Friday, June 27, 2008

ഒരു തിരുത്ത്.

ഞങ്ങളുടെ പ്രിയമുള്ള കെ എം സുധീഷിന്റെ പുസ്തകത്തെക്കുറിച്ചും സുധീഷിന്റെ അവസ്ഥയെകുറിച്ചും ഞാന്‍ എഴുതിയ പോസ്റ്റില്‍ സുധീഷിന്റെ അക്കൌണ്ട് നമ്പര്‍ ചിലരൊക്കെ കമന്റില്‍ ചോദിച്ചിരുന്നു. അവിടെ ഞാന്‍ പറഞ്ഞ അക്കൌണ്ട് നമ്പറായ 3038948919 (SBI - Perambra Branch)ല്‍ ഒരു അക്കം വിട്ടുപോയിരുന്നു. ശരിക്കും അത് 30389458919 (SBI - Perambra Branch) ആണ്. ഇങ്ങനെ ഒരു വലിയ തെറ്റുവന്നുപോയതില്‍ ഞാന്‍ എല്ലാവരൊടും മാപ്പു ചോദിക്കുന്നു. അതു ചൂണ്ടിക്കാണിച്ച കണ്ണൂസിനു പ്രത്യേകം നന്ദി. എല്ലാവരോടും ഒരിക്കല്‍ കൂടി മാപ്പ്.

Tuesday, June 10, 2008

ഞങ്ങള്‍ കൂടെയുണ്ട് - എം മുകുന്ദന്‍

സുധീഷിന് ശ്രീ എം മുകുന്ദന്‍ അയച്ച സന്ദേശം. ഇവിടെ ബ്ലോഗ്ഗര്‍മാരെല്ലാം കൂടി അവനു ചികില്‍സയ്ക്കു വേണ്ടി പണം സ്വരൂപിക്കുന്നു എന്നറിഞ്ഞപ്പോ അദ്ദേഹം തന്നതാണീ കത്തിന്റെ കോപ്പി. സ്കാന്‍ ചെയ്തതു വായിക്കാന്‍ ബുദ്ധിമുട്ടഉള്ളവര്‍ക്കായിട്ട് ഇതിന്റെ അവസാനം മാറ്റര്‍ ടൈപ്പ് ചെയ്തിട്ടുണ്ട്.


“എല്ലാവരോടും പറയണം, അവന്‍ മടങ്ങി വരും. ഏറ്റവും അഡ്വാന്‍സ്ഡ് ആയ ചികില്‍സയാണിപ്പോള്‍ അവനു കൊടുക്കാന്‍ പോകുന്നത്. പണത്തിന്റെ കുറവുകൊണ്ട് മാത്രമാണ് ചികില്‍സ വൈകുന്നത്. സന്മനസ്സുകളെല്ലാം കൂടി ഒന്നാഞ്ഞു പിടിച്ചാല്‍ അവന്‍ തീര്‍ച്ചയായും തിരിച്ചു വരും. ഇത്രയും വേദനയ്ക്കുള്ളിലും അവന്റെ തെളിഞ്ഞ ചിരി കണ്ടില്ലെ, അതവന്റെ ഉള്ളിലെ ആത്മവിശ്വാസമാണ്. അതവനെ കാക്കും , കൂട്ടിനു നമ്മളുമുണ്ടെങ്കില്‍...“ അദ്ദേഹം പറഞ്ഞു.





നീ ഓര്‍ക്കുന്നുണ്ടോ?
കഴിഞ്ഞ ഫെബ്രുവരിയില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നു വന്ന എഴുത്തുകാര്‍ക്കു വേണ്ടി ഞങ്ങള്‍ അക്കാദമി മുറ്റത്ത് ഒരു സര്‍ഗ്ഗസം‌വാദം ഒരുക്കിയിരുന്നു. പച്ചമരത്തണല്‍ വിരിച്ച മുറ്റത്ത് കവിതയുടെ തുലാവര്‍ഷം കെട്ടഴിഞ്ഞു വീണ നാളുകള്‍ന്ന് കെമോതെറാപി തളര്‍ത്തിയ ശരീരവും മുടി കൊഴിഞ്ഞ തലയുമായി രോഗശയ്യയില്‍ നിന്ന് എഴുന്നേറ്റു വന്ന് മരച്ചുവട്ടിലിരുന്ന് വിറയ്ക്കുന്ന ചുണ്ടുകള്‍കൊണ്ട് നീ കവിത ചൊല്ലിത്തുടങ്ങിയപ്പോള്‍ എന്റെ നെഞ്ചിലെ ഞരമ്പുകള്‍ പിടയുന്നത് ഞാനറിഞ്ഞു. എന്റെ കണ്ണുകളില്‍ കണ്ണീരുപ്പിന്റെ രുചിയും ഞാനറിഞ്ഞു.


നാലാം ദിവസം അതിഥികളായി വന്നെത്തിയ എഴുത്തുകാര്‍ മടങ്ങിപ്പോവുകയും അക്കാദമി മുറ്റം ആളൊഴിഞ്ഞു വിജനമാകുകയും ചെയ്തപ്പോള്‍ ഒരു നിഴല്‍ മാത്രം എങ്ങും പോകാതെ തങ്ങിനില്‍ക്കുന്നത് ഞാന്‍ കണ്ടു. വെള്ളം വറ്റിയിട്ടും അതില്‍ വീണു കിടക്കുന്ന നിഴല്‍ മായാതെ നില്‍ക്കുന്നതു പോലെ. ആ നിഴല്‍ നീയും നിന്റെ കവിതയുമായിരുന്നു, സുധീഷ്.


നിന്നില്‍ കവിതയും രാഗവും തമ്മില്‍ തീവ്രപ്രണയത്തിലായിരുന്നെന്ന് അന്നു മാത്രമാണ് ഞാനറിഞ്ഞത്. അപ്പോള്‍ വര്‍ണങ്ങളെ പ്രണയിക്കുവാനായി വാന്‍ ഗോഗിനെ സന്ദര്‍ശിച്ച് ആ കലാകാരന്റെ കരളുകള്‍ തന്നെ കാര്‍ന്നുതിന്ന ക്ഷയരോഗത്തെക്കുറിച്ച് ഞാനോര്‍ത്തു പോയി. മഹാരോഗങ്ങള്‍ നമ്മള്‍ എഴുത്തുകാരെ തേടിയെത്തുന്നത് നമ്മളില്‍ വിരിഞ്ഞു നില്‍ക്കുന്ന അക്ഷരപ്പൂക്കളെ പ്രണയിക്കുവാന്‍ വേണ്ടി മാത്രമാണെന്ന് ഞാന്‍ നിനക്കു പറഞ്ഞു തരട്ടെ. നമ്മുടെ കയ്യിലെ പേനയൊടിപ്പിക്കുവാനോ നമ്മുടെ നെഞ്ചിലെ ശ്വാസം കവര്‍ന്നെടുക്കുവാനോ അല്ല രോഗങ്ങള്‍ നമ്മുടെ അടുത്തു വരുന്നത്. രോഗങ്ങള്‍ നമ്മുടെ അക്ഷരങ്ങള്‍ക്ക് തീവ്രതയും വെളിച്ചവും പകരുന്നു. നമ്മളിലെ സര്‍ഗ്ഗാത്മകതയെ പ്രണയിച്ചു തീര്‍ന്നാല്‍ രോഗങ്ങള്‍ മടങ്ങിപ്പോകും. ഒരു മഹാരോഗത്തിനും ഒരു കവിയേയും ഇന്നുവരെ കീഴടക്കുവാന്‍ കഴിഞ്ഞിട്ടില്ലെന്ന അറിവ് ഞാന്‍ നിനക്ക് പകര്‍ന്നു തരുന്നു. നിനക്ക് കരുത്തു പകരാന്‍. നിന്റെ കൈവിരലുകള്‍ക്കിടയിലെ പേന ഊര്‍ന്നു വീഴാതിരിക്കാന്‍...


ദാരിദ്ര്യമുള്ള ഒരു കുടുംബത്തിലാണ് നീ ജനിച്ചു വീണതെന്ന് ഞാനറിയുന്നു. ദാരിദ്ര്യം പഠിക്കുവാനും ജീവിയ്ക്കുവാനും കൂടുതല്‍ ഇച്ഛ നിനക്ക് നല്‍കുകയല്ലെ ചെയ്തത്?
അതുകൊണ്ട് നീ ഇനിയും പഠിക്കണം. വളരണം. രോഗവും മരണവും അറിവിന്റെ ശത്രുക്കളല്ലെന്ന് ഞാന്‍ പറയാതെ നിനക്ക് അറിയാമല്ലോ.
നിന്റെ കവിതാപുസ്തകങ്ങള്‍ വിറ്റും വാങ്ങിയും പണമുണ്ടാക്കി ഞങ്ങള്‍ ഭാഷാസ്നേഹികള്‍, മനുഷ്യസ്നേഹികള്‍ ചികില്‍സ തുടരാനായി നിന്നെ സഹായിക്കാം. നീ പതറരുത്.


അതുകൊണ്ട്,

എഴുതി ഫലിപ്പിക്കാന്‍
കഴിയാത്ത വേദന
പൂര്‍ണ്ണമായി പൊട്ടിയൊലിച്ച്
ദുര്‍ഗ്ഗന്ധം വമിച്ചപ്പോള്‍
തോല്‍വി സമ്മതിച്ച്
തിരിച്ചു നടന്നു...


എന്ന് നീ ഒരിക്കലും എഴുതരുതു കുട്ടീ. നീ ഞങ്ങളുടെ കൂടെത്തന്നെ എന്നുമുണ്ടാകണം. നിനക്ക് കരുത്തും സ്നേഹവും നല്‍കാന്‍ ഞങ്ങള്‍ കൂടെയുണ്ട്. ഞാന്‍ കൂടെയുണ്ട്.


ദൂരം കുറഞ്ഞ ആകാശത്തിനും
കട്ടി കൂടിയ
ഇരുട്ടിനും
ഇടയില്‍ ഞാന്‍...

എന്നും നീയെഴുതി. കുട്ടീ, ഇന്നു നീ അങ്ങനെയായിരിക്കാം. പക്ഷെ, ഞങ്ങള്‍ നിന്നെ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും ആകാശം ദൂരങ്ങളിലേയ്ക്ക് മടങ്ങിപ്പോകുമെന്നും കട്ടികൂടിയ ഇരുട്ട് വീണ്ടും വെളിച്ചമായി മാറുമെന്നും ഈശ്വരനാമത്തില്‍ ഞാന്‍ നിനക്ക് ഉറപ്പു നല്‍കട്ടെ. നിന്റെ കവിതകള്‍ നെഞ്ചിലെറ്റി ചുണ്ടുകളില്‍ പ്രാര്‍ത്ഥനകളുമായി ഞങ്ങള്‍ കൂടെയുണ്ട്. ഞാന്‍ കൂടെയുണ്ട് മോനേ...

നിന്നെ കൊണ്ടുപോകുവാന്‍ വന്ന് അവസാനം നിന്നെയും നിന്നിലെ കവിതയേയും സ്നേഹിച്ച് തനിയെ മടങ്ങിപ്പോയ മരണത്തെക്കുറിച്ച് ഒരുനാള്‍ നീ കവിതയെഴുതും...

ആ നാള്‍ ദൂരെയല്ല മകനേ.

എം. മുകുന്ദന്‍



(സുധീഷിനെ കുറിച്ച് കൂടുതല്‍ അറിയണം എന്നു തോന്നുന്നവര്‍ ദയവായി ഈ പോസ്റ്റ് വായിക്കുക )

Tuesday, May 13, 2008

വേദന പറയാതെ സുധീഷ് ...




രാവിനെ സ്നേഹിച്ച
നത്ത്
പകലിനോട്
കണ്ണീരെഴുതി
പറഞ്ഞത്
കേട്ടവരോടും
കേള്‍ക്കാത്തവരോടും
എനിക്ക് പറയാന്‍...

സുധീഷിനു പറയാനുള്ളതെല്ലാം കുറിച്ചു വെച്ച കടലാസ്സുകഷ്ണങ്ങള്‍ "വേദന പറയാതെ" എന്ന പുസ്തകമായതിനു പിന്നില്‍ അവന്‍ പറയാതെ വിട്ട അവന്റെ വേദന പങ്കിട്ട ശ്രീധരന്‍ ചെറുവണ്ണൂര്‍ എന്ന കവിയുടെ ശ്രമങ്ങളുണ്ട്. ശ്രീധരന്മാഷുടെ വിളിക്ക് ചെവി കൊടുത്ത്, മനസ്സു കൊടുത്ത് സുധീഷിന്റെ കവിതകളിലൂടെ ഉറക്കമിളച്ച് കവിതയില്‍ നിന്നും കവിയുടെ ചൊല്ലാവേദനകളിലേയ്ക്കെത്തിയ പവിത്രന്‍ തീക്കുനിയുടെ പൊള്ളുന്ന സ്നേഹമുണ്ട്. സുഹൃത്തുക്കളുടെ പ്രാര്‍ത്ഥനയും പ്രതീക്ഷയുമുണ്ട്.

കോഴിക്കോടു സര്‍വ്വകലാശാലയില്‍ എം എ കമ്പാരറ്റീവ് ലിറ്ററേചര്‍ വിദ്യാര്‍ത്ഥിയായ കെ എം സുധീഷ് മൂന്നു വര്‍ഷത്തോളമായി ക്യാന്‍സറിനടിമയാണ്. കടുത്ത വേദനയിലാണദ്ദേഹം. ഉടനടി മജ്ജ മാറ്റിവെയ്ക്കാനും മറ്റുമായി ഏഴെട്ടു ലക്ഷം രൂപ വേണ്ടി വരുമത്രെ.
ഇതിലേയ്ക്കുള്ള തുക സമാഹരിക്കുന്നതിന്റെ ഭാഗമായി സുധീഷിന്റെ രണ്ട് കൃതികള്‍ : "വേദന പറയാതെ", "ഭ്രഷ്ടിന്റെ നിറം" എന്നിവ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് സാഹിത്യ അക്കാദമി. രണ്ട് പുസ്തകങ്ങള്‍ക്കും കൂടി 120 രൂപയാണ് വില. ഓരോന്നിന്റേയും രണ്ടായിരം കോപ്പി വീതം വിറ്റുകിട്ടുന്ന രണ്ടുലക്ഷം രൂപ സുധീഷിന്റെ ചികിത്സയിലേക്ക് നല്‍കാനാണ് അക്കാഡമിയുടെ ഉദ്ദേശം. എത്രയും വേഗം ഈ പുസ്തകങ്ങള്‍ വാങ്ങി സുധീഷിനെ സഹായിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
കേരളത്തിനു പുറത്തുള്ളവര്‍ക്ക് ഈ പുസ്തകങ്ങള്‍ ഓണ്‍‌ലൈനായി വാങ്ങാന്‍ സന്ദര്‍ശിക്കുക;
1. വേദന പറയാതെ
2. ഭ്രഷ്ടിന്റെ നിറം

മറക്കാന്‍ ശ്രമിക്കും തോറും മനസ്സിനെ കുത്തിനോവിക്കുന്ന വേദനകള്‍, കോറിവരച്ചിട്ട പാടുകള്‍, രക്തമൂറ്റി വിളറിയ നാഡികള്‍, കാഞ്ഞെരിയലില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന യൌവ്വനത്തെ പല്ലിളിച്ചു കാട്ടിക്കൊണ്ട് സ്വപ്നത്തില്‍ സ്ഥിരം സന്ദര്‍ശകനാകുന്നു. മരണത്തിനും സ്വപ്നത്തിനുമിടയില്‍ നെയ്തെടുത്ത വലക്കണ്ണികള്‍ പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച കാലത്തിലൂടെ മെല്ലെ മെല്ലെ നടക്കട്ടെ..
ആമുഖത്തില്‍ കെ എം സുധീഷ്

കൂടുതല്‍ ലിങ്കുകള്‍:
അമൃത ടി വി ഹെല്പ് ലൈന്‍
ദീപക് ധര്‍മ്മടം