Thursday, November 8, 2007

കരിഞ്ഞുമലിഞ്ഞുമാശു മണ്ണാകുമീ മലരു വിസ്മൃതയാകുമിപ്പോള്‍ - കണ്ണേ മടങ്ങുക

ദീപാവലി മേളങ്ങള്‍ക്കിടയില്‍, ഓരോ പടക്കവും ആകാശത്ത് തിളക്കത്തോടെ, മേളത്തോടെ പൊട്ടുന്നത് കണ്ട് ആസ്വദിക്കുമ്പോഴും ഒരു നിമിഷം ഒന്ന് , ഒന്ന് ചെറുതായി മനസ്സിന്റെ ഒരു കുഞ്ഞ്കോണില്‍ ഒരു കുഞ്ഞുചിന്ത കരുതിവെക്കാമോ, കറുപ്പുസ്വാമിയേയും, ചിത്രയെയും മുനീശ്വരിയേയും പൊലെ ശിവകാശി ജില്ലയിലെ പടക്ക-തീപ്പെട്ടി കമ്പനികളില്‍ പണിയെടുക്കുന്ന കുട്ടികള്‍ക്കായി ?

നേരത്തെ പറഞ്ഞ മൂന്നു കുട്ടികളാണ് 'Tragedy Buriedin Happiness' എന്ന 25 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയിലെ പ്രധാന കഥാപാത്രങ്ങള്‍. "മനിതം" എന്ന, കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന, എന്‍ ജീ ഓ യുടേയും, ദേശീയ മനുഷ്യാവകാശ കോണ്‍ഫിഡറേഷന്റേയും, ആംനെസ്റ്റി ഇന്റര്‍നാഷനലിന്റേയും സഹായത്തോടെ തെഗു ബ്രോഡ്കാസ്റ്റിംഗ് കോറ്പ്പറേഷന്‍ എന്ന തെക്കന്‍ കൊറിയന്‍ സംഘം എടുത്തതാണ്‍ ഈ ചിത്രം.

മദിരാശി നഗരത്തില്‍ നിന്നും 650 കിലോമീറ്റര്‍ തെക്കു മാറിയുള്ള തന്റെ ഗ്രാമത്തിലെ സ്കൂളിലെ ഒന്നാം റാങ്കു കാരിയായിരുന്നു ചിത്ര. എട്ടാം വയസ്സില്‍ പടക്കകമ്പനിയിലെ ജോലിക്കിടയില്‍ മേലാസകലം പൊള്ളിയ ഈ കുഞ്ഞ് കഴിഞ്ഞ നാലു കൊല്ലമായി തന്റെ കൊച്ചു വീട്ടിലെ കുടുസ്സുമുറി വിട്ട് പുറം ലോകത്തേയ്ക്ക് ഇറങ്ങിയിട്ടില്ല. നാഷനല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ പ്രവര്‍ത്തകരടക്കം ആരും അവളെ തിരിഞ്ഞു നോക്കാറുമില്ല. പാതി വെന്ത ശരീരവും മുഖവുംഒരു ചാരപ്പുതപ്പു കൊണ്ട് മറ്റുള്ളവരില്‍ നിന്നും മറയ്ക്കാന്‍ ശ്രമിക്കുന്ന ഈ കുഞ്ഞ് പക്ഷെ അവള്‍ നാവു കൊണ്ടു പറയാത്തതെല്ലാം തന്റെ കണ്ണുകളുടെ വാചാലമായ ഭാഷയില്‍ ക്യാമറയോട് പറയുന്നു.

പടക്കനിര്‍മ്മാണ ശാലയിലെ ഏതു യൂണിറ്റില്‍‌ വെച്ചാണ് തന്റെ കുഞ്ഞിന്‌ അപകടം പിണഞ്ഞതെന്നോ, ചികില്‍സയ്ക്കും മറ്റുമായി അവള്‍ക്ക് അവിടെ നിന്നും എത്ര പണം ലഭിച്ചു എന്നോ പറയാന്‍ ചിത്രയുടെ അമ്മ കൂട്ടക്കുന്നില്ല.മകളുടെ പ്ലാസ്റ്റിക് സര്‍ജറിയ്ക്ക് രണ്ട് ല‍ക്ഷത്തോളമെങ്കിലും ചിലവു വരുമെന്നും, അവളെ സഹായിക്കാന്‍ ആരും തന്നെയില്ലെന്നും വിലപിക്കുക മാത്രമാണ്‍ അവര്‍‌ ചെയ്യുന്നത്.

പതിനാലു വയസ്സുകാരന്‍ കറുപ്പുസാമിയെ നമ്മള്‍ കാണുമ്പോള്‍ ഒരു ഇടവഴിയില്‍ തന്റെ സഹോദരങ്ങളോടൊപ്പം ഇരുന്ന് പടക്കത്തിനുള്‍ലിലേയ്ക്ക് വെടിമരുന്ന് നിറയ്ക്കുകയാണവന്‍. കൈകളും മുഖവുമൊക്കെ ചുക്കിച്ചുളിഞ്ഞ് വികൃതമായിരിക്കുന്നു. വേദനയുണ്ടോ എന്ന ചൊദ്യത്തിന് "ഇല്ല" എന്ന യാന്ത്രികമായ ഉത്തരം.

മുനീശ്വരിയുടെ കൈകളിലെ മഞ്ഞ നിറം മൈലാഞ്ചിയുടേതല്ല. " ഈ വ്യവസായത്തിനു വേണ്ടി പണിയെടുക്കുന്ന ഓരോ കൈകളേയും മഞ്ഞയാക്കുന്ന സയനൈഡ് - അതാണ് മുനീശ്വരിയുടെ തൊഴില്‍സംഘത്തിലെ കുട്ടികള്‍ കൈകാര്യം ചെയ്യുന്ന പശയിലെ ഒരു പ്രധാന ചേരുവ"-മനിതം എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്റ്ററായ ജീ. സുബ്രഹ്മണ്യന്‍ പറയുന്നു.
പന്ത്രണ്ടുകാരിയായ മുനീശ്വരി ക്യാമറയോടു പറയുന്നു- ദിവസത്തില്‍ എട്ടു മുതല്‍‌ 12 മണിക്കൂര്‍ വരെ പണിയെടുത്താല്‍ അവള്‍ക്ക് ഒരാഴ്ചയില്‍ കിട്ടുന്ന നൂറു രൂപ സഹൊദരങ്ങളുടെ വയറു നിറയ്ക്കാനുള്ള മാതാപിതാക്കളുടെ ബുദ്ധിമുട്ടില്‍ ഒരാശ്വാസമാണ്‌ എന്ന്. ശിവകാശിയിലെ പടക്ക നിര്‍മ്മാണ കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള കൊച്ചുകൊച്ചു ഇടവഴികളില്‍ ഏതാണ്ട് നാല്പ്പതിനായിരത്തോളം കുഞ്ഞുങ്ങള്‍ പണിയെടുക്കുന്നുണ്ട് എന്നാണ് "മനിതം" പ്രവര്‍ത്തകരുടെ കണക്കു കൂട്ടല്‍.

ഈയിടെ കിട്ടിയ ഒരു വിവരം (ചില കാര്യങ്ങളില്‍ നമ്മള്‍ വിവരദോഷികളായിരിക്കുന്നതാണ് നല്ലത് എന്നു പോലും തോന്നിപ്പിക്കുന്ന ചില വെളിപാടുകളുണ്ട്. ഇത് അവയിലൊന്ന്). ശിവകാശി തെരുവുകളില്‍ പടക്കത്തിളക്കങ്ങള്‍ക്കിടയില്‍ കുരുങ്ങി കരിഞ്ഞു പോയ ബാല്യങ്ങളെപ്പറ്റി ഒരു കൊറിയന്‍ സംഘം എടുത്ത ഒരു സിനിമയെപ്പറ്റിയുള്ള വിവരണം (ഇന്ത്യയിലുള്‍ല ഒരു എന്‍ ജീ ഓ യോ, സിനിമാക്കാരനോ ഈ പടമെടുക്കാന്‍ തയ്യാറായി മുന്നോട്ടു വന്നില്ല എന്ന് "മനിതം" പ്രവര്‍ത്തകര്‍)

സാരമില്ല. ഒന്നും കാര്യമാക്കണ്ട. ഹാപ്പി ദീവാളി.

(ഈ പോസ്റ്റ് പബ്ലീഷ് ചെയ്യുമ്പോള്‍ ആ ചിത്രയുടെ കരിഞ്ഞജീവിതത്തിന്റെ ചിത്രം ഇവിടെ ഉണ്ടായിരുന്നു. ശിവകാശിയിലെ ഈ പൊള്ളുന്ന ജീവിതങ്ങള്‍ ഒരു കെട്ടുകഥയല്ല എന്ന് തുറന്നുകാണിക്കാനായിരുന്നു അങ്ങനെ ചെയ്തത്. പക്ഷെ ആദ്യ കമന്റു തന്നെആ ചിത്രം മാറ്റാന്‍ ഉള്ള അഭിപ്രായമായതുകൊണ്ട്, ചിത്രം മാറ്റുന്നു. അതു കാണാന്‍ മനക്കട്ടിയുള്ളവര്‍ക്ക് ഇവിടെ പോയാല്‍ കാണാം)


ഈ സിനിമയെക്കുറിച്ചുള്‍ല കൂടുതല്‍ വിവരങ്ങള്‍ക്ക് ;

http://www.manitham.net/
http://www.youtube.com/watch?v=zt6YLUnWCsc