. കഴുത്തിറക്കി വെട്ടിയ ബ്ലൗസ്സിനുമുകളില്‍ ഒരു തോര്‍ത്തുപോലുമിടാതെ , പൊക്കിളിനു വളരെ താഴ് ലുങ്കിയും ഉടുത്തു വന്ന "മീങ്കാരി" യെ കണ്ടപ്പോള്‍ സങ്കടവും ദേഷ്യവും ഒപ്പം തോന്നി.


മര്യാദയ്ക്ക് വസ്ത്രമുടുക്കാതെ , വൃത്തികെട്ട രീതിയില്‍ വീടും പരിസരവും പാലിക്കുന്ന , വൃത്തികെട്ട ഭാഷയില്‍ സംസാരിക്കുന്ന , വിദ്യാഭ്യാസമോ സംസ്കാരമോ തൊട്ടു തീണ്ടിയിട്ടിലാത്ത ഒരു കൂട്ടരായിട്ടാണ് ഞങ്ങളെ ചിത്രീകരിയ്കുന്നത്. നിങ്ങളിവിടെയൊന്നു വന്നു നോക്കൂ. ശരീരം പ്രദര്‍ശിപ്പിക്കുന്ന ഒരമ്മയെയും നിങ്ങള്‍ക്ക് മീഞ്ചന്തയില്‍ കാണാനൊക്കില്ല. "മകാനേ... " ,"കടാപ്പുറം"എന്നൊക്കെ ഞങ്ങളുടെ ചുണ്ടില്‍ തിരുകിവെയ്ക്കുന്ന ഭാഷ തീരെ ചെറിയ ഒരു വിഭാഗം മാത്രം ഉപയോഗിക്കുന്നതാണ് .തികച്ചും പ്രാദേശികമാണത്. ഈ കമ്യൂണിറ്റിയുടെ സംസ്കാരവുമായി ഈ വെള്ളിത്തിര ഭാഷയ്ക്ക് യാതൊരു ബന്ധവുമില്ല.


മത്സ്യമേഖലയുടെ തനതായ കഥയായിരുന്നു "ചെമ്മീന്‍‌". ഞങ്ങളുടെ കമ്യൂണിറ്റിയെ കച്ചവടത്തിനായി വികലമാക്കാത്ത ചിത്രം - അതിലെ സ്ത്രീകളുടെ വേഷവിധാനം ശ്രദ്ധിച്ചിട്ടുണ്ടോ? ആ കഥ എഴുതപ്പെട്ട കാലത്ത് മുക്കുവസമൂഹങ്ങളില്‍ മാത്രമല്ല, കേരളത്തില്‍ അങ്ങോളമിങ്ങോളം സ്ത്രീകള്‍‍ ധരിച്ചിരുന്ന വേഷം. എന്നാല്‍ അന്‍പതു കൊല്ലത്തിനിപ്പുറം വന്ന "ചാന്തുപൊട്ട് "നോക്കൂ.കേരളത്തില്‍‌ മറ്റെല്ലായിറ്റത്തും സ്ത്രീകള്‍ വസ്ത്രധാരണത്തില്‍ കാലാനുസൃതമായി പുരോഗമിച്ചതായി സിനിമകളില്‍ കാണിയ്ക്കുമ്പോള്‍ ചാന്തുപൊട്ടിലെ കടലോരവാസിക്ക് കറുത്തമ്മയഴിച്ചു വെച്ച വസ്ത്രം തന്നെ. ആ കടപ്പുറം സമയത്തിനു പിടികൊടുക്കാതെ ഭൂതകാലത്തിലെവിടെയോ മരവിച്ചു പോയതു പോലെ.
ഇതിനൊരപവാദമായിരുന്നു "അമരം". മാറിക്കൊണ്ടിരിക്കുന്ന ഞങ്ങളുടെ പുതിയ തലമുറയെ ആവിഷ്കരിയ്ക്കാന്‍ ഇതിലൊരു ശ്രമം തന്നെ നടന്നിട്ടുണ്ട്.
"ചാന്തുപൊട്ട്" അടക്കമുള്‍ല മിക്ക കടലോരചിത്രങ്ങളിലും തീം പ്രണയമാണ്. എവിടേയും നടക്കാവുന്ന, എത്രയോ തവണ കണ്ടുമടുത്ത ഈ പ്രണയത്തിനു കടല്‍ ഒരു വ്യത്യസ്തമായ പശ്ചാത്തലം മാത്രമാവുന്നു. എന്നിട്ട് "ചെമ്മീനി'നു ശേഷം കടലോരത്തിന്റെ ജീവിതം വരചു കാണിക്കുന്ന ചിത്രമെന്ന പരസ്യവും. പുതിയ എഴുത്തുകാര്‍‌ പഴയ കഥതന്നെ പുതിയ പുതിയ ബാക്ക്ഗ്രൗണ്ടുകളില്‍‌ പരീക്ഷിക്കുന്നു, അത്രെയേ ഉള്ളൂ. സ്ത്രീയുടെ റോള്‍ കരയുകയോ കരയിപ്പിക്കുകയോമാത്രം.


തിരശ്ശീലയില്‍ കാണുന്നത് സത്യമെന്നു വിശ്വസിക്കുന്ന ഒരു കൂട്ടമെങ്കിലുമില്ലെ നമ്മൂറ്റെ ഇടയില്‍? ആരാണ് അവരുടെ മനസ്സിലെ മത്സ്യത്തൊഴിലാളി? ഇതെല്ലാം കാണുമ്പോള്‍ ഞങ്ങളുടെ കുഞ്ഞുങ്ങളുടെ മുഖം വാടുന്നു. തങ്ങളുടെ അമ്മമാരെ സില്‍ക് സ്മിത അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രതിരൂപങ്ങളായി അവരുടെ കൂട്ടുകാര്‍ കാണുന്നത് കുട്ടികളെ വേദനിപ്പികില്ലേ? ഞങ്ങളുടെ മക്കള്‍ വിദ്യാസമ്പന്നരാണ്. പൊതുധാരയില്‍‌ കാര്യമായ ഇടപെടലുകള്‍‌ നടത്തുന്നവരാണ്. ചെറുപ്പക്കാര്‍‌ കാണുന്ന സ്വപ്നങ്ങള്‍ , അവര്‍‌ സംസാരിക്കുന്ന ഭാഷ എല്ലാം ഇവര്‍‌ക്കുമുണ്ട്. പക്ഷേ ഒരു സമൂഹത്തെ ഇങ്ങനെ സ്റ്റീരിയോറ്റിപിക്കലായി മാത്രമേ കാണിക്കൂ എന്ന് ശാഠ്യം പിടിക്കുന്ന മാദ്ധ്യമങ്ങള്‍ ഞങ്ങളെ പാര്‍ശ്വവല്‍ക്കരിക്കുകയാണ്. മാറുന്ന ലോകത്തിനൊപ്പം സഞ്ചരിക്കുന്ന ഞങ്ങളെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏതോ സിനിമാക്കാരന്റെ ഭാവനയിലുദിച്ച രൂപഭാവങ്ങളുടെ കെട്ടുപാടുകളില്‍ ‌ പൂട്ടിയിടുകയല്ലെ ചെയ്യുന്നത്? കടലിന്റേയും കടലോരപ്പെണ്ണിന്റേയും ചന്തം വില്‍ക്കുക മാത്രമല്ലേ ഇവിടെ അധികവും നടക്കുന്നത്?
വൃത്തിയുള്ള സാരിയുമുടുത്ത് ഞങ്ങള്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടാല്‍‌ നിരാശയും അമര്‍ഷവും ചിലരുടെയെങ്കിലും മുഖത്തു കാണാം. അവര്‍‌ തിരയുന്നത് ഒരു കറുത്തമ്മ'യെയാണെന്നത് വ്യക്തം ആ ഒരു ഇമേജില്‍ നിന്നും ഞങ്ങള്‍ക്ക് മോചനമില്ല.
സ്ഥാപിതം എന്നു തോന്നിയേക്കാവുന്ന ഒരു മിത്തിനെ ചോദ്യം ചെയ്തുകൊണ്ട് 'ചെമ്മീന്‍' അവസാനിക്കുമ്പോള്‍ മറ്റു പല ചിത്രങ്ങളും അന്ധവിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കുന്നവയാണ്. ഞങ്ങളുടെ ഇടയിലുള്ള പല ആചാരങ്ങളും കടലിന്റെ പരിശുദ്ധിയേയും പരിസരസമ്രക്ഷണത്തെയും മുന്നില്‍ കണ്ടുകൊണ്ട് ആചരിക്കുന്നവയാണ്. പക്ഷെ സിനിമകളില്‍ പലപ്പോഴും ഇവ വളച്ചൊടിച്ച് സ്ത്രീകള്‍ക്കെതിരായുള്ള കരുനീക്കമായിത്തന്നെ അവതരിപ്പിക്കപ്പെടുന്നു.പൂന്തുറ കലാപത്തെ ആസ്പദമാക്കി വന്ന ഒരു ചിത്രത്തില്‍ മുഴുവന്‍ തീരദേശവാസികലേയും കലാപകാരികളായി ചിത്രീകരിചിരിക്കുന്നു. സ്നേഹിക്കാന്‍ മാത്രമറിയാവുന്നവരാണ് ഞങ്ങള്‍. പക്ഷേ , നിലനില്പ്പിനെ ഭീഷണിപ്പെടുത്തുന്ന ഒരവസ്ഥ വന്നാല്‍ കയ്യില്‍‌ കിട്ടിയതെടുത്ത് ഞങ്ങള്‍ സ്വയം പ്രതിരോധിക്കും. മത്സ്യത്തൊഴിലാളിക്കാകട്ടെ, കയ്യില്‍ എളുപ്പം തടയുന്നത് പങ്കായം പോലെയുള്ള അവന്റെ ഉപകരണ‍ങ്ങളാണ്. കലാപത്തിനുവേണ്ട വടിവാള്‍ , ഇടിക്കട്ട, ബോംബ് തുടങ്ങിയ ആയുധങ്ങളൊന്നും ഞങ്ങള്‍ കൈവശം വെക്കുകയോ ഉണ്ടാക്കുകയോ ചെയ്യാറില്ല. എന്നാലും ഇതെല്ലാം സുലഭമായി ലഭിക്കുന്ന ആയുധശാലകളാണ് കടപ്പുറം എന്ന ഒരു ഇമേജ് പരക്കെയുണ്ട്.

ഇതിന്റെയൊക്കെ ഇടയ്ക്കും CZM (Coastal Zone Management)പോലെ ഞങ്ങള്‍ നേരിടുന്ന ജീവല്പ്രശ്നങ്ങളെ തുറന്നുകാണിക്കുന്ന ചില ഡോക്യുമെന്ററികള്‍ പുറത്തു വരുന്നുണ്ട്. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍‌ട്ട് പ്രകാരം കടലോരത്തുനിന്നും കിലോമീറ്ററുകളോളം ഉള്ളിലേയ്ക്ക് ഞങ്ങള്‍ കുടിയോഴിപ്പിക്കപ്പെടണം. കടലിന്റെ യഥാര്‍ത്ഥ അവകാശികളായ ഞങ്ങള്‍ക്കു പകരം തുറമുഖകേന്ദ്രീകൃതമായി ബഹുരാഷ്ട്രകുത്തകകള്‍ മത്സ്യബന്ധനം നടത്തും. റ്റൂറിസ്റ്റ് മാഫിയയും മണല്‍‌ മഫിയയും കടലോരം കയ്യേറുമ്പോള്‍ പരമ്പരാഗതമായി കടലിനെ ഉപജീവനോപാധിയഅക്കുന്ന മുക്കുവരെന്ന സമൂഹം തമസ്കരിക്കപ്പെടും. ഞങ്ങളുടെ മത്സ്യബന്ധനം, സംസ്കരണം, വില്‍‌പ്പന, ഉപകരണനിര്‍മ്മാണം എന്നിവയെല്ലാം ഇല്ലാതാവും. വരാന്‍‌ പോകുന്ന ഈ വിപത്തുകളെക്കുറിച്ചെല്ലാം ഞങ്ങളുടെ കൂട്ടരോടും,കൂട്ടുകാരോടും ,അധികാരത്തിലിരിക്കുന്ന വലിയവരോടും മണിക്കൂറുകളോളം തൊണ്ടയിട്ടലച്ച് പറയുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ അതിനേക്കാള്‍ ശക്തമായി ഈ ഡൊക്യുമെന്ററികളിലൂടെ സം‌വദിക്കാനാകുന്നു. ഞാനിത് പറയുമ്പോള്‍ "ഓ , അരയത്തിക്കെന്തു ഡൊക്യുമെന്ററി " എന്നൊരു പരിഹാസം പലയിടത്തുനിന്നും കേള്‍ക്കുന്നു. ആഢംബരമുള്ള തിയെറ്ററുകളില്‍ വര്‍ണ്ണപ്പൊലിമയോടെ വരുന്ന മെലോഡ്രമാറ്റിക് സിനിമകളേക്കാള്‍ ഞങ്ങളെ സത്യസന്ധതയോടേ ആവിഷ്കരിക്കുന്നത് പലപ്പോഴും ഡോക്യുമെന്ററികളാണ്.