Thursday, November 8, 2007

കരിഞ്ഞുമലിഞ്ഞുമാശു മണ്ണാകുമീ മലരു വിസ്മൃതയാകുമിപ്പോള്‍ - കണ്ണേ മടങ്ങുക

ദീപാവലി മേളങ്ങള്‍ക്കിടയില്‍, ഓരോ പടക്കവും ആകാശത്ത് തിളക്കത്തോടെ, മേളത്തോടെ പൊട്ടുന്നത് കണ്ട് ആസ്വദിക്കുമ്പോഴും ഒരു നിമിഷം ഒന്ന് , ഒന്ന് ചെറുതായി മനസ്സിന്റെ ഒരു കുഞ്ഞ്കോണില്‍ ഒരു കുഞ്ഞുചിന്ത കരുതിവെക്കാമോ, കറുപ്പുസ്വാമിയേയും, ചിത്രയെയും മുനീശ്വരിയേയും പൊലെ ശിവകാശി ജില്ലയിലെ പടക്ക-തീപ്പെട്ടി കമ്പനികളില്‍ പണിയെടുക്കുന്ന കുട്ടികള്‍ക്കായി ?

നേരത്തെ പറഞ്ഞ മൂന്നു കുട്ടികളാണ് 'Tragedy Buriedin Happiness' എന്ന 25 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയിലെ പ്രധാന കഥാപാത്രങ്ങള്‍. "മനിതം" എന്ന, കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന, എന്‍ ജീ ഓ യുടേയും, ദേശീയ മനുഷ്യാവകാശ കോണ്‍ഫിഡറേഷന്റേയും, ആംനെസ്റ്റി ഇന്റര്‍നാഷനലിന്റേയും സഹായത്തോടെ തെഗു ബ്രോഡ്കാസ്റ്റിംഗ് കോറ്പ്പറേഷന്‍ എന്ന തെക്കന്‍ കൊറിയന്‍ സംഘം എടുത്തതാണ്‍ ഈ ചിത്രം.

മദിരാശി നഗരത്തില്‍ നിന്നും 650 കിലോമീറ്റര്‍ തെക്കു മാറിയുള്ള തന്റെ ഗ്രാമത്തിലെ സ്കൂളിലെ ഒന്നാം റാങ്കു കാരിയായിരുന്നു ചിത്ര. എട്ടാം വയസ്സില്‍ പടക്കകമ്പനിയിലെ ജോലിക്കിടയില്‍ മേലാസകലം പൊള്ളിയ ഈ കുഞ്ഞ് കഴിഞ്ഞ നാലു കൊല്ലമായി തന്റെ കൊച്ചു വീട്ടിലെ കുടുസ്സുമുറി വിട്ട് പുറം ലോകത്തേയ്ക്ക് ഇറങ്ങിയിട്ടില്ല. നാഷനല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ പ്രവര്‍ത്തകരടക്കം ആരും അവളെ തിരിഞ്ഞു നോക്കാറുമില്ല. പാതി വെന്ത ശരീരവും മുഖവുംഒരു ചാരപ്പുതപ്പു കൊണ്ട് മറ്റുള്ളവരില്‍ നിന്നും മറയ്ക്കാന്‍ ശ്രമിക്കുന്ന ഈ കുഞ്ഞ് പക്ഷെ അവള്‍ നാവു കൊണ്ടു പറയാത്തതെല്ലാം തന്റെ കണ്ണുകളുടെ വാചാലമായ ഭാഷയില്‍ ക്യാമറയോട് പറയുന്നു.

പടക്കനിര്‍മ്മാണ ശാലയിലെ ഏതു യൂണിറ്റില്‍‌ വെച്ചാണ് തന്റെ കുഞ്ഞിന്‌ അപകടം പിണഞ്ഞതെന്നോ, ചികില്‍സയ്ക്കും മറ്റുമായി അവള്‍ക്ക് അവിടെ നിന്നും എത്ര പണം ലഭിച്ചു എന്നോ പറയാന്‍ ചിത്രയുടെ അമ്മ കൂട്ടക്കുന്നില്ല.മകളുടെ പ്ലാസ്റ്റിക് സര്‍ജറിയ്ക്ക് രണ്ട് ല‍ക്ഷത്തോളമെങ്കിലും ചിലവു വരുമെന്നും, അവളെ സഹായിക്കാന്‍ ആരും തന്നെയില്ലെന്നും വിലപിക്കുക മാത്രമാണ്‍ അവര്‍‌ ചെയ്യുന്നത്.

പതിനാലു വയസ്സുകാരന്‍ കറുപ്പുസാമിയെ നമ്മള്‍ കാണുമ്പോള്‍ ഒരു ഇടവഴിയില്‍ തന്റെ സഹോദരങ്ങളോടൊപ്പം ഇരുന്ന് പടക്കത്തിനുള്‍ലിലേയ്ക്ക് വെടിമരുന്ന് നിറയ്ക്കുകയാണവന്‍. കൈകളും മുഖവുമൊക്കെ ചുക്കിച്ചുളിഞ്ഞ് വികൃതമായിരിക്കുന്നു. വേദനയുണ്ടോ എന്ന ചൊദ്യത്തിന് "ഇല്ല" എന്ന യാന്ത്രികമായ ഉത്തരം.

മുനീശ്വരിയുടെ കൈകളിലെ മഞ്ഞ നിറം മൈലാഞ്ചിയുടേതല്ല. " ഈ വ്യവസായത്തിനു വേണ്ടി പണിയെടുക്കുന്ന ഓരോ കൈകളേയും മഞ്ഞയാക്കുന്ന സയനൈഡ് - അതാണ് മുനീശ്വരിയുടെ തൊഴില്‍സംഘത്തിലെ കുട്ടികള്‍ കൈകാര്യം ചെയ്യുന്ന പശയിലെ ഒരു പ്രധാന ചേരുവ"-മനിതം എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്റ്ററായ ജീ. സുബ്രഹ്മണ്യന്‍ പറയുന്നു.
പന്ത്രണ്ടുകാരിയായ മുനീശ്വരി ക്യാമറയോടു പറയുന്നു- ദിവസത്തില്‍ എട്ടു മുതല്‍‌ 12 മണിക്കൂര്‍ വരെ പണിയെടുത്താല്‍ അവള്‍ക്ക് ഒരാഴ്ചയില്‍ കിട്ടുന്ന നൂറു രൂപ സഹൊദരങ്ങളുടെ വയറു നിറയ്ക്കാനുള്ള മാതാപിതാക്കളുടെ ബുദ്ധിമുട്ടില്‍ ഒരാശ്വാസമാണ്‌ എന്ന്. ശിവകാശിയിലെ പടക്ക നിര്‍മ്മാണ കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള കൊച്ചുകൊച്ചു ഇടവഴികളില്‍ ഏതാണ്ട് നാല്പ്പതിനായിരത്തോളം കുഞ്ഞുങ്ങള്‍ പണിയെടുക്കുന്നുണ്ട് എന്നാണ് "മനിതം" പ്രവര്‍ത്തകരുടെ കണക്കു കൂട്ടല്‍.

ഈയിടെ കിട്ടിയ ഒരു വിവരം (ചില കാര്യങ്ങളില്‍ നമ്മള്‍ വിവരദോഷികളായിരിക്കുന്നതാണ് നല്ലത് എന്നു പോലും തോന്നിപ്പിക്കുന്ന ചില വെളിപാടുകളുണ്ട്. ഇത് അവയിലൊന്ന്). ശിവകാശി തെരുവുകളില്‍ പടക്കത്തിളക്കങ്ങള്‍ക്കിടയില്‍ കുരുങ്ങി കരിഞ്ഞു പോയ ബാല്യങ്ങളെപ്പറ്റി ഒരു കൊറിയന്‍ സംഘം എടുത്ത ഒരു സിനിമയെപ്പറ്റിയുള്ള വിവരണം (ഇന്ത്യയിലുള്‍ല ഒരു എന്‍ ജീ ഓ യോ, സിനിമാക്കാരനോ ഈ പടമെടുക്കാന്‍ തയ്യാറായി മുന്നോട്ടു വന്നില്ല എന്ന് "മനിതം" പ്രവര്‍ത്തകര്‍)

സാരമില്ല. ഒന്നും കാര്യമാക്കണ്ട. ഹാപ്പി ദീവാളി.

(ഈ പോസ്റ്റ് പബ്ലീഷ് ചെയ്യുമ്പോള്‍ ആ ചിത്രയുടെ കരിഞ്ഞജീവിതത്തിന്റെ ചിത്രം ഇവിടെ ഉണ്ടായിരുന്നു. ശിവകാശിയിലെ ഈ പൊള്ളുന്ന ജീവിതങ്ങള്‍ ഒരു കെട്ടുകഥയല്ല എന്ന് തുറന്നുകാണിക്കാനായിരുന്നു അങ്ങനെ ചെയ്തത്. പക്ഷെ ആദ്യ കമന്റു തന്നെആ ചിത്രം മാറ്റാന്‍ ഉള്ള അഭിപ്രായമായതുകൊണ്ട്, ചിത്രം മാറ്റുന്നു. അതു കാണാന്‍ മനക്കട്ടിയുള്ളവര്‍ക്ക് ഇവിടെ പോയാല്‍ കാണാം)


ഈ സിനിമയെക്കുറിച്ചുള്‍ല കൂടുതല്‍ വിവരങ്ങള്‍ക്ക് ;

http://www.manitham.net/
http://www.youtube.com/watch?v=zt6YLUnWCsc

44 comments:

അചിന്ത്യ said...

ഈയിടെ കിട്ടിയ ഒരു വിവരം (ചില കാര്യങ്ങളില്‍ നമ്മള്‍ വിവരദൊഷികളായിരിക്കുന്നതാണ് നല്ലത് എന്നു പോലും തോന്നിപ്പിക്കുന്ന ചില വെളീപാടുകളൂണ്ട്. ഇത് അവയിലൊന്ന്).ശിവകാശി തെരുവുകളില്‍ പടക്കത്തിളക്കങ്ങള്‍ക്കിടയില്‍ കുരുങ്ങി കരിഞ്ഞു പോയ ബാല്യങ്ങളെപ്പറ്റി ഒരു കൊറിയന്‍ സംഘം എടുത്ത ഒരു സിനിമയെപ്പറ്റിയുള്ള വിവരണം

lost world said...

ആ ചിത്രം ഒന്ന് ഒഴിവാക്കുമോ...?

Satheesh said...

ഉമേച്ചീ,
വേറിട്ടൊരു ദീപാവലി ചിന്ത..എന്നത്തേയും പോലെ ചിന്തോദീപ്തം.
കഴിഞ്ഞ ഒരു ആഴ്ചയായി വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം പി സായിനാഥിന്റെ ‘Everybody loves a good draught' ആണ്‍. അതൊക്കെ വായിക്കുമ്പഴാണ്‍ തിളങ്ങുന്ന ഇന്ത്യയുടെ ഇടയില്‍ കരിഞ്ഞുണങ്ങി നില്‍ക്കുന്ന യഥാര്‍ത്ഥ ജനതയെ നമുക്ക് കാണാനാവുന്നത്.
“അടുത്ത് നില്പോരനുജനെ കാണ്മാന്‍ കണ്ണുകളില്ലാത്തോര്‍ക്ക-രൂപനീശ്വരനദൃശ്യനായാല്‍ അതിലെന്താശ്ചര്യം” എന്ന കവിവാക്യത്തിലെ സാംഗത്യം മനസ്സിലായിട്ടും മനസ്സിലാവാത്തതുപോലെ നടിക്കുകായാണ്‍ നാം. ‘എന്തോ ആവട്ട്, വൈകുന്നേരം ഗണാപതില്‍കോവിലിലെ സ്പെഷല്‍ പൂജ എന്റെ വകയാ..വരണം കേട്ടാ സ്റ്റൈല്‍!‘
PS: സത്യം പറഞ്ഞാ‍ല്‍, ആ പറഞ്ഞ ഫോട്ടോ കാണാന്‍ മാത്രമുള്ള മനക്കട്ടിയില്ല.

അചിന്ത്യ said...

ഈ പോസ്റ്റ് പബ്ലീഷ് ചെയ്യുമ്പോള്‍ ആ ചിത്രയുടെ കരിഞ്ഞജീവിതത്തിന്റെ ചിത്രം ഇവിടെ ഉണ്ടായിരുന്നു. ശിവകാശിയിലെ ഈ പൊള്ളുന്ന ജീവിതങ്ങള്‍ ഒരു കെട്ടുകഥയല്ല എന്ന് തുറന്നുകാണിക്കാനായിരുന്നു അങ്ങനെ ചെയ്തത്. പക്ഷെ ആദ്യ കമന്റു തന്നെആ ചിത്രം മാറ്റാന്‍ ഉള്ള അഭിപ്രായമായതുകൊണ്ട്, ചിത്രം മാറ്റുന്നു. അതു കാണാന്‍ മനക്കട്ടിയുള്ളവര്‍ക്ക് കാണാന്‍ ലിങ്ക് കൊടുത്തിട്ടുണ്ട്

വല്യമ്മായി said...

ഏത് ആഘോഷതിമിര്‍‌പ്പുകള്‍ക്കിടയിലും ഇങ്ങനെ ചില വീണ്ടു വിചാരങ്ങള്‍ വേണ്ടതു തന്നെ.

അഭയാര്‍ത്ഥി said...

Nice to see you are writing.
Even more nicer to see the fineness of words.
But it is painfull and disastrous to read the content.
I am a sinner for my silence though I am washing my stains and absolving by supporting your campaign.

Kumar Neelakandan © (Kumar NM) said...

ദീപാവലിനാളിലെ ഈ പിന്‍‌തിരിപ്പന്‍ ചിന്തയില്‍ ചുറ്റി വലഞ്ഞു പൊങ്ങുന്ന മണം വെടിമരുന്നില്‍ മനുഷ്യമാസം കരിഞ്ഞ മണമാണ്. ആ ചിത്രം കണ്ടപ്പോള്‍ ആ മണം തലച്ചോറിനെ മത്തുപിടിപ്പുക്കുന്നു.
മതി. വേറൊന്നും പറയാനില്ല.

ഉറുമ്പ്‌ /ANT said...

നന്നായി അചിന്ത്യാമ്മേ

അനംഗാരി said...

പ്രിയ ഉമേച്ചി,
ചിന്ത പതിവുപോലെ തീ പിടിപ്പിക്കുന്നതും,മനസ്സിനെ നോവിപ്പിക്കുന്നതുമാണ്.
ഇനിയെത്ര കുരുന്നുകള്‍ ഇങ്ങനെ വാടിക്കരിഞ്ഞ് ജീവിതത്തിന്റെ വേലിക്കെട്ടിനു വെളിയിലേക്ക് വലിച്ചെറിയാന്‍ വിധിക്ക് കാത്തു നില്‍ക്കുന്നു.
ഓ:ടോ:ഇന്ത്യന്‍ ജനാധിപത്യം നമുക്കൊരു ശാപമാണ്.ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം നമുക്ക് നല്‍കിയ, വലിച്ചെറിയപ്പെടേണ്ടതും തമസ്കരിക്കപ്പെടേണ്ടതുമായ ഒരു ഉല്‍പ്പന്നം.

എതിരന്‍ കതിരവന്‍ said...

ശിവകാശിയില്‍ നിന്നുള്ള ‘കലന്‍ഡര്‍ ചിത്രം’ കണ്ടു.

ഇതു തന്നെ നമ്മുടെ ദീപാവലി. ഇതു തന്നെ നമ്മുടെ ആഘോഷം.

നവംബര്‍ 14 Childrens' Day ആണ്. ഡെല്‍ഹിയിലെ വല്യവീട്ടിലെ പിള്ളേര്‍ക്ക് റോസാപ്പൂ കൊടുത്ത് ആഘോഷിക്കേണ്ടെ?

ഞാന്‍ പോട്ടെ. ആണവക്കരാര്‍ ഒപ്പിടണൊ വേണ്ടയൊ എന്ന് ആ കുട്ടിയോട് ചൊദിക്കട്ടെ.

asdfasdf asfdasdf said...

ദീപാവലി നാളിലെ ഈ മത്താപ്പ് വായന കഴിഞ്ഞിട്ടും പുകഞ്ഞുകൊണ്ടേയിരിക്കുന്നു.

Murali K Menon said...

ഓരോ ആഘോഷങ്ങളുടെ പുറകിലും ഇങ്ങനെ എത്രയെത്ര ദുരന്ത ജീവിതങ്ങള്‍...
മനസ്സിലേക്ക് തട്ടുന്ന കാര്യങ്ങള്‍ നന്നായ് അവതരിപ്പിച്ചിരിക്കുന്നു.

അചിന്ത്യ said...

പ്രിയ വെയില്‍‌,
ചിത്രം ഒഴിവാക്കി.നമുക്കു വേണ്ടാ. കാണാതിരിക്കാം.കണ്ടാലും ഉടനെത്തന്നെ മുഖം തിരിക്കാം.അതിട്ടപ്പോ ആദ്യം എനിക്കും വേണോ വേണ്ട്യോ ന്നൊരു സംശയണ്ടാര്‍ന്നു.എനിക്ക് വേണ്ടി ഈ തീരുമാനം എടുത്തു തന്നതിനു നന്ദി.

സതീഷ് , നമ്മടെ കുട്ട്യോള്‍ പടക്കം പൊട്ടിച്ച് ചിരിക്കാന്‍വേണ്ടി കരിഞ്ഞു പോണ കുഞ്ഞുജന്മങ്ങള്‍.വെഷമിക്കാന്‍ പോലുമുള്ള അര്‍ഹത നമ്മക്കില്ല്യാല്ലെ.
വല്ല്യമ്മായിക്കുട്ട്യേ ,ഇതിനെ വീണ്ടുവിചാരം ന്നൊന്നും പറയല്ലെ.തലയ്ക്ക് കിട്ടണ ഓരോ അടികള്‍ പങ്ക് വെക്കുണൂ. അത്ര്യേള്ളൂ.

അഭയാര്‍ത്ഥി? ച്ചാല്‍ ഗന്ധര്വ്വന്‍? ഓരോ പോസ്റ്റിനും സ്നേഹോം പ്രോത്സാഹനോം തരണേനും, അതിന്റിടയിക്കൂടെ നമ്മട്യൊക്കേം ഹിപ്പോക്രസി പൊളിച്ച് കാട്ടണേനും നന്ദി.ശര്യാ പറഞ്ഞെ. ഈശ്വരാ എന്താ പ്പൊ ചെയ്യാന്നുള്ള ആലോചന വന്ന ഉടനെ എന്ത് ചെയ്യാന്‍, ഒന്നും രണ്ട്വല്ല. നാല്പ്പതിനായിരം കുട്ട്യോളാ. ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല്യാ ന്നുള്ള രക്ഷപ്പെടല്‍ എത്ര സ്വാഭാവികായിട്ടാന്നോ മനസ്സില്‍ വന്നെ.നമ്മക്ക് വ്യവസ്ഥിതീനെ കുറ്റം പറഞ്ഞ് കയ്യൊഴിയാം.മനിതത്തിന്റെ സുബ്രഹ്മണ്യം സാര്‍ പറഞ്ഞു , ഈ ചിത്രം കണ്ട ചില വല്ല്യെ മനുഷ്യന്മാര്‍ അവടെ ഇരുന്നു കരഞ്ഞൂന്നു. പിന്ന്യോ? ഞാന്‍ ചോയ്ച്ചില്ല്യാ ഗന്ധര്വ്വരേ.നാട്ടില്‍ വന്നൂന്നു കേട്റ്റു. തിരിച്ച് പോയോ?


കുമാരന്‍‌കുട്ട്യേ , നന്ദി, എന്റെ ബ്ലോഗ്ഗിനെ കെട്ടിലും മട്ടിലും ചിത്രക്ക് സ്വസ്ഥായിട്ടിരിക്കാന്‍ പറ്റ്യേ കുടുസ്സു മുറ്യാക്കിത്തന്നേന്. അല്ലെങ്കി അതിലെ ഡാന്‍സും ബഹളോം കണ്ട് അവളു പേടിച്ചേനെ.പക്ഷെ പിന്തിരിപ്പന്‍?ഉം?

ഉറുമ്പേ ശരിക്കും നന്നായോ? എന്തൊ എനിക്കൊരു ഇത്.
അനംഗാരി ,
നമ്മക്ക് ചിന്തേം വികാരോം ഒക്കെ പണയം വെക്കാം.എന്തൊരു സുഖാ.

സദിരാ,കുട്ട്യോള്‍ക്ക് ന്ന് ഒരു ദിവസല്ല്യായിരുന്നെങ്കി നമ്മടെ മക്കളൊക്കേം എന്ത് ചെയ്തേനെ ല്ലെ.
കുട്ടന്‍ വൈദ്യരേ ,ഒരിത്തിരി അവടെ പുകയട്ടെ.
മുരളി, നന്ദി.മനസ്സില്‍ തട്ടിക്കോട്ടെ. പക്ഷെ മനസ്സു കെട്ടുപോവാണ്ടിരിക്കട്ടെ.

ദിലീപ് വിശ്വനാഥ് said...

ഒരു നടുക്കത്തിന്റെ പടക്കം മനസില്‍ പൊട്ടി. ഇതുവരെ ഇങ്ങനെ ഒരു കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല. ഇങ്ങനെ ഒരു ചിന്തക്ക്‌ വഴിമരുന്നിട്ടതിനു നന്ദി.

ആഷ | Asha said...

നാളെ ദീപാവലി
ഞങ്ങളുടെ കോബൌണ്ടിലെ അന്തേവാസികളായ പാവം കൊറ്റികളെല്ലാം പേടിച്ചരണ്ട് ദിവസങ്ങളോളം തിരികെ വരാതെ പറന്നകലുന്ന ദിവസം.

കാതടപ്പിക്കുന്ന ഒച്ച കൊണ്ട് സ്വസ്ഥത നശിക്കുന്ന ഒരു ദിവസം. :(

ഉമേച്ചി, പടം നോക്കില്ല. കാണാന്‍ ഉള്ള കരുത്തില്ല.

Sethunath UN said...

അചിന്ത്യ,
ചിന്തോദ്ദീപകമായ ലേഖ‌നം. ചിത്രം മനസ്സിടിച്ചു. വായിച്ചിട്ട് എന്റെ കുഞ്ഞിനെ നോക്കുമ്പോ‌ള്‍ കരച്ചില്‍ വരുന്നു. നാം എന്തായിങ്ങനെ?

കൊച്ചുത്രേസ്യ said...

ലേഖനം അവസരോചിതമായി...
ആ കുഞ്ഞിന്റെ ചിത്രം കണ്ടു.ഇങ്ങനെ എത്രയെത്രെ പാവങ്ങളുടേ കണ്ണീരിലൂടെയായിരിക്കും നമ്മള്‍ മിക്ക ആഘോഷങ്ങളും കൊണ്ടാടുന്നത്‌... :-(

പരാജിതന്‍ said...

‘കുട്ടിജപ്പാനിന്‍ കുളന്തൈകള്‍’ പിടിച്ചിട്ട് പത്തുവര്‍‌ഷത്തിലേറെയായല്ലോ. ഇനിയൊരു പത്തുവര്‍‌ഷം കഴിഞ്ഞാലും കൊറിയന്‍ സംഘം നിര്‍‌മ്മിച്ചതിനേക്കാള്‍ ഹൃദയഭേദകമായ കഥകള്‍ ചിത്രീകരിക്കപ്പെടാനായി ചിത്രമാരും മുനീശ്വരിമാരും ശിവകാശിയില്‍ ഉണ്ടാകും. നമ്മള്‍ കുട്ടികളോടൊപ്പം ദീപാവലി രാത്രിയില്‍ ആകാശത്തു വിടരുന്ന വര്‍‌ണ്ണക്കുടകള്‍ നോക്കി ആഹ്ലാദിക്കുകയും ചെയ്യും.

പടക്കനിര്‍‌മ്മാണശാലകളില്‍ മാത്രമല്ല, ശിവകാശിയില്‍ മറ്റു മേഖലകളിലും ബാലവേല വ്യാപകമായുണ്ട്. (തമിഴ് നാട്ടില്‍ പൊതുവേ ബാലവേല തെറ്റാണെന്ന തോന്നല്‍ കുറവാണ്.) കവര്‍ നിര്‍‌മ്മാണയൂണിറ്റുകളിലും മറ്റും ഭംഗിയില്ലാത്ത കുഞ്ഞുയന്ത്രങ്ങള്‍ മാതിരി നിരയായിരുന്ന്‌ ജോലി ചെയ്യുന്ന അനീമിക് ആയ കുട്ടികളെ കാണാം. (അവരുടെയൊക്കെ പ്രതിഫലം തുച്ഛമാണെന്നു പറഞ്ഞാല്‍ തുച്ഛമെന്ന വാക്കിനെ പോലും അപമാനിക്കലായിപ്പോകും.)

Sathees Makkoth | Asha Revamma said...

അവസരോചിതമായ ലേഖനം.

കണ്ണൂരാന്‍ - KANNURAN said...

ശിവകാശിയും ഇന്ത്യയിലാണല്ലെ... സെന്‍‌സെക്സ് 20000 കടന്നു.. അംബാനി 4000 കോടിയുടെ വീടെടുക്കുന്നു... ലജ്ജിച്ചു തലതാഴ്ത്താം നമുക്ക്...

ഇട്ടിമാളു അഗ്നിമിത്ര said...

ഉമേച്ചി... എന്താ പറയാ...

എനിക്ക് പടക്കങ്ങള്‍ വലിയ ഇഷ്ടമാ... വലുതായിട്ടും കൈവിട്ടു പോവാന്‍ കൂട്ടാക്കാത്ത ഒരിഷ്ടം..

ഇത് വായിച്ചപ്പൊ ആരുടെയൊക്കെയോ വേദനകള്‍ ആണല്ലൊ എന്റെ സന്തൊഷമാവുന്നെ എന്നൊരു നീറ്റല്‍...

എതിരന്‍ കതിരവന്‍ said...

ശിവകാശിയില്‍ ബാലവേല കൊണ്ടാണത്രെ വ്യവസായികള്‍ വന്‍ലാഭം കൊയ്യുന്നത്. mechanization നു ശ്രമിച്ച കമ്പനികളെ ഗവണ്മെന്റ് നിയമം കൊണ്ടു നേരിട്ടു. (ഗവണ്മെന്റ്=മറ്റുകമ്പനികള്‍=സ്വാധീനം) “കനിമൊഴി” എന്നു പേരുള്ള ലോലഹൃദയയുടെ ആദ്യഭര്‍ത്തവാണത്രെ ഇതില്‍ വന്‍പന്‍.

ശിവകാശിയില്‍ തീപ്പെട്ടി നിര്‍മ്മാണവും കുഞ്ഞുങ്ങളാണ് ചെയ്യുന്നത്.

കാളിയമ്പി said...

ചുമ്മാ കൊള്ളാം ഭയങ്കരം കഷ്ടം എന്നൊക്കെ പറഞ്ഞിട്ട് കാര്യമില്ല.

നമുക്കെന്ത് ചെയ്യാന്‍ കഴിയും.അല്ല എനിയ്ക്കെന്ത് ചെയ്യാന്‍ കഴിയും എന്ന് നാമോരോരുത്തരും ആലോചിച്ചാല്‍ ..ഒരിച്ചിരിയെങ്കിലത് ..
അചിന്ത്യാമ്മ പറയൂ..എന്ത് ചെയ്യണം?. ബ്ലൊഗില്‍ തന്നെ വേണമെന്നില്ല. എന്തിനും ഞങ്ങള്‍ തയ്യാറാണ്.

മധു, അശോക്

അചിന്ത്യ said...

ആഷക്കുട്ടി, എനിക്കും ഇഷ്ടല്ല്യ, വിഷൂം ദീവാളീം കഴിഞ്ഞാള്ള ഘോഷോം മണോം. ഒരാള്‍ടെ അസ്വസ്ഥത മറ്റൊരാള്‍ടെ ഉത്സവം. അത് ആഘോഷങ്ങല്‍ടെ നീതി.

നിഷ്കളങ്കന്‍, നിങ്ങള്‍ടെ വാവ ഭാഗ്യള്ള കുട്ട്യാ. അച്ഛന്റേം അമ്മടേം ഇഷ്ടക്കയ്യിലല്ലേ അവന്‍.ഗന്ധകത്തിന്റെ മണം കൂടുതലാവാന്‍ പോണ ഒരു ലോകത്ത് അവനെ കൈക്കുള്ളില്‍ വെച്ച് കാത്ത് സൂക്ഷിക്കാന്‍ കാവല്‍മാലാഖമാരോട് പ്രാര്‍ത്ഥിക്കാം.

കൊച്ച്രീസ്സേ , മാവേലി പാതാളത്തിപ്പോയില്ല്യെങ്കി ഓണത്തിനും, കൃസ്തു കുരിശിലേറീല്ല്യെങ്കി കൃസ്മസ്സിനും പ്രസക്തില്ല്യല്ലോ ല്ലെ.

ഹരി, ശര്യാ പറഞ്ഞത്. പക്ഷേ എല്ലാ പത്ത് കൊല്ലം കൂടുമ്പഴും ഓരോന്നിങ്ങനെ കണ്ടും കേട്ടും തള്ളിക്കളയണോ? നാല്പ്പതിനായിരത്തിനെ മുപ്പതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റെട്ടാക്കാനെങ്കിലും പറ്റ്യാ അതൊരു വല്ല്യെ വിജയം ന്നാ എനിക്ക് തോന്നണേ.അങ്ങനെ നമ്മക്ക് പത്ക്കെപ്പത്ക്കെ നാല്പ്പതിനായിരോം ഇല്ന്യാണ്ട്യാക്കാന്‍ പറ്റ്യാലോ? (ഒരിക്കലും പരാജിത എന്നുള്ള പേര് എനിക്കിടാന്‍ ഞാനൊരുക്കല്ല. പരാജിതന്‍ ന്ന് നിനക്കും)

സതീഷ്, നന്ദി.
കണ്ണൂരാന്‍‌, ഇതാ കൊഴപ്പം. താഴ്ത്തരുതു.ഉയര്‍ത്തിപ്പിടിക്കു.ചിത്രമാരെ നമ്മളേ കാണുന്നുള്ളു, നമ്മക്കേ അവരെ സഹായിക്കാന്‍ കഴിയു.ആ നമ്മള്‍ തല താഴ്ത്ത്യാ എങ്ങന്യാ?

ഇട്ടിമാളൂട്ടീ , ഇടയ്ക്കിത്തിരി കുറ്റബോധം നല്ലതാ. (എല്ലാര്‍ക്കും അതു തോന്നാനുള്ള സന്മനസ്സ്ണ്ടാവാറില്ല്യാന്ന് മാത്രം).അതു മാറ്റാനെങ്കിലും നമ്മള്‍ മറ്റുള്ളോര്‍ക്ക് നേരെ കൈ നീട്ട്യാല്‍ അതുമായി ല്ല്യെ?

മുതിരാ, ശിവകാശി, തിരുപ്പൂര്‍ ഒക്കെം ഇതന്നെ. ഹരി പറഞ്ഞ പോലെ തമിഴ്‌നാട്‌ കുട്ട്യോള്‍ കുട്ട്യോളല്ലാന്നാ അവടത്തോരടേം, ഇവടത്തോരടേം വിചാരം ന്ന് തോന്നുണു.

അംബി...അംബീ ച്ചാല്‍ മധു, കൈടഭന്‍ യ്യോ സോറി, അശോക് എന്ന് രണ്ട് വേറെ മനുഷ്യന്മാരാണോ? ഞാന്‍ വിചാരിച്ചു ഒറ്റ മനുഷ്യനാ ന്ന്. എന്തായലും ഉത്തരം-
നേരത്തെ പറഞ്ഞ മാതിരി നാല്പ്പതിനായിരം മക്കളേം രക്ഷിക്കാന്‍ ള്ള ഒരു പദ്ധത്യൊക്കെ കാര്യായി ണ്ടാക്കീട്ട് അവരെ അങ്ങട്ട് ഒറ്റയടിയ്ക്ക് കരകയറ്റാം ന്നുള്ള അതിമോഹൊന്നും ആര്‍ക്കൂല്ല്യാന്ന് വിചാരിക്കുണു.
അപ്പൊ പിന്നെ ചെയ്യാനുള്ളത്- ഓരോരുത്തര്യായി നമ്മളെക്കൊണ്ടാവണ പോലെ സഹായിക്ക്യ. അങ്ങനെ? "മനിതം" പ്രവര്‍‌ത്തകര്‍ടെ സഹായത്തോടെ ചെയ്യാം. അല്ലെങ്കി തുടക്കത്തില്‍ അവരടെ സഹായം ചോയ്ച്ചിട്ട് പിന്നെ നമ്മക്കന്നെ ഡയറക്റ്റായിട്ട് എന്തെങ്കിലും ചെയ്യാനുള്ള വഴി ണ്ടാക്കണം.

ഏറ്റോം ആദ്യം ചെയ്യാവുന്നത് രണ്ട് കാര്യങ്ങളാ-
ഒന്ന്- ചിത്രടെ ചികിത്സ. ചെന്നൈയിലെ പ്രശസ്തമായ രാമചന്ദ്ര മെഡിക്കല്‍ ഹോസ്പിറ്റലിലെ കോസ്മെറ്റിക് സര്‍ജനു ഈ മോള്‍ടെ പടങ്ങള്‍ കാട്ടിക്കൊടുത്തപ്പോ അദ്ദേഹം പറഞ്ഞത് ഒരു പത്ത് കൊല്ലം കൊണ്ടേ മുഴോനായും അവളെ നോര്‍മ്മലാക്കാന്‍ പറ്റൂ ന്നാ. പക്ഷെ ചിലപ്പോ നേരിട്ട് കണ്ടാ വിചാരിച്ചത്ര പ്രശ്മ് ണ്ടായേക്കില്ല്യാന്നും ഒരു പ്രതീക്ഷ.അവള്‍ടെ ശസ്ത്രക്രിയയ്ക്ക് വേണ്ട പണം എത്തിച്ച് കൊടുക്കണെങ്കില്‍ അതാവാം.
രണ്ട്- മുനീശ്വരി. പടക്കകമ്പനിത്തൊഴിലഅള്യായിരുന്ന മുനീശ്വരിയ്ക്ക് പഠിക്കാന്‍ വല്ലാത്ത മോഹം. അച്ചനമ്മമാരോട് പറഞ്ഞപ്പോ ണ്ടായേക്കാവുന്ന പ്രതികരണം നമ്മക്ക് ഊഹിക്കാല്ലോ. പത്തിമടക്കി സയനൈഡ് പശയുടെ പണിയുടെ ഉള്ളിലേയ്ക്ക് വലിയണ്ടതിനു പകരം അവള്‍ കുറച്ച് പശ സ്വന്തം ഉള്ളീലാക്കി. ഭാഗ്യവശാല്‍ ജീവന്‍ തിരിച്ചു കിട്ടി. വേണെങ്കി നമ്മക്ക് അവളെ ചെന്നൈലെ ഏതെങ്കിലും ഹോസ്റ്റെലില്‍ ചേര്‍ത്തി പഠിപ്പിക്കാം.

അങ്ങനെ അങ്ങനെ....
എന്തെ? ഒരു കൈ നോക്കാം?

ഇനി മനിതത്തിലെ ജി സുബ്രഹ്മണ്യന്‍ സാറിന്റെ നംബര്‍ ഇതാ-09443322543. ഇദ്ദേഹത്തെ ധൈര്യായി വിളിച്ചോളൂ. വളരെ നല്ല മനുഷ്യനാ. മക്കളെ സഹായിക്കാന്‍ ഇദ്ദേഹം നമ്മളെ സഹായിക്കും. ഇനി, ഇവര്‍ ഫോറിന്‍ ഫണ്ട് വാങ്ങണോരാണൊ , ന്നൊന്നും എന്നൊടു ചോയ്ക്കല്ലെ. അങ്ങനത്തെ സംശയങ്ങളുണ്ടേങ്കി നേരത്തെ പറഞ്ഞ പോലെ ആരട്യെങ്കിലും സഹായത്തോടെ ചിത്രേനെ ഹോസ്പിറ്റലില്‍ക്കോ മുനീശ്വരീനെ ഹോസ്റ്റെലില്‍ക്കോ ആക്കാനുള്ള വഴിണ്ടോന്ന് നോക്കു. അപ്പോ നമ്മടെ പണമിടപാടുകള്‍ അവരുമായി നേരിട്ടാവാല്ലോ.

സ്നേഹം, സമാധാനം

അചിന്ത്യ said...
This comment has been removed by the author.
കാളിയമ്പി said...

അമ്മേ
മധുവും കൈടഭനും തന്നെ.മഹാമായ എല്ലാം മറച്ചിരിയ്ക്കുന്നോണ്ട് ആകെയൊരു പുകമയം.അവരെത്തന്നെ വിചാരിച്ച് സുദര്‍ശനത്തിന്റെ വരവിനായി അങ്ങനെയഹംകരിച്ച് മദിയ്ക്കുന്നു:) (ഉവ്വോ? അഹംകാരവും മദവും സത്യം തന്നെ:)

ഒറ്റദിനം കൊണ്ട് എല്ലാം നന്നാക്കാമെന്ന മോഹം ഒട്ടുമില്ല.(അതൂണ്ട് തന്നെയാ നമുക്കെന്ത്ചെയ്യാന്‍ കഴിയും എന്നത് മാറ്റി എനിയ്ക്കെന്ത് ചെയ്യാന്‍ പറ്റും എന്ന് തിരുത്തിയതും)

നാട്ടിലേയ്ക്കുണ്ട് 14നു.ഒത്തിരി നന്ദി.

അഭയാര്‍ത്ഥി said...

പ്രിയ ഉമ.
നന്ദി.
ഹിപ്പോക്രസികള്‍ക്കെതിരെ ഞാന്‍ ശബ്ദിക്കുന്നു വെന്നത്‌ എനിക്കതര്‍ക്ക്‌ യോജിക്കില്ലാട്ടൊ.
കപടത ഏറെ ഉള്ള ഒരാളാണ്‌ ഞാനും.
പിന്നെ ചില മല്‍പ്പിടുത്തങ്ങള്‍ ബ്ലോഗിലെ.
ഒര്‌ സംവാദമുറപ്പുള്ള കാര്യങ്ങളില്‍ അല്‍പ്പം ചൊടിപ്പിക്കുന്നു എന്ന്‌ മാത്രം.
പലപ്പോഴും ഞാന്‍ എതിര്‍ പറയുന്നവരുടെ നൂറിലൊന്ന്‌ പോലും സാമൂഹ്യ പ്രതിബദ്ധതയോടെ
ജീവിക്കുവാന്‍ എനിക്കിന്നേവരെ കഴിഞ്ഞിട്ടില്ല. ആഗ്രഹ്മില്ലഞ്ഞിട്ടല്ല.


നാട്ടില്‍ പോയി- വീട്ടിലിരുന്നു, ഇടക്കിടെ മുറ്റം തൂപ്പും അടുക്കളപ്പണിയും ചെയ്ത്‌ നേരം കളഞ്ഞു.
കാല്‍ത്തെഴുന്നേറ്റ്‌ പാലു തിളപ്പിക്കുക , പഴയ മടികളിലേക്കും മഴയിലേക്കും മുങ്ങാം കുഴിയിടുക
എന്നതൊക്കെ ആയപ്പോള്‍ പൊടുന്നനെ സമയം പോയി.

പലപ്പോഴും ആലോചിക്കും നാട്ടില്‍ വരുമ്പോള്‍ ബൂലോഗരെ ഒക്കെ കാണണമെന്ന്‌. ഓരോ വട്ടവും അതിന്‌ നേരമുണ്ടാകില്ലെന്നറിയാവുന്നത്‌ കൊണ്ട്‌ മിണ്ടാറില്ല. Now back to pravasam-my pain.

നിങ്ങളുടെ മലയാളം ശരിക്കും അറിവുള്ള അധ്യാപികയുടേത്‌. നല്ല മലയാള മെഴുതുന്നതെങ്ങിനേയെന്ന്‌ എന്നേപ്പോലുള്ളവര്‍ക്ക്ക്‌ പാഠമാണ്‌
ഒരോ ലേഖനവും.

പിന്നെ ഇതിന്റെ കണ്ടന്റ്‌ നമുക്ക്‌ മനോവിഷമമുണ്ടാക്കുന്ന യാഥാര്‍ത്യമാണ്‌.

അച്ചടിക്കാരുടെ കണ്ണില്‍ ഇത്‌ പെടുന്ന ദിനങ്ങള്‍ വിദൂരമല്ലെന്നെനിക്കു തോന്നുന്നു.

Pramod.KM said...

കരിഞ്ഞ ജീവിതങ്ങളെ കുറിച്ച് ദീപാവലിസമയത്ത് എഴുതിയത് അവസരോചിതമായി. ദേഗു ബ്രോഡ്കാസ്റ്റിങ്ങ് കോര്‍പ്പറേഷനെങ്കിലും ഉണ്ടായല്ലോ ഡോക്യമെന്ററി എടുക്കുവാന്‍.

പരാജിതന്‍ said...

എതിരാ,
ത്ധലം ബനുരാഗറിന്റെ ഡോക്യുമെന്ററി (കുട്ടിജപ്പാനിലെ കുട്ടികള്‍) പ്രധാനമായും തീപ്പെട്ടിക്കമ്പനികളില്‍ ജോലി ചെയ്യുന്ന കുട്ടികളെ കേന്ദ്രീകരിച്ചായിരുന്നുവെന്നാണോര്‍‌മ്മ.

അംബീ, ഉമച്ചേച്ചീ,
തീര്‍‌ച്ചയായും ഒരു കുട്ടിയെ എങ്കിലും സഹായിക്കാന്‍ കഴിഞ്ഞാല്‍ വലിയൊരു കാര്യമാണതെന്നതില്‍ ഒരു സംശയവുമില്ല. പക്ഷേ, എത്ര സാമൂഹ്യപ്രവര്‍‌ത്തകര്‍ യത്നിച്ചാലും ഭരണം കൈയാളുന്ന പാര്‍‌ട്ടികളും ബ്യൂറോക്രാറ്റുകളും ഈയൊരു ദുരവസ്ഥയ്‌ക്കെതിരെ പ്രവര്‍‌ത്തിക്കാന്‍ നിര്‍‌ബന്ധിതരാകുന്ന കാലം വരെ കുട്ടികളുടെ യാതന തുടരും. എതിരന്‍ പറഞ്ഞതു പോലെ ഫാക്ടറികളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന നിലപാടാണ് ഭരണാധികാരികള്‍ എപ്പോഴും എടുത്തിട്ടുള്ളത്. അതിന് അവര്‍‌ക്ക് ബലം നല്‍കുന്ന മറ്റൊരു കൂട്ടരുമുണ്ട്. കുട്ടികളെ കൂലിപ്പണിക്കയയ്ക്കുന്ന രക്ഷിതാക്കളും അതിനുള്ള പ്രേരണയായ ദാരിദ്ര്യവും. ബോധവല്‍കരണമൊക്കെ അവരുടെയിടയില്‍ എത്രത്തോളം വിലപ്പോവുമെന്നറിയില്ല. കുട്ടികളെ പണിക്കയയ്ക്കാതെ തന്നെ ഭേദപ്പെട്ട ജീവിതം നയിക്കാന്‍ കഴിയുന്ന അവസ്ഥ വരണം. അതെങ്ങനെ വരും? ഗവണ്മെന്റ് കഠിനയത്നം ആവശ്യമുള്ള ഒരു പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയാല്‍ മാത്രമേ നടക്കൂ അത്. ഫാക്ടറിയുടമകളുള്‍‌പ്പെടെയുള്ളവരുടെ പലതരം എതിര്‍‌പ്പുകളെ അതിജീവിച്ചു കൊണ്ട് വേണം അതു ചെയ്യേണ്ടതും. മനിതവും അതു പോലുള്ള സംഘടനകളും അത്തരമൊരു സാധ്യതയ്ക്കു വേണ്ടി യത്നിക്കുന്നുമുണ്ടാവണം. അല്ലാതെ ഒന്നൊന്നായി, കുറേശ്ശേ കുറേശ്ശേ, കുടുതല്‍ കുട്ടികള്‍ രക്ഷപ്പെടുന്ന അവസ്ഥയൊന്നുമുണ്ടാകില്ല.

കഠിനമായ വരള്‍‌ച്ച നേരിട്ടിട്ടുള്ള പ്രദേശമാണ് ശിവകാശി. ആവശ്യത്തിനു ജലമെത്തിച്ചു കൃഷി ഊര്‍‌ജ്ജസ്വലമാക്കുകയും അതുവഴി ദരിദ്രകുടുബങ്ങളുടെ ജീവിതനിലവാരം ഉയരുകയും ചെയ്താല്‍ ബാലവേലയ്ക്ക് അറുതി വന്നേക്കാമെന്ന് എണ്‍‌പതുകളില്‍ ബനുരാഗറുള്‍‌പ്പെടെയുള്ള ചില സാമൂഹ്യപ്രവര്‍‌ത്തകര്‍ പ്രത്യാശിച്ചിരുന്നതായി അദ്ദേഹം ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ സര്‍‌ക്കാരിന്റെ ഭാഗത്തു നിന്നുള്ള പ്രതികരണം നിരാശാജനകമായിരുന്നിരിക്കണം. വരള്‍‌ച്ച നേരിടാന്‍ ചിലവിട്ട കോടികള്‍ പലപ്പോഴും ഫാക്ടറിയുടമകളെ സഹായിക്കുന്ന തരത്തിലായിരുന്നത്രേ.

അചിന്ത്യ said...

അംബ്യന്നിയന്മാരേ ,
എനിക്ക് പകുതീം മനസ്സിലായില്ല്യാട്ടൊ. എന്തായാലും നാട്ടില്‍ക്ക് വരുമ്പോ ഈ വഴി വന്നാ സുദര്‍ശനൊന്നൂല്ല്യെങ്കിലും, ഏതാണ്ട് ആ സ്റ്റൈലുള്ള അച്ചപ്പം വെച്ച് അഡ്ജസ്റ്റ് ചെയ്യാമെങ്കി അത് റെഡി.
രാമേട്ടാ, പഴയ മടയിലും, മടിയിലും മഴയിലും മുങ്ങിന്ജങ്ങള്യൊക്കെ മറന്നതിന് ഇത്തവണെയ്ക്ക് മാപ്പ് തന്നിരിക്കുണു.
എനിക്കറിവുണ്ടേന്നൊക്കെ പറയുമ്പോ എന്നെ കളിയാക്കാണെന്ന് എനിക്ക്തോന്നും.
അറിവ് , അദ്ധ്യാപിക, നല്ല മലയാളം - ഇത്രേം ഒറ്റ സെന്റെന്‍സില്‍ എനിക്ക് വേണ്ടി വേണോ?പേട്യാ.

പ്രമോദ്, അടുത്താഴ്ച എന്റെ മക്കള്‍ക്ക് ഈ പടം കാട്ടിക്കൊടുക്കുണുണ്ട്.
ഞങ്ങടെ കോളേജില്‍ 17, 18 തീയതികളില്‍ "റ്റീന്‍സ് റീല്‍സ് "ന്നുള്ള പേരിലൊരു ചലച്ചിത്രോത്സവം.
ഇവടന്ന് കൊറേപ്പേര്‍ കഴിഞ്ഞ കൊല്ലത്തെ പുസ്തകമേളയ്ക്ക് വന്നിരുന്നു. ഇത്തവണ ചലച്ചിത്രമേളയിലേയ്ക്കും എല്ലാര്‍ക്കും സ്വാഗതം.
ചോപ്പ്കുപ്പായം മാറ്റി വെള്ളക്കുപ്പായട്ട് വന്ന ഹരീ , ഈ മക്കളെ പണിയെടുപ്പിക്കണത് നിയമവിരുദ്ധാണെന്നത്പോലെത്തന്നെ അവരെ പണിയെടുപ്പിക്കണ "ഫാക്റ്ററി"കളും ലൈസന്‍സ് ഇല്ലാത്തവയാണ്.എല്ലാം എല്ലാരടേം അറിവോടെ.ലോകത്ത് ഏറ്റവും അധികം കുട്ടികളെക്കൊണ്ട് തൊഴിലെടുപ്പിക്കണ രാജ്യായി ഇന്ത്യയെ "വളര്‍ത്തി"ക്കൊണ്ട് വന്നതിലൊരു വല്ല്യേ പങ്ക് ശിവകാശിക്ക്ണ്ട്. ദാരിദ്ര്യം, ദുഷിച്ച് നാറ്യേ വ്യവസ്ഥിതി- പെണ്‍‌മക്കളെ പെറ്റ ഉടനെ കൊല്ലുന്നതില്‍ പേരു കേട്ട ഒരു സംസ്ഥാനം-ഇപ്പോ പക്ഷെ "പൊട്ടപ്പുള്ളൈ"യെ ഭ്രൂണാവസ്ഥയില്‍ത്തന്നെ വക വരുത്തുണു. ഇതിലിടപെടാന്‍ വന്ന ഗവ. ഉദ്യോഗസ്ഥരേം, എന്‍ ജീ ഓ പ്രവര്‍ത്ത്കരേം, പത്രപ്രവര്‍ത്ത്കരേം ഒക്കെ അവര്‍ എത്ര വിദഗ്ദ്ധായി പറ്റിച്ചൂന്ന് നമ്മള്‍ വായിച്ചിട്ട്ണ്ട്. കാരണങ്ങള്‍ നമ്മക്കൊക്കേം അറിയാം. എല്ലാര്‍ക്കും എല്ലാം അറിയാം.ഒരു കുഞ്ഞെങ്കി ഒരു കുഞ്ഞ്. അത്ര്യൊക്കെ ആലോചിക്കാനുള്ള വലിപ്പേ ഇപ്പോ എന്റെ മനസ്സിനുള്ളൂ. അവളെ ഓര്‍ക്കാണ്ടിരിക്കാന്‍ , ഓര്‍ത്തിട്ട് കാര്യല്ല്യാന്ന് എന്നെത്തന്നെ ഓര്‍മ്മിപ്പിക്കാന്‍ എനിക്ക് ഒരു നൂറു കാരണങ്ങള്‍ കണ്ടെത്താം. ഓര്‍ക്കാന്‍ പക്ഷെ ഒന്നു മതി.

അചിന്ത്യ said...

ഇയ്യോ നേര്‍ത്തെ നന്ദി പറഞ്ഞ കൂട്ടത്തില്‍ വാല്‍മീകിയോടൊരു നമോവാകം പറയാന്‍ മറന്നു. മുനേ പൊറുത്താലും. വാല്‍മീക്യാണല്ലോ, ദുര്വ്വാസാവല്ലല്ലോ ല്ലെ.

Yamini said...

ലേഖനം കണ്ണ് നനയിചൂന്ന് പറയാതെ വയ്യ. നിങ്ങള്‍ തുഷാരം, സിജി- ഒക്കെ മനുഷ്യരെ കരയിച്ചെ അടങ്ങു, ല്ലേ? കുഞ്ഞുങ്ങളുടെ ദുരിതങ്ങളുടെ വിവരണങ്ങള്‍ വായിക്കാന്‍ തന്നെ മനക്കട്ടിയില്ല, പിന്നെയല്ലെ ചിത്രം കാണുന്നത്.

കൂട്ടത്തില്‍ ഒരു ചെറിയ സന്തോഷം പങ്കുവയ്ക്കട്ടെ,ഞങ്ങളെയൊക്കെ അറിയണ ആളെന്ന നിലയ്ക്ക് {ഞാനാരെന്ന് ടീച്ചര്‍ക്കറിയുമല്ലോ, ഇനി പറ്റിക്കണ്ടാന്ന് കരുതി:-)} ഇക്കുറി മകന്റ്റെ പിറന്നാള്‍ വന്നു, 9 വര്‍ഷം കഴിഞ്ഞ്,പിന്നെയും ഒരു ദീപാവലി നാളില്‍.

Promod P P said...

ഉമേച്ചിയേ ഓ
ഇതിപ്പോഴാണ് കണ്ടത്.. ഇങ്ങനെ ഒരെണ്‍നം പോസ്റ്റ് ചെയ്ത വിവരം പറഞ്ഞില്ലല്ലൊ.. എന്തയാലും..

കുട്ടിജപ്പാനിലെ കുളൈന്തകള്‍ എന്ന ഡൊക്യുമെ‌ന്‍‌‌റ്റ്രി ഞാന്‍ കണ്ടിട്ടുണ്ട്. അത് തീപ്പട്ടി നിര്‍മ്മിക്കുന്ന കുട്ടികളേ കുറിച്ചാണ്. ബാല വേല തുറന്നു കാട്ടുകയാണ് ലക്ഷ്യം എന്ന് തോന്നുന്നു. എത്രത്തോളം വിജയിച്ചു എന്നറിയില്ല.തമിഴ്നാട്ടില്‍ ആ ചിത്രം വ്യാപകമായി സ്ക്രീന്‍ ചെയ്തില്ല.(ചെയ്യാന്‍ സമ്മതിക്കാത്തതാണോ എന്നറിയില്ല)
തമിഴ്‌നാട്ടില്‍ ബാല വേല ഇല്ലാതാക്കല്‍ അത്ര എളുപ്പമല്ല.അവിടത്തെ കൊടി വെച്ച കാറുകളില്‍ പോകുന്ന മിക്ക തലൈവനും ശിവകാശിയിലൊ തിരുപ്പൂരോ ഈറോഡോ ഹൊസൂരൊ പടക്ക കമ്പനിയൊ തീപ്പെട്ടി കമ്പനിയൊ ബനിയന്‍ കമ്പനിയൊ ഒക്കെ ഉണ്ട്. അവര്‍ക്ക് മുതിര്‍ന്നവരെ ജോലിക്ക് വെച്ച് കച്ചവടം നടത്താന്‍ പറ്റില്ല. 25 രൂപ വലിയ കൂലിയാണേ.കൊച്ചു കുഞ്ഞുങ്ങള്‍ക്കാവുമ്പോള്‍ 10 രൂപയില്‍ താഴെ കൊടുത്താല്‍ മതിയല്ലൊ.

മഴത്തുള്ളി said...

ഉമേച്ചീ,

ആ പടം കാണണ്ടാ എന്ന് വച്ചിരുന്നതാ, എന്നാല്‍ പലരും കണ്ടു എന്ന് കമന്റെഴുതിയപ്പോള്‍ അവസാനം രണ്ടും കല്‍പ്പിച്ചങ്ങട് കണ്ടു. ഒരു ദീര്‍ഘനിശ്വാസം വിട്ടോട്ടെ ഇനി. ഇതുപോലെ എത്ര ജീവിതങ്ങള്‍ എരിഞ്ഞടങ്ങുന്നു അല്ലേ :(

തീര്‍ച്ചയായും കുട്ടികളെ പണിയെടുപ്പിക്കുന്ന ഇത്തരം പടക്കക്കമ്പനികള്‍ തീവച്ചു നശിപ്പിക്കേണ്ടതാണ്. പാവം കുട്ടികള്‍.

chithrakaran ചിത്രകാരന്‍ said...

മട്ടുള്ളവരെ സന്തോഷിപ്പിക്കാന്‍ ഒരു പടക്കമായി പൊട്ടിത്തീരാന്‍ വിധിക്കപ്പെട്ട ബാല്യങ്ങള്‍.ലാഭത്തിനുവേണ്ടിയുള്ള നെട്ടോട്ടത്തില്‍ തൊഴിലെടുക്കുന്നവന് ന്യായമായ കൂലികൊടുക്കാതെ... അവരുടെ പിഞ്ചുകുട്ടികളെവരെ തൊഴില്‍ ശാലയിലേക്ക് ആകര്‍ഷിച്ച് ചോരയൂറ്റുന്ന പണക്കൊതിയന്മാരെ നിയന്ത്രിക്കാനറിയാത്ത സ്വാര്‍ത്ഥതാല്‍പ്പര്യക്കാരെ സംരക്ഷിക്കുന്ന സര്‍ക്കാരിനെ തിരഞ്ഞെടുക്കുന്ന ഉപരിവര്‍ഗ്ഗ ഭരണ വ്യവസ്ഥ നമ്മുടെ ശാപമായി തുടരുന്നു. ഹൃദയ സ്പര്‍ശിയായ ഈ പൊസ്റ്റ് ഇട്ടതിന് അചിന്ത്യയോട് നന്ദി.

കുട്ടിച്ചാത്തന്‍ said...

അചിന്ത്യേച്ചീ ആ പടം ഇവിടെ നിന്ന് മാറ്റിയത് നന്നായി.എന്തു പറയാനാ?

chithrakaran ചിത്രകാരന്‍ said...

ആ ചിത്രം ഒഴിവാക്കരുതായിരുന്നു. സ്വപ്നലോകത്തിരിക്കുന്ന നമുക്ക് മനോവിഷമ മുണ്ടാകാതിരിക്കാന്‍ സത്യത്തെ ഒളിപ്പിച്ചു വെക്കാന്‍ ഒരു വെംബലാണ്. സത്യത്തെ അറിയുംബോള്‍ തളരുന്നവര്‍ തളരുകതന്നെയാണു വേണ്ടത്.

absolute_void(); said...

ഈ പോസ്റ്റ് വന്നിട്ട് ദിവസമെത്ര കഴിഞ്ഞു? എന്നിട്ടുമിതാ, ഇവിടേക്ക് സന്ദര്‍ശകരെത്തുന്നു. കുരവയിടാനല്ല. കരയാന്‍ നമുക്കാവുമെന്ന് സ്വയം ബോദ്ധ്യപ്പെടുത്താന്‍.

മുംബയിലെ ദീവാളി ഘോഷം കാണേണ്ടതായിരുന്നു. നാളിതേവരെ തൃശ്ശൂര്‍പൂരവും നെന്മാറ വേലയും തുടങ്ങി കേരളത്തിലെന്പാടുമുള്ള ആഘോഷങ്ങളൊരുമിച്ചെടുത്താലും ദീപാവലി ദിവസം മുംബയില്‍ പൊട്ടിയത്ര പടക്കം പൊട്ടിയിട്ടുണ്ടാവില്ല. ഇതത്രയും ശിവകാശിയില്‍ നിന്ന് വന്നവയാണ്. കണ്ണുകള്‍ക്ക് വിരുന്നൊരുക്കിയ ആകാശക്കാഴ്ചകളില്‍ നഗരം രമിച്ചിരിക്കെ ഇതേപോലെ എത്ര ബാല്യങ്ങളാവും ചിതറിത്തെറിച്ച പടക്കത്തിരി പോലെ ഓരംപറ്റി പിഞ്ചിക്കിടന്നിരിക്കുക?

ചിന്തയുടെ ഒരു തിരികൊളുത്തിയതിന് നന്ദി. ആഘോഷവേളകളില്‍ പടക്കങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ അവനവന്‍ തീരുമാനിച്ചാല്‍, ആ തീരുമാനത്തിന് ഒരു പ്രസ്ഥാനത്തിന്‍റെ സ്വഭാവം വന്നാല്‍, കാര്യങ്ങള്‍ക്ക് മാറ്റമുണ്ടായേക്കും. ആ ചിത്രം ഞാന്‍ കണ്ടു. അത് കണ്ടാല്‍ പിന്നീടൊരിക്കലും പടക്കംവാങ്ങണമെന്ന് തോന്നില്ല. അത് മാറ്റേണ്ടിയിരുന്നില്ല.

Unknown said...

അചിന്ത്യാമ്മേ,
ചിത്രം കണ്ടു. എന്ത് ചെയ്യാന്‍ പറ്റും എന്നാണ് ആദ്യം വരാറുള്ള ചിന്ത എല്ലായ്പ്പോഴും. (ശിവകാശിയില്‍ പടക്കം ഉണ്ടാക്കല്‍ നിര്‍ത്തിയാല്‍ ഇത് മാറുമോ, പട്ടിണി കിടന്ന് മരിക്കുന്നതോ പൊട്ടിത്തെറിച്ച് മരിക്കുന്നതോ നല്ലത് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ശേഷം) ഒന്നും ചെയ്യാന്‍ പറ്റില്ല എങ്കില്‍ ഇങ്ങനത്തെയൊക്കെ കാണുന്നതെന്തിനാ എന്ന് എന്നോട് ഒരാള്‍ തിരിച്ച് ചോദിച്ചിട്ടുണ്ട് ഒരിക്കല്‍. ചിലതൊക്കെ കാണുന്നത് എന്തെങ്കിലും ചെയ്യാന്‍ വേണ്ടി ആവില്ല കാണുക എന്നുള്ളതാണ് ആ കര്‍മ്മത്തിനെ പൂര്‍ണ്ണത എന്നാണ് ഇപ്പോള്‍ തോന്നുന്നത്. എനിക്ക് ഒന്നും അറിയില്ല.

അനിലൻ said...

ചിത്രം തുറന്നില്ല. കാണാന്‍ വയ്യ.
സ്വയം വെളിപ്പെടുമോ എന്നാണ് ഈ കമന്റിടുമ്പോഴത്തെ ഭീതി.

ഓഫ്: ഇന്നലെ തിരിച്ചു വരുമ്പോള്‍ വിമാനത്തില്‍‍ കേരളവര്‍മ്മയില്‍നിന്ന് വിരമിച്ച ഹിന്ദിടീച്ചറുണ്ടായിരുന്നു. (ചുങ്കത്തിന്റെയവിടെ താമസിക്കുന്ന) ലണ്ടനിലെ മകളുടെ അടുത്തേയ്ക്ക് പോകുന്നു. ചോദിച്ചപ്പോള്‍ അറിയുമെന്ന് പറഞ്ഞു.

[ nardnahc hsemus ] said...

ഏതാഡംബരവസ്തുവാണ് ശിശുരക്തമൊഴുക്കാതെ വരുന്നത്??

(വായിച്ചപ്പോള്‍ ഒരു നീറ്റല്‍.... അതനുഭവിപ്പിച്ചതിനും ജീവന്റ്റെ വില ഓര്‍മ്മിപ്പിച്ചതിനും കടപ്പാട്)

sree said...

chechi
ivide valla commentum idaan ulla dairyam illa. pollunnu.

nammal ore thoneele yaathrakkaaraanenn thulasi paranju.
enikkoru mail ayakkaamo? i cudnt find ur mail id.

നിരക്ഷരൻ said...

ചേച്ചീ.. ഞാനിപ്പോഴാണ് ഇത് വായിച്ചത്. ക്ലാസ്സിൽ ഒന്നാം റാങ്കുണ്ടായിരുന്ന ഒരു കുട്ടിയുടെ അവസ്ഥ :( വീഡിയോ കാണാനുള്ള മനക്കരുത്തില്ല :(

കിത്തൂസ് said...

ചേച്ചീ, എന്തൊക്കെയോ പറയണമെന്നുണ്ട്. പറ്റുന്നില്ല.

എഴുത്തിന് ആശംസകള്‍.