Tuesday, May 13, 2008

വേദന പറയാതെ സുധീഷ് ...




രാവിനെ സ്നേഹിച്ച
നത്ത്
പകലിനോട്
കണ്ണീരെഴുതി
പറഞ്ഞത്
കേട്ടവരോടും
കേള്‍ക്കാത്തവരോടും
എനിക്ക് പറയാന്‍...

സുധീഷിനു പറയാനുള്ളതെല്ലാം കുറിച്ചു വെച്ച കടലാസ്സുകഷ്ണങ്ങള്‍ "വേദന പറയാതെ" എന്ന പുസ്തകമായതിനു പിന്നില്‍ അവന്‍ പറയാതെ വിട്ട അവന്റെ വേദന പങ്കിട്ട ശ്രീധരന്‍ ചെറുവണ്ണൂര്‍ എന്ന കവിയുടെ ശ്രമങ്ങളുണ്ട്. ശ്രീധരന്മാഷുടെ വിളിക്ക് ചെവി കൊടുത്ത്, മനസ്സു കൊടുത്ത് സുധീഷിന്റെ കവിതകളിലൂടെ ഉറക്കമിളച്ച് കവിതയില്‍ നിന്നും കവിയുടെ ചൊല്ലാവേദനകളിലേയ്ക്കെത്തിയ പവിത്രന്‍ തീക്കുനിയുടെ പൊള്ളുന്ന സ്നേഹമുണ്ട്. സുഹൃത്തുക്കളുടെ പ്രാര്‍ത്ഥനയും പ്രതീക്ഷയുമുണ്ട്.

കോഴിക്കോടു സര്‍വ്വകലാശാലയില്‍ എം എ കമ്പാരറ്റീവ് ലിറ്ററേചര്‍ വിദ്യാര്‍ത്ഥിയായ കെ എം സുധീഷ് മൂന്നു വര്‍ഷത്തോളമായി ക്യാന്‍സറിനടിമയാണ്. കടുത്ത വേദനയിലാണദ്ദേഹം. ഉടനടി മജ്ജ മാറ്റിവെയ്ക്കാനും മറ്റുമായി ഏഴെട്ടു ലക്ഷം രൂപ വേണ്ടി വരുമത്രെ.
ഇതിലേയ്ക്കുള്ള തുക സമാഹരിക്കുന്നതിന്റെ ഭാഗമായി സുധീഷിന്റെ രണ്ട് കൃതികള്‍ : "വേദന പറയാതെ", "ഭ്രഷ്ടിന്റെ നിറം" എന്നിവ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് സാഹിത്യ അക്കാദമി. രണ്ട് പുസ്തകങ്ങള്‍ക്കും കൂടി 120 രൂപയാണ് വില. ഓരോന്നിന്റേയും രണ്ടായിരം കോപ്പി വീതം വിറ്റുകിട്ടുന്ന രണ്ടുലക്ഷം രൂപ സുധീഷിന്റെ ചികിത്സയിലേക്ക് നല്‍കാനാണ് അക്കാഡമിയുടെ ഉദ്ദേശം. എത്രയും വേഗം ഈ പുസ്തകങ്ങള്‍ വാങ്ങി സുധീഷിനെ സഹായിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
കേരളത്തിനു പുറത്തുള്ളവര്‍ക്ക് ഈ പുസ്തകങ്ങള്‍ ഓണ്‍‌ലൈനായി വാങ്ങാന്‍ സന്ദര്‍ശിക്കുക;
1. വേദന പറയാതെ
2. ഭ്രഷ്ടിന്റെ നിറം

മറക്കാന്‍ ശ്രമിക്കും തോറും മനസ്സിനെ കുത്തിനോവിക്കുന്ന വേദനകള്‍, കോറിവരച്ചിട്ട പാടുകള്‍, രക്തമൂറ്റി വിളറിയ നാഡികള്‍, കാഞ്ഞെരിയലില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന യൌവ്വനത്തെ പല്ലിളിച്ചു കാട്ടിക്കൊണ്ട് സ്വപ്നത്തില്‍ സ്ഥിരം സന്ദര്‍ശകനാകുന്നു. മരണത്തിനും സ്വപ്നത്തിനുമിടയില്‍ നെയ്തെടുത്ത വലക്കണ്ണികള്‍ പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച കാലത്തിലൂടെ മെല്ലെ മെല്ലെ നടക്കട്ടെ..
ആമുഖത്തില്‍ കെ എം സുധീഷ്

കൂടുതല്‍ ലിങ്കുകള്‍:
അമൃത ടി വി ഹെല്പ് ലൈന്‍
ദീപക് ധര്‍മ്മടം