Thursday, July 5, 2007

ഇറോം ഷര്‍മ്മിള ചാനു - ചെറുത്ത് നില്പിന്റെ സ്ത്രീരൂപം.




ഏതാണ്ട് ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് , അതായത് 2000നവംബറില്‍ തുടങ്ങി, ഇന്നും അവസാനിക്കാതെ തുടരുന്ന ഒരു നിരാഹാരസത്യാഗ്രഹം. 28-ആം വയസ്സുമുതല്‍ ജീവജലംപോലും നിഷേധിക്കപ്പെട്ട ഇളം ശരീരത്തിനെ ദേഹിയോട് പിടിച്ചു നിര്‍ത്തുന്നത് ആശുപത്രിയില്‍ മൂക്കിലൂടെയിട്ട റ്റ്യൂബില്‍ക്കൂടി നിര്‍ബ്ബന്ധിതമായി നല്‍കപ്പെടുന്ന ദ്രവഭക്ഷണം മാത്രം. ജീവിതത്തിലെ വസന്തകാലമായ യൗവ്വനം മുഴുവനും പൊലിസ് തടങ്കലില്‍ ആശുപത്രിക്കിടക്കയില്‍ - ഇനി എത്ര കാലം ഇങ്ങനെ എന്ന ചോദ്യത്തിന് "വേണ്ടി വന്നാല്‍ മരണം വരെ" എന്ന ഉത്തരം നല്‍കാന്‍ മണിപ്പൂരിന്റെ പ്രിയപുത്രി ഇറോം ഷര്‍മ്മിള ചാനുവിന് പക്ഷേ ഒട്ടും ശങ്കയില്ല. കാരണം ശര്‍മ്മിളയുടെ സത്യാഗ്രഹം അപക്വമായ ഒരു മനസ്സിന്റെ നൈമിഷികമായ ആവേശത്തള്ളിച്ചയുടെ പ്രതിഫലനമല്ല, മറിച്ച് ഒരു ദേശം - അവിടത്തെ പെണ്വര്‍ഗ്ഗം- മുഴുവന്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന പീഡനങ്ങള്‍ക്കും വൈകൃതങ്ങള്‍ക്കും എതിരെ ഉള്ള ഒരു ചെറുത്തുനില്‍പ്പാണ്, ആ ചെറുത്തുനില്പ്പിന്റെ പ്രതീകമാണ്.

ഇറോം നന്ദയുടേറയും സഖീദേവിയുടേയും 9 മക്കളില്‍ ഏറ്റവും ഇളയവളായി 1972-ഇല്‍ ഷര്‍മ്മിള ജനിച്ചു. എഴുത്തും വായനയും അഭ്യസിച്ചാല്‍ അതു തന്നെ ധാരാളം, എന്നും പറഞ്ഞാണ് 12 - ആം ക്ലാസ്സോടെ ഔപചാരികവിദ്യാഭ്യാസത്തിനോട് ഷര്‍മ്മിള വിട പറഞ്ഞത്. പക്ഷെ അക്ഷരങ്ങളോടുളള ചങ്ങാത്തം അവള്‍ കൈവിട്ടില്ല. ആ കൂട്ടുകെട്ടില്‍ പിറന്ന ഏതാനും കവിതകള്‍ ആക്റ്റിവിസ്റ്റ് സ്വഭാവമുള്ള ചില പ്രാദേശികഭാഷാമാസികകളില്‍ പ്രത്യക്ഷപ്പെടാനും തുടങ്ങി.

മണിപ്പൂരിന്റെ വികസനത്തിന് ഊന്നല്‍ കൊടുത്തുകൊണ്ട് പ്രവര്‍ത്തിക്കുന്ന ചില എന്‍ ജീ ഓ കളുടെ ഭാഗമാകാനും അതിനോടനുബന്ധിച്ചുള്ള പല വര്‍ക്ക്ഷോപ്പുക്കളിലും പങ്കെടുക്കുവാനും ഷര്‍മ്മിള ഇടയായി. തന്റെ സൈക്കിളില്‍ മീറ്റിംഗുകള്‍ക്ക് എത്തിയിരുന്ന ഈ പെണ്‍കുട്ടിയെ മണിപ്പൂരിലെ ജനത്യ്ക്കുല്മേല്‍ ഇന്ത്യന്‍ പട്ടാളം നടത്തുന്ന അക്രമോത്സുകമായ ഭരണത്തിന്റെ ഭീകരത അന്നെ വേദനിപ്പിച്ചിരുന്നു. പക്ഷെ ഇന്ത്യന്‍ ഭരണകൂടത്തിനോട് ഒരു തുറന്ന യുദ്ധത്തിന് മണിപ്പൂരിലെ ചെറുപ്പക്കാരോടൊപ്പം അവളിറങ്ങിയത് വളരെ പിന്നീടാണ്.

കയ്യില്‍ ഗിത്താറും ചുണ്ടില്‍‍ സംഗീതവും മനസ്സു നിറയെ സ്നേഹവുമായി നടന്ന ഒരു ദേശത്തിലെ ചെറുപ്പക്കാര്‍ കണ്ണില്‍ നീറുന്ന പകയോടെ സായുധകലാപത്തിന്‌ ഒരുങ്ങിയത് എന്ന് മുതല്‍ക്കായിരുന്നു? ഇതിനുത്തരം കിട്ടണമെങ്കില്‍ മണിപ്പൂരിന്റെ ചരിത്രത്തിലേയ്ക്ക് നമ്മളൊന്ന് തിരിഞ്ഞു നോക്കിയേ പറ്റൂ. എത്യോപ്യയില്‍ പട്ടിണി കിടക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മുതല്‍ കഴുവിലേറ്റപ്പെട്ട സദ്ദാമിനു വേണ്ടി വരെ ചങ്കു പൊട്ടിക്കരഞ്ഞ ലോകമലയാളിയ്ക്ക് പക്ഷേ തീരെ പരിചിതമല്ല അവരുടെ മാതൃരാജ്യത്തിന്റെ വടക്കു കിഴക്കന്‍ മൂലയില്‍ക്കിടക്കുന്ന ഈ കൊച്ചു സംസ്ഥാനവും അവിടുത്തെ പ്രശ്നങ്ങളും.

1947ഓഗസ്റ്റ് 28-ന്‌ ബ്രിട്ടിഷ് ഭരണത്തില്‍ നിന്നും സ്വതന്ത്രമായ ഒരു കൊച്ചു നാട്ടു രാജ്യമായിരുന്നു മണിപ്പൂര്‍. എന്നാല്‍ ഒക്റ്റോബര്‍ 15-ന് അവിടത്തെ ജനഹിതത്തെ മാനിക്കാതെ ഇന്ത്യന്‍ പ്രവിശ്യയുടെ ഒരു ഭാഗമായി മണിപ്പൂര്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയായിരുന്നു.1958 -ഇല്‍ മണിപ്പൂരിനെ പ്രശ്നബാധിതപ്രദേശം എന്ന് മുദ്രകുത്തുകയും Armed Forces Special Protection Act (AFSPA) അവിടെ നടപ്പില്‍ വരുത്തുകയും ചെയ്തു. അവിടന്നങ്ങോട്ട് തുടങ്ങുന്നു ഇന്ത്യന്‍ പട്ടാളത്തിന്റെ മണിപ്പൂരിലെ ഭീകരവാഴ്ച.

ജനങ്ങളുടെ ജീവിതത്തിലും സ്വകാര്യതയിലും യാതൊരു വിശദീകരണവുമില്ലാതെ കടന്നു കയറാന്‍ ഇന്ത്യന്‍ പട്ടാളത്തിനു എല്ലാ വിധ സ്വാതന്ത്ര്യവും നല്‍കുന്ന AFSPA ദശാബ്ദങ്ങളായി മണിപ്പൂരിന്റെ ജീവന്‍ ഊറ്റിയെടുത്തുകൊണ്ടിരിക്കുകയാണ്. വ്യക്തിസ്വാതന്ത്ര്യം നഷ്ടപ്പെടുന്നതു കൂടാതെ സ്ത്രീകളേയും കുട്ടികളേയും മൃഗീയമായി ബലാത്സംഗം ചെയ്യുന്നതും, പീഡിപ്പിക്കുന്നതും കണ്ട് കണ്ണ് പൊത്തുവാന്‍ പോലുമാകാതെ ഇന്ന് മണിപ്പൂര്‍ വിങ്ങുന്നു.

ദിനം പ്രതി സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന് അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് സുരേഷ് അന്വേഷണക്കമ്മീഷനില്‍ ഷര്‍മ്മിള വളണ്ടിയറായിച്ചേരുന്നത് 2000 ഒക്റ്റോബറിലാണ്. പട്ടാളക്കയ്യേറ്റത്തിന്റെ കൊടുമ എത്ര നികൃഷ്ടമാണെന്നുള്ള സാക്ഷ്യപ്പെടുത്തലുകള്‍ നേരിട്ട് കേള്‍ക്കാനായ ഷര്‍മ്മിള തന്റെ ഐതിഹാസികമായ സത്യാഗ്രഹം തുടങ്ങുന്നത് 2000 നവംബ്റിലും. പട്ടാളവും തീവ്രവാദിസംഘടനകളും തമ്മിലുള്ള കലാപത്തില്‍ നിരപരാധികളായ സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് മണിപ്പൂരിലെ ഒരു സാധാരണ സംഭവമായിക്കഴിഞ്ഞിട്ടുണ്ടായിരുന്നു അപ്പോഴേയ്ക്കും.

നവംബര്‍2 -ന് ഇന്ത്യന്‍ പട്ടാളം പ്രക്ഷോഭകാരികളുടെ സംഘത്തിനെതിരായി മാലോം ബസ് സ്റ്റാന്റില്‍ നടത്തിയ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത് പത്ത് സാധാരണക്കാരായിരുന്നു.ചോരയും കണ്ണുനീരും നിറഞ്ഞ ബസ്സ്റ്റാന്റ് നേരിട്ടു കണ്ട ഷര്‍മ്മിള തോക്കും തോക്കും തമ്മില്‍ തീരാക്കണക്കുകള്‍ പറഞ്ഞു തീര്‍ക്കുന്ന യുദ്ധഭൂമിയിലേയ്ക്ക് ഇറങ്ങിയത് തികച്ചും സ്വാഭാവികമായിട്ടാണ്. അവരുടെ സമരശൈലി തികച്ചും വ്യത്യസ്തവും സമാധാനപരവും അതെ സമയം തീര്‍ത്തും സ്ഫോടനാത്മകവുമായിരുന്നു.


മണിപ്പൂരിലെ പെണ്‍ശരീരങ്ങള്‍ തങ്ങളുടെ വൈകൃതങ്ങളുടെ പ്രദര്‍ശനമേഖലകളാണെന്ന് അഹങ്കരിക്കുന്ന ഇന്ത്യന്‍ പട്ടാളത്തിനെതിരായുള്ള യുദ്ധത്തിന്റെ പടനിലവും പടക്കോപ്പും സ്വന്തം ശരീരം തന്നെയാണ് എന്ന് ഷര്‍മ്മിള തിരിച്ചറിയുകയായിരുന്നു. നവംബര്‍ -4നു തന്റെ അമ്മയുടെ കാല്‍ തൊട്ടു അനുഗ്രഹം വാങ്ങി സത്യാഗ്രഹം തുടങ്ങിയതു മുതല്‍ ഇന്നു വരെ അവള്‍ അമ്മയെ കണ്ടിട്ടില്ല.

"അമ്മ വിദ്യാസമ്പന്നയല്ല, പക്ഷെ കരുത്തുള്ളവളാണ് , എന്നെ അറിയുന്നവളാണ് "എന്ന് മകള്‍ പറയുമ്പോള്‍ "എന്റെ കുഞ്ഞിന് അവളുടെ ദൗത്യം നിറവേറ്റാന്‍ ഭഗവാന്‍ ശക്തി നല്‍കട്ടെ" എന്ന് പെറ്റമ്മയുടെ പ്രാര്‍ത്ഥന.

സത്യാഗ്രഹം തുടങ്ങി അധിക ദിവസം കഴിയുന്ന്തിനു മുന്‍പുതന്നെ ആത്മഹത്യാശ്രമത്തിനു ഷര്‍മ്മിളയെ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അന്നുമുതല്‍ക്കിന്നു വരെ ജയിലിനും ആശുപത്രിക്കും അകത്തും പുറത്തുമായുള്ള സത്യാഗ്രഹം ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും നീണ്ട നിരാഹാരസമരമായി മാറുമ്പോഴും ഇതിനൊരന്ത്യം അടുത്തൊന്നുമല്ല.

തന്റെ സമരം അവസാനിപ്പിക്കാന്‍ ഷര്‍മ്മിള മുന്നില്‍ വയ്ക്കുന്നത് ലളിതമായ ഒരേ ഒരാവശ്യം മാത്രം -AFSPA പിന്‍‌വലിക്കണം. ലോകത്തിലെ ഏറ്റവും വലിയ "ജനാധിപത്യവ്യവസ്ഥിതി"യിലെ ഒരു സംസ്ഥാനം പട്ടാളഭീകരഭരണത്തിന്‍ കീഴില്‍ ശ്വാസം മുട്ടി പിടയുന്നത്, ആ നാട്ടിലെ ജനത മുഴുവന്‍ എതിര്‍ത്തിട്ടും കേന്ദ്രസര്‍ക്കാര്‍ പട്ടാളത്തെ അവിടന്ന് പിന്‍‌വലിക്കാത്തത്, ഭീകരമായ ബലാത്സംഗങ്ങള്‍ക്കും പീഡനങ്ങള്‍ക്കും അവിടത്തെ സ്ത്രീകളും കുട്ടികളും ഇരകളായിട്ടും ഈ വാര്‍ത്തകളൊന്നും തന്നെ മാധ്യമങ്ങളില്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ വെളിച്ചം കാണാത്തത് - ഇതിനെല്ലാം കാരണമായ കൈകള്‍ ഏതാണോ, അവ തന്നെയാണ് ഇന്ന് ഷര്‍മ്മിളയെ ഡെല്‍ഹിയില്‍ All India Institute of Medical Sciences-ല്‍ തടങ്കലില്‍ വെച്ചിരിക്കുന്നതും. ആശുപത്രിക്കിടക്കയിലാണെങ്കിലും തിളങ്ങുന്ന വീര്യത്തോടെ തന്റെ നാട്ടുകാര്‍ക്ക് പ്രചോദനമാകുന്ന ഷര്‍മ്മിളയേക്കാള്‍ അപകടകാരിയാണ് രക്തസാക്ഷിയായ ഷര്‍മ്മിള എന്ന് അവര്‍ക്കറിയാം. അതുകൊണ്ട്തന്നെ അവളുടെ ജീവനെ ഏറ്റവും ജാഗ്രതയോടെ അവര്‍ കാത്തു സൂക്ഷിക്കുക തന്നെ ചെയ്യും.

ഷര്‍മ്മിളയില്‍ നിന്നും നേടിയെടുത്ത ഊര്‍ജ്ജം ആസ്സം-മണിപ്പൂര്‍-നാഗലാന്റ് പ്രദേശങ്ങളിലെ സ്ത്രീകളെ കുറച്ചൊന്നുമല്ല ഉത്തേജിപ്പിക്കുന്നത്. ഇതിനു തെളിവായിരുന്നു ജൂലൈയില്‍ അവിടെ നടന്ന പ്രകടനം. ആക്റ്റിവിസ്റ്റായിരുന മനോരമ ദേവിയെ പട്ടാളക്കാര്‍ ജൂലൈ 11-നു കൂട്ടബലാത്സംഗം ചെയ്തു കൊന്നത് മണിപ്പൂരിലെ സ്ത്രീകളുടെ സഹനശ്ശക്തിക്ക് താങ്ങാവുന്നതിലപ്പുറമായിരുന്നു. മാധ്യമചരിത്രത്തിലാദ്യമായി മണിപ്പൂര്‍ ലോകവാര്‍ത്താമാധ്യമങ്ങളില്‍ രണ്ട് കോളം വാര്‍ത്ത മാത്രമാകാതെ ക്യാമറ നിറഞ്ഞ ദൃശ്യമായി ആര്‍ത്തലച്ചത് ഒരു പക്ഷെ അന്നായിരിക്കാം.മണിപ്പൂരിലെ കുറേ സ്ത്രീകള്‍ ജാതി-മത-കുല-ഗോത്രഭേദങ്ങളൊന്നുമില്ലാതെ ജൂലൈ -15 നു തെരുവിലിറങ്ങി തങ്ങളുടെ വസ്ത്രങ്ങള്‍ അഴിച്ചുപറിച്ചു കളഞ്ഞ് "Indian army, come and Rape us" എന്ന് തകര്‍ന്ന ചങ്കോടെ അലറിക്കരഞ്ഞുകൊണ്ട് പട്ടാളക്കാര്‍ക്കുനേരെ ഓടിച്ചെന്നത് ആ വാര്‍ത്ത കണ്ടവരാരും തന്നെ മറന്നിട്ടുണ്ടാവില്ല.

മണിപ്പൂരിലെ അമ്മമാരുടെ ഊര്‍ജ്ജസ്രോതസ്സായ ഷര്‍മ്മിള നിശ്ശബ്ദമായി തന്റെ സത്യാഗ്ര്ഹം തുടരുകയാണ്.പ്രതീക്ഷയോടെ നിഴലുപോലെ അവളുടെ കൂടെ എപ്പോഴുമുള്ള സഹോദരന്‍ പറയുന്നു- "അവള്‍ ജനിച്ചു കുറച്ചു നാള്‍ കഴിഞ്ഞതും അമ്മയുടെ മുലപ്പാല്‍ വറ്റി. പക്ഷെ ആ പരിസരത്ത് മുലപ്പാലുള്ള ഏതമ്മയുണ്ടെങ്കിലും ആ അമ്മയുടെ പാലിലൊരു പങ്ക് അവള്‍ക്കുള്ളതായിരുന്നു. മണിപ്പൂരിലെ അമ്മമാരുടെ ദാനമാണ് അവളുടെ ഈ ശരീരം. അത് അവര്ക്കു വേണ്ടി ബലി കഴിക്കാതിരിക്കാന്‍ അവള്‍ക്കാവില്ല."

ഈ യുവതിയുടെ ത്യാഗം വെറും ജലരേഖയായി മാറാതിരുന്നെങ്കില്‍ ! ഇതുപോലെ എത്ര ബലികള്‍ വേണ്ടിവരും ഇനിയും സ്ത്രീക്ക് തല ഉയര്‍ത്തി ജീവിക്കാന്‍? കാലം മറുപടി തരട്ടെ. ദിനം പ്രതി പരിക്ഷീണമാകുന്ന ശരീരത്തോടെ, പൊടിഞ്ഞുതുടങ്ങിയിരിക്കുന്ന എല്ലുകളോടെ ഷര്‍മ്മിള തന്റെ നാട്ടുകാരുടെ സ്വാതന്ത്ര്യം കാത്തിരിക്കുന്നു. അവളോടൊപ്പം ഈ സ്വാതന്ത്ര്യം സ്വപ്നം കാണുന്ന എണ്ണമറ്റ മനസ്സുകളുടെ പ്രാര്‍ത്ഥനയുമുണ്ട്. റ്റ്യൂബിലൂടെ കടന്നുവരുന്ന ദ്രവഭക്ഷണത്തേക്കാളും അവളുടെ ദേഹിയെ ഇപ്പോഴും പിടിച്ചു നിര്‍ത്തുന്നത് ഈ പ്രാര്‍ത്ഥനകളും സ്വപ്നങ്ങളും തന്നെയായിരിക്കണം.