Monday, November 2, 2009

ഇങ്ങനെ ഒരുവൾ, ഇപ്പോഴും..


ഇറോം ഷര്‍മിള ചാനുവിന്റേ ആരും കണ്ടിട്ടും കാണാത്ത നിരാഹാരസമരത്തെക്കുറിച്ച് ഞാൻ ഒരു പോസ്റ്റിട്ടത് രണ്ടായിരത്തി ഏഴില്‍.
സത്യാഗ്രഹം തുടങ്ങി പത്തു വര്‍ഷങ്ങള്‍ക്കു ശേഷവും ശര്‍മ്മിള ഇപ്പോഴും ന്യായം കാത്തിരിക്കുകയാണ്‌- ഭക്ഷണം കഴിക്കാതെ, എണ്ണ തേച്ചു കോതിയൊതുക്കാതെ കാറ്റത്ത് പാറിപ്പറക്കുന്ന മുടിയോടെ, കലങ്ങിയ കണ്ണുകളോടെ, കുലുങ്ങാത്ത വീര്യത്തോടെ. മണിപ്പൂരിലാകട്ടെ AFSPA തന്റെ പ്രകടനങ്ങള്‍ ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു.

ഷര്‍മ്മിള്‍ലയുടെ ശരീരം തളരുമ്പോള്‍ ശക്തമാക്കപ്പെടുന്ന ഒന്നുണ്ട്. മണിപ്പൂരിലെ സ്ത്രീകളുടെ വീര്യം.
പെണ്ണുടലുകള്‍ക്ക് കാവല്‍ പെണ്മനസ്സുകള്‍ തന്നെ എന്നേറ്റു പറയുന്ന അവര്‍ ഇന്ന് സംഘടിതരാണ്‌. മെയിര പെയ്ബിസ്, നാഗാ മദേര്‍സ് അസ്സോസിയേഷന്‍, കുകി വിമെന്‍സ് അസ്സോസിയേഷന്‍, ബോഡോ വിമെന്‍സ് ജസ്റ്റിസ് ഫോറം, ആസാം മഹിള സചേതന്‍ മഞ്ച് തുടങ്ങിയവ സ്വയരക്ഷക്കായി അവര്‍ ഒരുക്കുന്ന കൂട്ടായ്മകളാണ്‌.
ഇതില്‍ നിന്നും കൂടുതല്‍ പേര്‍ ബലാല്‍സംഗം ചെയ്യപ്പെടാം, എൻ‌കൌണ്ടർ കില്ലിംഗില്‍ നിശ്ചലരാക്കപ്പെടാം. പക്ഷെ ഇവരെ ഇനിയും നിശ്ശബ്ദരാക്കാന്‍ അധികാരചിഹ്നങ്ങള്‍ക്കാവില്ല.

ഇന്റര്‍നെറ്റില്‍ സര്‍ക്യുലേറ്റ് ചെയ്യപ്പെടുന്ന പല ഫോർ‌വേഡുകളില്‍ ഒന്നായി ഏതാനും മാസങ്ങള്‍ക്കു മുന്‍പ് നമ്മെ ഞെട്ടിച്ചത് ഇമ്ഫാലിലെ തിരക്കുള്ള ഒരു പൊതുസ്ഥലത്ത് പ്രത്യേകിച്ച് യാതൊരു പ്രകോപനവുമില്ലാതെ ചോങ്ഖാം സന്‍ജിത് എന്ന ചെറുപ്പക്കാരനെ മണിപ്പൂരിന്റെ റാപ്പിഡ് ആക്ഷന്‍ പോലിസ് സംഘം പച്ചയ്ക്ക് വെടി വെച്ചിടുന്ന "എങ്കൗണ്ടര്‍ കില്ലിംഗിന്റെ" രംഗങ്ങളാണ്‌.

ലോക ജനത ഒരു സിനിമാരംഗം പോലെ കണ്ടു തള്ളിയോ ഈ ദൃശ്യങ്ങളെ?
ഭരണകൂടം അടിച്ചേല്പ്പിക്കുന്ന AFSPA തങ്ങളുടെ മണ്ണില്‍ നിന്നും പിന്വലിക്കണമെന്ന ആവശ്യങ്ങള്‍ ഉയരവേ ആഭ്യന്തര മന്ത്രി പി ചിദംബരം ഈ ആവശ്യം പുനഃപരിശൊധിക്കാമെന്ന് ഏറ്റിരിക്കുകയാണ്‌. എന്നു വെച്ചാലെന്താണ്‌?

ഷര്‍മ്മിളയുടെ ദേഹത്ത് ഇനി ദ്രവിക്കാന്‍ ബാക്കിയുള്‍ല എല്ലുകളുടെ എണ്ണം കുറയുന്നു.
മരണം ഷര്‍മ്മിളയ്ക്കൊരു അന്ത്യമല്ല. ശാന്തിയുടെ സുഗന്ധം പരത്തിക്കൊണ്ട് ഞാന്‍ ലോകം മുഴുവന്‍ നിറയും എന്ന് അവള്‍ പറയുമ്പോള്‍ ജനാധിപത്യം സൂക്ഷിക്കാന്‍ പട്ടാപ്പകല്‍ നടക്കുന്ന നിയമാനുകൂല്യമുള്‍ള ഈ നരഹത്യാശ്രമത്തെെക്കുറിച്ചോര്‍ത്ത് അശാന്തമായേ പറ്റു നമ്മുടെ മനസ്സുകള്‍.

ചിത്രത്തിനു കടപ്പാട് http://manipurfreedom.org/
(കൂടുതൽ വിവരങ്ങളും ഈ സൈറ്റിൽ ലഭിക്കും)

അശാന്തിയുടെ തീരങ്ങളിലിരുന്നു കൊണ്ട് ശാന്തിയുടെ സുഗന്ധമാകുന്നതിനെക്കുറിച്ച് ഇറോം ഷര്‍മിള എഴുതിയതാണ് ഈ കവിത

Fragrance of Peace

When life comes to its end
You, please transport
My lifeless body
Place it on the soil of Father Koubru

To reduce my dead body
To cinders amidst the flames
Chopping it with axe and spade
Fills my mind with revulsion

The outer cover is sure to dry out
Let it rot under the ground
Let it be of some use to future generations
Let it transform into ore in the mine

I'll spread the fragrance of peace
From Kanglei, my birthplace
In the ages to come
It will spread all over the world.

-lrom Sharmila

Thursday, April 16, 2009

മറക്കാതിരിക്കാന്‍


കാണാതെയല്ല

നന്ദിഗ്രാമിനെ, ഭീകരരെ കൂട്ടുപിടിക്കുന്ന അവസരവാദ രാഷ്റ്റ്രീയത്തെ

എങ്കില്‍ും മറക്കാന്‍ വയ്യ.

നാടിനു വേണ്ടി അടിയും ഇടിയും കൊണ്ട് സമത്വസുന്ദരരാഷ്റ്റ്രം സ്വപ്നം കണ്ടു മരിച്ച ചില പ്രിയപ്പെട്ടവരെ.
വാര്‍ദ്ധക്യം തലച്ചോറിനെ കാര്‍ന്നു തിന്നു സ്വന്തം മക്കളും ഭാര്യയും സ്മൃതിപഥത്തില്‍ നിന്നും മറയുമ്പോഴും ഓര്‍മ്മകള്‍ക്കു ചുവപ്പു നിറമായിരുന്ന ഒരച്ഛനെ

പേടിയാണ്‌ ,

1984-ഇല്‍ ദില്ലിയില്‍ സിഖ് വംശജരെ വേട്ടയാടിയവരെ.

2002-ഇല്‍ ഗുജറാത്തില്‍ ഇസ്ലാമുകളെ കൂട്ടക്കുരുതി ചെയ്തവരെ

ഭീക്രവാദത്തിന്റെയും വര്‍ഗ്ഗീതയുടേയും വിഷം കുഞ്ഞുമക്കളില്പ്പോലും കുത്തി വെക്കുന്നവരെ‌,
അവസാനഗണത്തില്‍ പെടുന്നവരെ തുരത്താന്‍-

പ്രതീക്ഷയോടെ, വാശിയോടെ...

Friday, June 27, 2008

ഒരു തിരുത്ത്.

ഞങ്ങളുടെ പ്രിയമുള്ള കെ എം സുധീഷിന്റെ പുസ്തകത്തെക്കുറിച്ചും സുധീഷിന്റെ അവസ്ഥയെകുറിച്ചും ഞാന്‍ എഴുതിയ പോസ്റ്റില്‍ സുധീഷിന്റെ അക്കൌണ്ട് നമ്പര്‍ ചിലരൊക്കെ കമന്റില്‍ ചോദിച്ചിരുന്നു. അവിടെ ഞാന്‍ പറഞ്ഞ അക്കൌണ്ട് നമ്പറായ 3038948919 (SBI - Perambra Branch)ല്‍ ഒരു അക്കം വിട്ടുപോയിരുന്നു. ശരിക്കും അത് 30389458919 (SBI - Perambra Branch) ആണ്. ഇങ്ങനെ ഒരു വലിയ തെറ്റുവന്നുപോയതില്‍ ഞാന്‍ എല്ലാവരൊടും മാപ്പു ചോദിക്കുന്നു. അതു ചൂണ്ടിക്കാണിച്ച കണ്ണൂസിനു പ്രത്യേകം നന്ദി. എല്ലാവരോടും ഒരിക്കല്‍ കൂടി മാപ്പ്.

Tuesday, June 10, 2008

ഞങ്ങള്‍ കൂടെയുണ്ട് - എം മുകുന്ദന്‍

സുധീഷിന് ശ്രീ എം മുകുന്ദന്‍ അയച്ച സന്ദേശം. ഇവിടെ ബ്ലോഗ്ഗര്‍മാരെല്ലാം കൂടി അവനു ചികില്‍സയ്ക്കു വേണ്ടി പണം സ്വരൂപിക്കുന്നു എന്നറിഞ്ഞപ്പോ അദ്ദേഹം തന്നതാണീ കത്തിന്റെ കോപ്പി. സ്കാന്‍ ചെയ്തതു വായിക്കാന്‍ ബുദ്ധിമുട്ടഉള്ളവര്‍ക്കായിട്ട് ഇതിന്റെ അവസാനം മാറ്റര്‍ ടൈപ്പ് ചെയ്തിട്ടുണ്ട്.


“എല്ലാവരോടും പറയണം, അവന്‍ മടങ്ങി വരും. ഏറ്റവും അഡ്വാന്‍സ്ഡ് ആയ ചികില്‍സയാണിപ്പോള്‍ അവനു കൊടുക്കാന്‍ പോകുന്നത്. പണത്തിന്റെ കുറവുകൊണ്ട് മാത്രമാണ് ചികില്‍സ വൈകുന്നത്. സന്മനസ്സുകളെല്ലാം കൂടി ഒന്നാഞ്ഞു പിടിച്ചാല്‍ അവന്‍ തീര്‍ച്ചയായും തിരിച്ചു വരും. ഇത്രയും വേദനയ്ക്കുള്ളിലും അവന്റെ തെളിഞ്ഞ ചിരി കണ്ടില്ലെ, അതവന്റെ ഉള്ളിലെ ആത്മവിശ്വാസമാണ്. അതവനെ കാക്കും , കൂട്ടിനു നമ്മളുമുണ്ടെങ്കില്‍...“ അദ്ദേഹം പറഞ്ഞു.





നീ ഓര്‍ക്കുന്നുണ്ടോ?
കഴിഞ്ഞ ഫെബ്രുവരിയില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നു വന്ന എഴുത്തുകാര്‍ക്കു വേണ്ടി ഞങ്ങള്‍ അക്കാദമി മുറ്റത്ത് ഒരു സര്‍ഗ്ഗസം‌വാദം ഒരുക്കിയിരുന്നു. പച്ചമരത്തണല്‍ വിരിച്ച മുറ്റത്ത് കവിതയുടെ തുലാവര്‍ഷം കെട്ടഴിഞ്ഞു വീണ നാളുകള്‍ന്ന് കെമോതെറാപി തളര്‍ത്തിയ ശരീരവും മുടി കൊഴിഞ്ഞ തലയുമായി രോഗശയ്യയില്‍ നിന്ന് എഴുന്നേറ്റു വന്ന് മരച്ചുവട്ടിലിരുന്ന് വിറയ്ക്കുന്ന ചുണ്ടുകള്‍കൊണ്ട് നീ കവിത ചൊല്ലിത്തുടങ്ങിയപ്പോള്‍ എന്റെ നെഞ്ചിലെ ഞരമ്പുകള്‍ പിടയുന്നത് ഞാനറിഞ്ഞു. എന്റെ കണ്ണുകളില്‍ കണ്ണീരുപ്പിന്റെ രുചിയും ഞാനറിഞ്ഞു.


നാലാം ദിവസം അതിഥികളായി വന്നെത്തിയ എഴുത്തുകാര്‍ മടങ്ങിപ്പോവുകയും അക്കാദമി മുറ്റം ആളൊഴിഞ്ഞു വിജനമാകുകയും ചെയ്തപ്പോള്‍ ഒരു നിഴല്‍ മാത്രം എങ്ങും പോകാതെ തങ്ങിനില്‍ക്കുന്നത് ഞാന്‍ കണ്ടു. വെള്ളം വറ്റിയിട്ടും അതില്‍ വീണു കിടക്കുന്ന നിഴല്‍ മായാതെ നില്‍ക്കുന്നതു പോലെ. ആ നിഴല്‍ നീയും നിന്റെ കവിതയുമായിരുന്നു, സുധീഷ്.


നിന്നില്‍ കവിതയും രാഗവും തമ്മില്‍ തീവ്രപ്രണയത്തിലായിരുന്നെന്ന് അന്നു മാത്രമാണ് ഞാനറിഞ്ഞത്. അപ്പോള്‍ വര്‍ണങ്ങളെ പ്രണയിക്കുവാനായി വാന്‍ ഗോഗിനെ സന്ദര്‍ശിച്ച് ആ കലാകാരന്റെ കരളുകള്‍ തന്നെ കാര്‍ന്നുതിന്ന ക്ഷയരോഗത്തെക്കുറിച്ച് ഞാനോര്‍ത്തു പോയി. മഹാരോഗങ്ങള്‍ നമ്മള്‍ എഴുത്തുകാരെ തേടിയെത്തുന്നത് നമ്മളില്‍ വിരിഞ്ഞു നില്‍ക്കുന്ന അക്ഷരപ്പൂക്കളെ പ്രണയിക്കുവാന്‍ വേണ്ടി മാത്രമാണെന്ന് ഞാന്‍ നിനക്കു പറഞ്ഞു തരട്ടെ. നമ്മുടെ കയ്യിലെ പേനയൊടിപ്പിക്കുവാനോ നമ്മുടെ നെഞ്ചിലെ ശ്വാസം കവര്‍ന്നെടുക്കുവാനോ അല്ല രോഗങ്ങള്‍ നമ്മുടെ അടുത്തു വരുന്നത്. രോഗങ്ങള്‍ നമ്മുടെ അക്ഷരങ്ങള്‍ക്ക് തീവ്രതയും വെളിച്ചവും പകരുന്നു. നമ്മളിലെ സര്‍ഗ്ഗാത്മകതയെ പ്രണയിച്ചു തീര്‍ന്നാല്‍ രോഗങ്ങള്‍ മടങ്ങിപ്പോകും. ഒരു മഹാരോഗത്തിനും ഒരു കവിയേയും ഇന്നുവരെ കീഴടക്കുവാന്‍ കഴിഞ്ഞിട്ടില്ലെന്ന അറിവ് ഞാന്‍ നിനക്ക് പകര്‍ന്നു തരുന്നു. നിനക്ക് കരുത്തു പകരാന്‍. നിന്റെ കൈവിരലുകള്‍ക്കിടയിലെ പേന ഊര്‍ന്നു വീഴാതിരിക്കാന്‍...


ദാരിദ്ര്യമുള്ള ഒരു കുടുംബത്തിലാണ് നീ ജനിച്ചു വീണതെന്ന് ഞാനറിയുന്നു. ദാരിദ്ര്യം പഠിക്കുവാനും ജീവിയ്ക്കുവാനും കൂടുതല്‍ ഇച്ഛ നിനക്ക് നല്‍കുകയല്ലെ ചെയ്തത്?
അതുകൊണ്ട് നീ ഇനിയും പഠിക്കണം. വളരണം. രോഗവും മരണവും അറിവിന്റെ ശത്രുക്കളല്ലെന്ന് ഞാന്‍ പറയാതെ നിനക്ക് അറിയാമല്ലോ.
നിന്റെ കവിതാപുസ്തകങ്ങള്‍ വിറ്റും വാങ്ങിയും പണമുണ്ടാക്കി ഞങ്ങള്‍ ഭാഷാസ്നേഹികള്‍, മനുഷ്യസ്നേഹികള്‍ ചികില്‍സ തുടരാനായി നിന്നെ സഹായിക്കാം. നീ പതറരുത്.


അതുകൊണ്ട്,

എഴുതി ഫലിപ്പിക്കാന്‍
കഴിയാത്ത വേദന
പൂര്‍ണ്ണമായി പൊട്ടിയൊലിച്ച്
ദുര്‍ഗ്ഗന്ധം വമിച്ചപ്പോള്‍
തോല്‍വി സമ്മതിച്ച്
തിരിച്ചു നടന്നു...


എന്ന് നീ ഒരിക്കലും എഴുതരുതു കുട്ടീ. നീ ഞങ്ങളുടെ കൂടെത്തന്നെ എന്നുമുണ്ടാകണം. നിനക്ക് കരുത്തും സ്നേഹവും നല്‍കാന്‍ ഞങ്ങള്‍ കൂടെയുണ്ട്. ഞാന്‍ കൂടെയുണ്ട്.


ദൂരം കുറഞ്ഞ ആകാശത്തിനും
കട്ടി കൂടിയ
ഇരുട്ടിനും
ഇടയില്‍ ഞാന്‍...

എന്നും നീയെഴുതി. കുട്ടീ, ഇന്നു നീ അങ്ങനെയായിരിക്കാം. പക്ഷെ, ഞങ്ങള്‍ നിന്നെ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും ആകാശം ദൂരങ്ങളിലേയ്ക്ക് മടങ്ങിപ്പോകുമെന്നും കട്ടികൂടിയ ഇരുട്ട് വീണ്ടും വെളിച്ചമായി മാറുമെന്നും ഈശ്വരനാമത്തില്‍ ഞാന്‍ നിനക്ക് ഉറപ്പു നല്‍കട്ടെ. നിന്റെ കവിതകള്‍ നെഞ്ചിലെറ്റി ചുണ്ടുകളില്‍ പ്രാര്‍ത്ഥനകളുമായി ഞങ്ങള്‍ കൂടെയുണ്ട്. ഞാന്‍ കൂടെയുണ്ട് മോനേ...

നിന്നെ കൊണ്ടുപോകുവാന്‍ വന്ന് അവസാനം നിന്നെയും നിന്നിലെ കവിതയേയും സ്നേഹിച്ച് തനിയെ മടങ്ങിപ്പോയ മരണത്തെക്കുറിച്ച് ഒരുനാള്‍ നീ കവിതയെഴുതും...

ആ നാള്‍ ദൂരെയല്ല മകനേ.

എം. മുകുന്ദന്‍



(സുധീഷിനെ കുറിച്ച് കൂടുതല്‍ അറിയണം എന്നു തോന്നുന്നവര്‍ ദയവായി ഈ പോസ്റ്റ് വായിക്കുക )

Tuesday, May 13, 2008

വേദന പറയാതെ സുധീഷ് ...




രാവിനെ സ്നേഹിച്ച
നത്ത്
പകലിനോട്
കണ്ണീരെഴുതി
പറഞ്ഞത്
കേട്ടവരോടും
കേള്‍ക്കാത്തവരോടും
എനിക്ക് പറയാന്‍...

സുധീഷിനു പറയാനുള്ളതെല്ലാം കുറിച്ചു വെച്ച കടലാസ്സുകഷ്ണങ്ങള്‍ "വേദന പറയാതെ" എന്ന പുസ്തകമായതിനു പിന്നില്‍ അവന്‍ പറയാതെ വിട്ട അവന്റെ വേദന പങ്കിട്ട ശ്രീധരന്‍ ചെറുവണ്ണൂര്‍ എന്ന കവിയുടെ ശ്രമങ്ങളുണ്ട്. ശ്രീധരന്മാഷുടെ വിളിക്ക് ചെവി കൊടുത്ത്, മനസ്സു കൊടുത്ത് സുധീഷിന്റെ കവിതകളിലൂടെ ഉറക്കമിളച്ച് കവിതയില്‍ നിന്നും കവിയുടെ ചൊല്ലാവേദനകളിലേയ്ക്കെത്തിയ പവിത്രന്‍ തീക്കുനിയുടെ പൊള്ളുന്ന സ്നേഹമുണ്ട്. സുഹൃത്തുക്കളുടെ പ്രാര്‍ത്ഥനയും പ്രതീക്ഷയുമുണ്ട്.

കോഴിക്കോടു സര്‍വ്വകലാശാലയില്‍ എം എ കമ്പാരറ്റീവ് ലിറ്ററേചര്‍ വിദ്യാര്‍ത്ഥിയായ കെ എം സുധീഷ് മൂന്നു വര്‍ഷത്തോളമായി ക്യാന്‍സറിനടിമയാണ്. കടുത്ത വേദനയിലാണദ്ദേഹം. ഉടനടി മജ്ജ മാറ്റിവെയ്ക്കാനും മറ്റുമായി ഏഴെട്ടു ലക്ഷം രൂപ വേണ്ടി വരുമത്രെ.
ഇതിലേയ്ക്കുള്ള തുക സമാഹരിക്കുന്നതിന്റെ ഭാഗമായി സുധീഷിന്റെ രണ്ട് കൃതികള്‍ : "വേദന പറയാതെ", "ഭ്രഷ്ടിന്റെ നിറം" എന്നിവ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് സാഹിത്യ അക്കാദമി. രണ്ട് പുസ്തകങ്ങള്‍ക്കും കൂടി 120 രൂപയാണ് വില. ഓരോന്നിന്റേയും രണ്ടായിരം കോപ്പി വീതം വിറ്റുകിട്ടുന്ന രണ്ടുലക്ഷം രൂപ സുധീഷിന്റെ ചികിത്സയിലേക്ക് നല്‍കാനാണ് അക്കാഡമിയുടെ ഉദ്ദേശം. എത്രയും വേഗം ഈ പുസ്തകങ്ങള്‍ വാങ്ങി സുധീഷിനെ സഹായിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
കേരളത്തിനു പുറത്തുള്ളവര്‍ക്ക് ഈ പുസ്തകങ്ങള്‍ ഓണ്‍‌ലൈനായി വാങ്ങാന്‍ സന്ദര്‍ശിക്കുക;
1. വേദന പറയാതെ
2. ഭ്രഷ്ടിന്റെ നിറം

മറക്കാന്‍ ശ്രമിക്കും തോറും മനസ്സിനെ കുത്തിനോവിക്കുന്ന വേദനകള്‍, കോറിവരച്ചിട്ട പാടുകള്‍, രക്തമൂറ്റി വിളറിയ നാഡികള്‍, കാഞ്ഞെരിയലില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന യൌവ്വനത്തെ പല്ലിളിച്ചു കാട്ടിക്കൊണ്ട് സ്വപ്നത്തില്‍ സ്ഥിരം സന്ദര്‍ശകനാകുന്നു. മരണത്തിനും സ്വപ്നത്തിനുമിടയില്‍ നെയ്തെടുത്ത വലക്കണ്ണികള്‍ പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച കാലത്തിലൂടെ മെല്ലെ മെല്ലെ നടക്കട്ടെ..
ആമുഖത്തില്‍ കെ എം സുധീഷ്

കൂടുതല്‍ ലിങ്കുകള്‍:
അമൃത ടി വി ഹെല്പ് ലൈന്‍
ദീപക് ധര്‍മ്മടം

Monday, December 10, 2007

"മകാനേ"യും "കടാപ്പുറ"വുമല്ല മുക്കുവരുടെ യാഥാര്‍ത്ഥ്യം!

ഇത് പറയുന്നത് മഗ്ലിന്‍ പീറ്റര്‍.
തീരദേശമഹിളാവേദിയുടേയും, CZM -ഇനെതിരായ അഖിലേന്ത്യാപ്രതിഷേധസമരങ്ങളുടേയും പ്രവര്‍ത്തകയായ മഗ്ലിന്‍ "കാടിന്റെയും കടലിന്റെയും യഥാര്‍ത്ഥ അവകാശികള്‍ ഈ കാട്ടിലും കടലിലും തലമുറകളിലായി ജീവിച്ചുമരിക്കുന്ന ഞങ്ങളാണ്‌. ഞങ്ങള്‍ പരസ്പരം കൈകോര്‍ത്തു പിടിക്കേണ്ടത്‌ ഈ ഭൂമിയുടെ ആവശ്യമാണ്‌ " എന്ന തിരിച്ചറിവിന്റെ മനസ്സുകൂടിയാണ്. മഗ്ലിന്‍ പറയുന്നത് തുടര്‍ന്നു കേള്‍ക്കുക;




കടലോരങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു മാധ്യമമാണ് സിനിമ. ഒരു സാധാരണ പ്രേക്ഷകയായ എന്റെ കുട്ടിക്കാലത്തെ ഓരോ സിനിമാനുഭവവും ഓരോ ആഘോഷമായിരുന്നു. നല്ല ഓര്‍മ്മയുണ്ട് എനിക്ക്. വര്‍ണ്ണശബളമായ നോട്ടീസ്സുകളുടേയും, പാട്ടുപുസ്തകങ്ങളുടേയും , കോളാമ്പിയില്‍ നിന്നും വരുന്ന പാട്ടുകളൂടേയും അകമ്പടിയോടെ , ചെറിയ കൊട്ടകകളിലേയ്ക്ക് ഞങ്ങളെത്തേടിയെത്തിയിരുന്ന , ഞങ്ങള്‍ കാത്തിരുന്നിരുന്ന സിനിമകള്‍. ഈ കൊട്ടകകള്‍ ഞങ്ങളെ ഭയപ്പെടുത്തിയിരുന്നില്ല മത്സ്യത്തൊഴിലാളിയുടെ കൈപ്പിടിയില്‍ ഒതുങ്ങുന്നതായിരുന്നു മാസത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം വിരുന്നു വരാറുള്ള ഈ സിനിമാ പ്രദര്‍ശനങ്ങളുടെ റ്റിക്കറ്റുകള്‍.

ഈ ചിത്രങ്ങളില്‍ നാടും നാട്ടുഭംഗിയും കാറ്റും കടലും മനസ്സില്‍ തങ്ങി നില്‍ക്കുന്ന പാട്ടുകളും എല്ലത്തിലുമുപരി ഒരുപാട് നന്മയും ഉണ്ടായിരുനു. ഓരോ സിനിമയ്കു ശേഷവും അതിനെക്കുറിച്ച് സാര്‍ത്ഥകമായ ചര്‍ച്ച സംഘടിപ്പിക്കുന്ന ചെറുപ്പക്കാരുടെ കൂട്ടങ്ങള്‍.
ഇന്നോ? തിയറ്ററുകളുടെ വലുപ്പം കൂടിയതിനൊപ്പം വലുതായ റ്റിക്കറ്റ് നിരക്കുകള്‍ , ചിത്രങ്ങളില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നല്ലതിന്റേയും നന്മയുടേയും അംശങ്ങള്‍ . പിന്നെ ചര്‍ച്ചകള്‍... അവയ്ക്ക് വിഷയമോ, സാംഗത്യമോ ഇല്ലെന്ന് തോന്നിത്തുടങ്ങിയതു കൊണ്ടോ എന്തോ , സിനിമാ ചര്‍ച്ചകള്‍ വെറും തമാശകമന്റുകള്‍ മാത്രമായി ചുരുങ്ങുന്നു.
വളരെ വിശാലമായി തരം തിരിച്ചാല്‍ സിനിമകള്‍ മൂന്നു ഗണ‍ത്തില്‍ പെടുത്താവുന്നവയാണ് എന്ന് തോന്നിയിട്ടുണ്ട്. ഒന്നാമതായി സമൂഹത്തിലെ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നവയും സമൂഹത്തിനു ഗുണകരമായിട്ടുള്ളവയുമായ ചിത്രങ്ങള്‍. രണ്ടാമത്തെ ഗണത്തെ 'എന്റ്റര്‍റ്റെയിനറുകള്‍' എന്നു വിളിക്കാം. മൂനു മണിക്കൂര്‍ കൊണ്ട് ഒരു നല്ല കഥ രസകരമായി പറഞ്ഞു പോകുന്ന ചിത്രങ്ങള്‍.


മൂന്നാമത്തെ കൂട്ടമാകട്ടെ, എന്റര്‍‌റ്റെയ്നറുകള്‍ എന്ന് സ്വയം വിശേഷിപ്പിച്ചു കൊണ്ട് കണ്ണഞ്ചിപ്പിച്ചു കടന്നു പോകുന്ന "ജനപ്രിയ" ചിത്രങ്ങള്‍. അരങ്ങ് അടക്കി ഭരിക്കുന്ന് ഇവരാണ് ഇന്ന് ഏറ്റവും അപകടകാരികള്‍. ഇത്തരം ചിത്രങ്ങള്‍ ജനത്തിനുമേല്‍ ചെലുത്തുന്ന സ്വാധീനം വലുതാണ്. യാഥാര്‍ത്ഥ്യത്തില്‍ നിന്നും വിട്ടു മാറി നില്‍ക്കുന്ന ഇ ചിത്രങ്ങള്‍ വിഭ്രാന്തിഉടെ ഒരു മായികലോകത്തിലേയ്ക്കാണ് കാഴ്ചക്കാരനെ എത്തിക്കുന്നത്.
ഈ ചിത്രങ്ങളില്‍ ആണും പെണ്ണും, ശക്തിയുള്ളവനും, ഇല്ലാത്തവനും എന്നീ വിഭാഗങ്ങളേയുള്ളൂ. സെക്സും വയലന്‍സും നിറഞ്ഞു കവിയുന്ന ഈ ചിത്രങ്ങള്‍ കച്ചവടലാഭം മാത്രം മുന്നില്‍ കണ്ടുകൊണ്ട് നിര്‍മ്മിക്കപ്പെടുന്നവയാണ്. കടലോരവാസികളും ആദിവാസികളും ഇത്തരം ചിത്രങ്ങളു‍ടെ , അവ ഉണ്ടാക്കുന്ന ബിംബങ്ങളുടെ ഇരകളാണെന്നു തന്നെ പറയാം.
ഇന്ന് സിനിമയില്‍ കാണുന്ന ആദിവാസിയും മത്സ്യത്തൊഴിലാളിയും ആരാണ്? സത്യത്തില്‍ അങ്ങനെ ഒരു ആദിവാസിയോ മത്സ്യത്തൊഴിലാളിയോ ഇന്നില്ല. പേരു കേട്ടപ്പോള്‍ ഒരുപാടു പ്രതീക്ഷയോടെ ഓടിച്ചെന്നു കണ്ട ചിത്രമാണ് 'കടല്‍'. മനസ്സ് വല്ലാതെ വേദനിച്ചു. സില്‍ക് സ്മിത എന്ന നടിയാണ് അതില്‍ മീന്‍ വില്പ്പനക്കാരിയെ അവതരിപ്പിച്ചിരിക്കുന്നത്. കഴുത്തിറക്കി വെട്ടിയ ബ്ലൗസ്സിനുമുകളില്‍ ഒരു തോര്‍ത്തുപോലുമിടാതെ , പൊക്കിളിനു വളരെ താഴ് ലുങ്കിയും ഉടുത്തു വന്ന "മീങ്കാരി" യെ കണ്ടപ്പോള്‍ സങ്കടവും ദേഷ്യവും ഒപ്പം തോന്നി.


മര്യാദയ്ക്ക് വസ്ത്രമുടുക്കാതെ , വൃത്തികെട്ട രീതിയില്‍ വീടും പരിസരവും പാലിക്കുന്ന , വൃത്തികെട്ട ഭാഷയില്‍ സംസാരിക്കുന്ന , വിദ്യാഭ്യാസമോ സംസ്കാരമോ തൊട്ടു തീണ്ടിയിട്ടിലാത്ത ഒരു കൂട്ടരായിട്ടാണ് ഞങ്ങളെ ചിത്രീകരിയ്കുന്നത്. നിങ്ങളിവിടെയൊന്നു വന്നു നോക്കൂ. ശരീരം പ്രദര്‍ശിപ്പിക്കുന്ന ഒരമ്മയെയും നിങ്ങള്‍ക്ക് മീഞ്ചന്തയില്‍ കാണാനൊക്കില്ല. "മകാനേ... " ,"കടാപ്പുറം"എന്നൊക്കെ ഞങ്ങളുടെ ചുണ്ടില്‍ തിരുകിവെയ്ക്കുന്ന ഭാഷ തീരെ ചെറിയ ഒരു വിഭാഗം മാത്രം ഉപയോഗിക്കുന്നതാണ് .തികച്ചും പ്രാദേശികമാണത്. ഈ കമ്യൂണിറ്റിയുടെ സംസ്കാരവുമായി ഈ വെള്ളിത്തിര ഭാഷയ്ക്ക് യാതൊരു ബന്ധവുമില്ല.


മത്സ്യമേഖലയുടെ തനതായ കഥയായിരുന്നു "ചെമ്മീന്‍‌". ഞങ്ങളുടെ കമ്യൂണിറ്റിയെ കച്ചവടത്തിനായി വികലമാക്കാത്ത ചിത്രം - അതിലെ സ്ത്രീകളുടെ വേഷവിധാനം ശ്രദ്ധിച്ചിട്ടുണ്ടോ? ആ കഥ എഴുതപ്പെട്ട കാലത്ത് മുക്കുവസമൂഹങ്ങളില്‍ മാത്രമല്ല, കേരളത്തില്‍ അങ്ങോളമിങ്ങോളം സ്ത്രീകള്‍‍ ധരിച്ചിരുന്ന വേഷം. എന്നാല്‍ അന്‍പതു കൊല്ലത്തിനിപ്പുറം വന്ന "ചാന്തുപൊട്ട് "നോക്കൂ.കേരളത്തില്‍‌ മറ്റെല്ലായിറ്റത്തും സ്ത്രീകള്‍ വസ്ത്രധാരണത്തില്‍ കാലാനുസൃതമായി പുരോഗമിച്ചതായി സിനിമകളില്‍ കാണിയ്ക്കുമ്പോള്‍ ചാന്തുപൊട്ടിലെ കടലോരവാസിക്ക് കറുത്തമ്മയഴിച്ചു വെച്ച വസ്ത്രം തന്നെ. ആ കടപ്പുറം സമയത്തിനു പിടികൊടുക്കാതെ ഭൂതകാലത്തിലെവിടെയോ മരവിച്ചു പോയതു പോലെ.
ഇതിനൊരപവാദമായിരുന്നു "അമരം". മാറിക്കൊണ്ടിരിക്കുന്ന ഞങ്ങളുടെ പുതിയ തലമുറയെ ആവിഷ്കരിയ്ക്കാന്‍ ഇതിലൊരു ശ്രമം തന്നെ നടന്നിട്ടുണ്ട്.
"ചാന്തുപൊട്ട്" അടക്കമുള്‍ല മിക്ക കടലോരചിത്രങ്ങളിലും തീം പ്രണയമാണ്. എവിടേയും നടക്കാവുന്ന, എത്രയോ തവണ കണ്ടുമടുത്ത ഈ പ്രണയത്തിനു കടല്‍ ഒരു വ്യത്യസ്തമായ പശ്ചാത്തലം മാത്രമാവുന്നു. എന്നിട്ട് "ചെമ്മീനി'നു ശേഷം കടലോരത്തിന്റെ ജീവിതം വരചു കാണിക്കുന്ന ചിത്രമെന്ന പരസ്യവും. പുതിയ എഴുത്തുകാര്‍‌ പഴയ കഥതന്നെ പുതിയ പുതിയ ബാക്ക്ഗ്രൗണ്ടുകളില്‍‌ പരീക്ഷിക്കുന്നു, അത്രെയേ ഉള്ളൂ. സ്ത്രീയുടെ റോള്‍ കരയുകയോ കരയിപ്പിക്കുകയോമാത്രം.


തിരശ്ശീലയില്‍ കാണുന്നത് സത്യമെന്നു വിശ്വസിക്കുന്ന ഒരു കൂട്ടമെങ്കിലുമില്ലെ നമ്മൂറ്റെ ഇടയില്‍? ആരാണ് അവരുടെ മനസ്സിലെ മത്സ്യത്തൊഴിലാളി? ഇതെല്ലാം കാണുമ്പോള്‍ ഞങ്ങളുടെ കുഞ്ഞുങ്ങളുടെ മുഖം വാടുന്നു. തങ്ങളുടെ അമ്മമാരെ സില്‍ക് സ്മിത അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രതിരൂപങ്ങളായി അവരുടെ കൂട്ടുകാര്‍ കാണുന്നത് കുട്ടികളെ വേദനിപ്പികില്ലേ? ഞങ്ങളുടെ മക്കള്‍ വിദ്യാസമ്പന്നരാണ്. പൊതുധാരയില്‍‌ കാര്യമായ ഇടപെടലുകള്‍‌ നടത്തുന്നവരാണ്. ചെറുപ്പക്കാര്‍‌ കാണുന്ന സ്വപ്നങ്ങള്‍ , അവര്‍‌ സംസാരിക്കുന്ന ഭാഷ എല്ലാം ഇവര്‍‌ക്കുമുണ്ട്. പക്ഷേ ഒരു സമൂഹത്തെ ഇങ്ങനെ സ്റ്റീരിയോറ്റിപിക്കലായി മാത്രമേ കാണിക്കൂ എന്ന് ശാഠ്യം പിടിക്കുന്ന മാദ്ധ്യമങ്ങള്‍ ഞങ്ങളെ പാര്‍ശ്വവല്‍ക്കരിക്കുകയാണ്. മാറുന്ന ലോകത്തിനൊപ്പം സഞ്ചരിക്കുന്ന ഞങ്ങളെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏതോ സിനിമാക്കാരന്റെ ഭാവനയിലുദിച്ച രൂപഭാവങ്ങളുടെ കെട്ടുപാടുകളില്‍ ‌ പൂട്ടിയിടുകയല്ലെ ചെയ്യുന്നത്? കടലിന്റേയും കടലോരപ്പെണ്ണിന്റേയും ചന്തം വില്‍ക്കുക മാത്രമല്ലേ ഇവിടെ അധികവും നടക്കുന്നത്?
വൃത്തിയുള്ള സാരിയുമുടുത്ത് ഞങ്ങള്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടാല്‍‌ നിരാശയും അമര്‍ഷവും ചിലരുടെയെങ്കിലും മുഖത്തു കാണാം. അവര്‍‌ തിരയുന്നത് ഒരു കറുത്തമ്മ'യെയാണെന്നത് വ്യക്തം ആ ഒരു ഇമേജില്‍ നിന്നും ഞങ്ങള്‍ക്ക് മോചനമില്ല.
സ്ഥാപിതം എന്നു തോന്നിയേക്കാവുന്ന ഒരു മിത്തിനെ ചോദ്യം ചെയ്തുകൊണ്ട് 'ചെമ്മീന്‍' അവസാനിക്കുമ്പോള്‍ മറ്റു പല ചിത്രങ്ങളും അന്ധവിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കുന്നവയാണ്. ഞങ്ങളുടെ ഇടയിലുള്ള പല ആചാരങ്ങളും കടലിന്റെ പരിശുദ്ധിയേയും പരിസരസമ്രക്ഷണത്തെയും മുന്നില്‍ കണ്ടുകൊണ്ട് ആചരിക്കുന്നവയാണ്. പക്ഷെ സിനിമകളില്‍ പലപ്പോഴും ഇവ വളച്ചൊടിച്ച് സ്ത്രീകള്‍ക്കെതിരായുള്ള കരുനീക്കമായിത്തന്നെ അവതരിപ്പിക്കപ്പെടുന്നു.പൂന്തുറ കലാപത്തെ ആസ്പദമാക്കി വന്ന ഒരു ചിത്രത്തില്‍ മുഴുവന്‍ തീരദേശവാസികലേയും കലാപകാരികളായി ചിത്രീകരിചിരിക്കുന്നു. സ്നേഹിക്കാന്‍ മാത്രമറിയാവുന്നവരാണ് ഞങ്ങള്‍. പക്ഷേ , നിലനില്പ്പിനെ ഭീഷണിപ്പെടുത്തുന്ന ഒരവസ്ഥ വന്നാല്‍ കയ്യില്‍‌ കിട്ടിയതെടുത്ത് ഞങ്ങള്‍ സ്വയം പ്രതിരോധിക്കും. മത്സ്യത്തൊഴിലാളിക്കാകട്ടെ, കയ്യില്‍ എളുപ്പം തടയുന്നത് പങ്കായം പോലെയുള്ള അവന്റെ ഉപകരണ‍ങ്ങളാണ്. കലാപത്തിനുവേണ്ട വടിവാള്‍ , ഇടിക്കട്ട, ബോംബ് തുടങ്ങിയ ആയുധങ്ങളൊന്നും ഞങ്ങള്‍ കൈവശം വെക്കുകയോ ഉണ്ടാക്കുകയോ ചെയ്യാറില്ല. എന്നാലും ഇതെല്ലാം സുലഭമായി ലഭിക്കുന്ന ആയുധശാലകളാണ് കടപ്പുറം എന്ന ഒരു ഇമേജ് പരക്കെയുണ്ട്.

ഇതിന്റെയൊക്കെ ഇടയ്ക്കും CZM (Coastal Zone Management)പോലെ ഞങ്ങള്‍ നേരിടുന്ന ജീവല്പ്രശ്നങ്ങളെ തുറന്നുകാണിക്കുന്ന ചില ഡോക്യുമെന്ററികള്‍ പുറത്തു വരുന്നുണ്ട്. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍‌ട്ട് പ്രകാരം കടലോരത്തുനിന്നും കിലോമീറ്ററുകളോളം ഉള്ളിലേയ്ക്ക് ഞങ്ങള്‍ കുടിയോഴിപ്പിക്കപ്പെടണം. കടലിന്റെ യഥാര്‍ത്ഥ അവകാശികളായ ഞങ്ങള്‍ക്കു പകരം തുറമുഖകേന്ദ്രീകൃതമായി ബഹുരാഷ്ട്രകുത്തകകള്‍ മത്സ്യബന്ധനം നടത്തും. റ്റൂറിസ്റ്റ് മാഫിയയും മണല്‍‌ മഫിയയും കടലോരം കയ്യേറുമ്പോള്‍ പരമ്പരാഗതമായി കടലിനെ ഉപജീവനോപാധിയഅക്കുന്ന മുക്കുവരെന്ന സമൂഹം തമസ്കരിക്കപ്പെടും. ഞങ്ങളുടെ മത്സ്യബന്ധനം, സംസ്കരണം, വില്‍‌പ്പന, ഉപകരണനിര്‍മ്മാണം എന്നിവയെല്ലാം ഇല്ലാതാവും. വരാന്‍‌ പോകുന്ന ഈ വിപത്തുകളെക്കുറിച്ചെല്ലാം ഞങ്ങളുടെ കൂട്ടരോടും,കൂട്ടുകാരോടും ,അധികാരത്തിലിരിക്കുന്ന വലിയവരോടും മണിക്കൂറുകളോളം തൊണ്ടയിട്ടലച്ച് പറയുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ അതിനേക്കാള്‍ ശക്തമായി ഈ ഡൊക്യുമെന്ററികളിലൂടെ സം‌വദിക്കാനാകുന്നു. ഞാനിത് പറയുമ്പോള്‍ "ഓ , അരയത്തിക്കെന്തു ഡൊക്യുമെന്ററി " എന്നൊരു പരിഹാസം പലയിടത്തുനിന്നും കേള്‍ക്കുന്നു. ആഢംബരമുള്ള തിയെറ്ററുകളില്‍ വര്‍ണ്ണപ്പൊലിമയോടെ വരുന്ന മെലോഡ്രമാറ്റിക് സിനിമകളേക്കാള്‍ ഞങ്ങളെ സത്യസന്ധതയോടേ ആവിഷ്കരിക്കുന്നത് പലപ്പോഴും ഡോക്യുമെന്ററികളാണ്.

Thursday, November 8, 2007

കരിഞ്ഞുമലിഞ്ഞുമാശു മണ്ണാകുമീ മലരു വിസ്മൃതയാകുമിപ്പോള്‍ - കണ്ണേ മടങ്ങുക

ദീപാവലി മേളങ്ങള്‍ക്കിടയില്‍, ഓരോ പടക്കവും ആകാശത്ത് തിളക്കത്തോടെ, മേളത്തോടെ പൊട്ടുന്നത് കണ്ട് ആസ്വദിക്കുമ്പോഴും ഒരു നിമിഷം ഒന്ന് , ഒന്ന് ചെറുതായി മനസ്സിന്റെ ഒരു കുഞ്ഞ്കോണില്‍ ഒരു കുഞ്ഞുചിന്ത കരുതിവെക്കാമോ, കറുപ്പുസ്വാമിയേയും, ചിത്രയെയും മുനീശ്വരിയേയും പൊലെ ശിവകാശി ജില്ലയിലെ പടക്ക-തീപ്പെട്ടി കമ്പനികളില്‍ പണിയെടുക്കുന്ന കുട്ടികള്‍ക്കായി ?

നേരത്തെ പറഞ്ഞ മൂന്നു കുട്ടികളാണ് 'Tragedy Buriedin Happiness' എന്ന 25 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയിലെ പ്രധാന കഥാപാത്രങ്ങള്‍. "മനിതം" എന്ന, കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന, എന്‍ ജീ ഓ യുടേയും, ദേശീയ മനുഷ്യാവകാശ കോണ്‍ഫിഡറേഷന്റേയും, ആംനെസ്റ്റി ഇന്റര്‍നാഷനലിന്റേയും സഹായത്തോടെ തെഗു ബ്രോഡ്കാസ്റ്റിംഗ് കോറ്പ്പറേഷന്‍ എന്ന തെക്കന്‍ കൊറിയന്‍ സംഘം എടുത്തതാണ്‍ ഈ ചിത്രം.

മദിരാശി നഗരത്തില്‍ നിന്നും 650 കിലോമീറ്റര്‍ തെക്കു മാറിയുള്ള തന്റെ ഗ്രാമത്തിലെ സ്കൂളിലെ ഒന്നാം റാങ്കു കാരിയായിരുന്നു ചിത്ര. എട്ടാം വയസ്സില്‍ പടക്കകമ്പനിയിലെ ജോലിക്കിടയില്‍ മേലാസകലം പൊള്ളിയ ഈ കുഞ്ഞ് കഴിഞ്ഞ നാലു കൊല്ലമായി തന്റെ കൊച്ചു വീട്ടിലെ കുടുസ്സുമുറി വിട്ട് പുറം ലോകത്തേയ്ക്ക് ഇറങ്ങിയിട്ടില്ല. നാഷനല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ പ്രവര്‍ത്തകരടക്കം ആരും അവളെ തിരിഞ്ഞു നോക്കാറുമില്ല. പാതി വെന്ത ശരീരവും മുഖവുംഒരു ചാരപ്പുതപ്പു കൊണ്ട് മറ്റുള്ളവരില്‍ നിന്നും മറയ്ക്കാന്‍ ശ്രമിക്കുന്ന ഈ കുഞ്ഞ് പക്ഷെ അവള്‍ നാവു കൊണ്ടു പറയാത്തതെല്ലാം തന്റെ കണ്ണുകളുടെ വാചാലമായ ഭാഷയില്‍ ക്യാമറയോട് പറയുന്നു.

പടക്കനിര്‍മ്മാണ ശാലയിലെ ഏതു യൂണിറ്റില്‍‌ വെച്ചാണ് തന്റെ കുഞ്ഞിന്‌ അപകടം പിണഞ്ഞതെന്നോ, ചികില്‍സയ്ക്കും മറ്റുമായി അവള്‍ക്ക് അവിടെ നിന്നും എത്ര പണം ലഭിച്ചു എന്നോ പറയാന്‍ ചിത്രയുടെ അമ്മ കൂട്ടക്കുന്നില്ല.മകളുടെ പ്ലാസ്റ്റിക് സര്‍ജറിയ്ക്ക് രണ്ട് ല‍ക്ഷത്തോളമെങ്കിലും ചിലവു വരുമെന്നും, അവളെ സഹായിക്കാന്‍ ആരും തന്നെയില്ലെന്നും വിലപിക്കുക മാത്രമാണ്‍ അവര്‍‌ ചെയ്യുന്നത്.

പതിനാലു വയസ്സുകാരന്‍ കറുപ്പുസാമിയെ നമ്മള്‍ കാണുമ്പോള്‍ ഒരു ഇടവഴിയില്‍ തന്റെ സഹോദരങ്ങളോടൊപ്പം ഇരുന്ന് പടക്കത്തിനുള്‍ലിലേയ്ക്ക് വെടിമരുന്ന് നിറയ്ക്കുകയാണവന്‍. കൈകളും മുഖവുമൊക്കെ ചുക്കിച്ചുളിഞ്ഞ് വികൃതമായിരിക്കുന്നു. വേദനയുണ്ടോ എന്ന ചൊദ്യത്തിന് "ഇല്ല" എന്ന യാന്ത്രികമായ ഉത്തരം.

മുനീശ്വരിയുടെ കൈകളിലെ മഞ്ഞ നിറം മൈലാഞ്ചിയുടേതല്ല. " ഈ വ്യവസായത്തിനു വേണ്ടി പണിയെടുക്കുന്ന ഓരോ കൈകളേയും മഞ്ഞയാക്കുന്ന സയനൈഡ് - അതാണ് മുനീശ്വരിയുടെ തൊഴില്‍സംഘത്തിലെ കുട്ടികള്‍ കൈകാര്യം ചെയ്യുന്ന പശയിലെ ഒരു പ്രധാന ചേരുവ"-മനിതം എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്റ്ററായ ജീ. സുബ്രഹ്മണ്യന്‍ പറയുന്നു.
പന്ത്രണ്ടുകാരിയായ മുനീശ്വരി ക്യാമറയോടു പറയുന്നു- ദിവസത്തില്‍ എട്ടു മുതല്‍‌ 12 മണിക്കൂര്‍ വരെ പണിയെടുത്താല്‍ അവള്‍ക്ക് ഒരാഴ്ചയില്‍ കിട്ടുന്ന നൂറു രൂപ സഹൊദരങ്ങളുടെ വയറു നിറയ്ക്കാനുള്ള മാതാപിതാക്കളുടെ ബുദ്ധിമുട്ടില്‍ ഒരാശ്വാസമാണ്‌ എന്ന്. ശിവകാശിയിലെ പടക്ക നിര്‍മ്മാണ കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള കൊച്ചുകൊച്ചു ഇടവഴികളില്‍ ഏതാണ്ട് നാല്പ്പതിനായിരത്തോളം കുഞ്ഞുങ്ങള്‍ പണിയെടുക്കുന്നുണ്ട് എന്നാണ് "മനിതം" പ്രവര്‍ത്തകരുടെ കണക്കു കൂട്ടല്‍.

ഈയിടെ കിട്ടിയ ഒരു വിവരം (ചില കാര്യങ്ങളില്‍ നമ്മള്‍ വിവരദോഷികളായിരിക്കുന്നതാണ് നല്ലത് എന്നു പോലും തോന്നിപ്പിക്കുന്ന ചില വെളിപാടുകളുണ്ട്. ഇത് അവയിലൊന്ന്). ശിവകാശി തെരുവുകളില്‍ പടക്കത്തിളക്കങ്ങള്‍ക്കിടയില്‍ കുരുങ്ങി കരിഞ്ഞു പോയ ബാല്യങ്ങളെപ്പറ്റി ഒരു കൊറിയന്‍ സംഘം എടുത്ത ഒരു സിനിമയെപ്പറ്റിയുള്ള വിവരണം (ഇന്ത്യയിലുള്‍ല ഒരു എന്‍ ജീ ഓ യോ, സിനിമാക്കാരനോ ഈ പടമെടുക്കാന്‍ തയ്യാറായി മുന്നോട്ടു വന്നില്ല എന്ന് "മനിതം" പ്രവര്‍ത്തകര്‍)

സാരമില്ല. ഒന്നും കാര്യമാക്കണ്ട. ഹാപ്പി ദീവാളി.

(ഈ പോസ്റ്റ് പബ്ലീഷ് ചെയ്യുമ്പോള്‍ ആ ചിത്രയുടെ കരിഞ്ഞജീവിതത്തിന്റെ ചിത്രം ഇവിടെ ഉണ്ടായിരുന്നു. ശിവകാശിയിലെ ഈ പൊള്ളുന്ന ജീവിതങ്ങള്‍ ഒരു കെട്ടുകഥയല്ല എന്ന് തുറന്നുകാണിക്കാനായിരുന്നു അങ്ങനെ ചെയ്തത്. പക്ഷെ ആദ്യ കമന്റു തന്നെആ ചിത്രം മാറ്റാന്‍ ഉള്ള അഭിപ്രായമായതുകൊണ്ട്, ചിത്രം മാറ്റുന്നു. അതു കാണാന്‍ മനക്കട്ടിയുള്ളവര്‍ക്ക് ഇവിടെ പോയാല്‍ കാണാം)


ഈ സിനിമയെക്കുറിച്ചുള്‍ല കൂടുതല്‍ വിവരങ്ങള്‍ക്ക് ;

http://www.manitham.net/
http://www.youtube.com/watch?v=zt6YLUnWCsc