Tuesday, June 10, 2008

ഞങ്ങള്‍ കൂടെയുണ്ട് - എം മുകുന്ദന്‍

സുധീഷിന് ശ്രീ എം മുകുന്ദന്‍ അയച്ച സന്ദേശം. ഇവിടെ ബ്ലോഗ്ഗര്‍മാരെല്ലാം കൂടി അവനു ചികില്‍സയ്ക്കു വേണ്ടി പണം സ്വരൂപിക്കുന്നു എന്നറിഞ്ഞപ്പോ അദ്ദേഹം തന്നതാണീ കത്തിന്റെ കോപ്പി. സ്കാന്‍ ചെയ്തതു വായിക്കാന്‍ ബുദ്ധിമുട്ടഉള്ളവര്‍ക്കായിട്ട് ഇതിന്റെ അവസാനം മാറ്റര്‍ ടൈപ്പ് ചെയ്തിട്ടുണ്ട്.


“എല്ലാവരോടും പറയണം, അവന്‍ മടങ്ങി വരും. ഏറ്റവും അഡ്വാന്‍സ്ഡ് ആയ ചികില്‍സയാണിപ്പോള്‍ അവനു കൊടുക്കാന്‍ പോകുന്നത്. പണത്തിന്റെ കുറവുകൊണ്ട് മാത്രമാണ് ചികില്‍സ വൈകുന്നത്. സന്മനസ്സുകളെല്ലാം കൂടി ഒന്നാഞ്ഞു പിടിച്ചാല്‍ അവന്‍ തീര്‍ച്ചയായും തിരിച്ചു വരും. ഇത്രയും വേദനയ്ക്കുള്ളിലും അവന്റെ തെളിഞ്ഞ ചിരി കണ്ടില്ലെ, അതവന്റെ ഉള്ളിലെ ആത്മവിശ്വാസമാണ്. അതവനെ കാക്കും , കൂട്ടിനു നമ്മളുമുണ്ടെങ്കില്‍...“ അദ്ദേഹം പറഞ്ഞു.

നീ ഓര്‍ക്കുന്നുണ്ടോ?
കഴിഞ്ഞ ഫെബ്രുവരിയില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നു വന്ന എഴുത്തുകാര്‍ക്കു വേണ്ടി ഞങ്ങള്‍ അക്കാദമി മുറ്റത്ത് ഒരു സര്‍ഗ്ഗസം‌വാദം ഒരുക്കിയിരുന്നു. പച്ചമരത്തണല്‍ വിരിച്ച മുറ്റത്ത് കവിതയുടെ തുലാവര്‍ഷം കെട്ടഴിഞ്ഞു വീണ നാളുകള്‍ന്ന് കെമോതെറാപി തളര്‍ത്തിയ ശരീരവും മുടി കൊഴിഞ്ഞ തലയുമായി രോഗശയ്യയില്‍ നിന്ന് എഴുന്നേറ്റു വന്ന് മരച്ചുവട്ടിലിരുന്ന് വിറയ്ക്കുന്ന ചുണ്ടുകള്‍കൊണ്ട് നീ കവിത ചൊല്ലിത്തുടങ്ങിയപ്പോള്‍ എന്റെ നെഞ്ചിലെ ഞരമ്പുകള്‍ പിടയുന്നത് ഞാനറിഞ്ഞു. എന്റെ കണ്ണുകളില്‍ കണ്ണീരുപ്പിന്റെ രുചിയും ഞാനറിഞ്ഞു.


നാലാം ദിവസം അതിഥികളായി വന്നെത്തിയ എഴുത്തുകാര്‍ മടങ്ങിപ്പോവുകയും അക്കാദമി മുറ്റം ആളൊഴിഞ്ഞു വിജനമാകുകയും ചെയ്തപ്പോള്‍ ഒരു നിഴല്‍ മാത്രം എങ്ങും പോകാതെ തങ്ങിനില്‍ക്കുന്നത് ഞാന്‍ കണ്ടു. വെള്ളം വറ്റിയിട്ടും അതില്‍ വീണു കിടക്കുന്ന നിഴല്‍ മായാതെ നില്‍ക്കുന്നതു പോലെ. ആ നിഴല്‍ നീയും നിന്റെ കവിതയുമായിരുന്നു, സുധീഷ്.


നിന്നില്‍ കവിതയും രാഗവും തമ്മില്‍ തീവ്രപ്രണയത്തിലായിരുന്നെന്ന് അന്നു മാത്രമാണ് ഞാനറിഞ്ഞത്. അപ്പോള്‍ വര്‍ണങ്ങളെ പ്രണയിക്കുവാനായി വാന്‍ ഗോഗിനെ സന്ദര്‍ശിച്ച് ആ കലാകാരന്റെ കരളുകള്‍ തന്നെ കാര്‍ന്നുതിന്ന ക്ഷയരോഗത്തെക്കുറിച്ച് ഞാനോര്‍ത്തു പോയി. മഹാരോഗങ്ങള്‍ നമ്മള്‍ എഴുത്തുകാരെ തേടിയെത്തുന്നത് നമ്മളില്‍ വിരിഞ്ഞു നില്‍ക്കുന്ന അക്ഷരപ്പൂക്കളെ പ്രണയിക്കുവാന്‍ വേണ്ടി മാത്രമാണെന്ന് ഞാന്‍ നിനക്കു പറഞ്ഞു തരട്ടെ. നമ്മുടെ കയ്യിലെ പേനയൊടിപ്പിക്കുവാനോ നമ്മുടെ നെഞ്ചിലെ ശ്വാസം കവര്‍ന്നെടുക്കുവാനോ അല്ല രോഗങ്ങള്‍ നമ്മുടെ അടുത്തു വരുന്നത്. രോഗങ്ങള്‍ നമ്മുടെ അക്ഷരങ്ങള്‍ക്ക് തീവ്രതയും വെളിച്ചവും പകരുന്നു. നമ്മളിലെ സര്‍ഗ്ഗാത്മകതയെ പ്രണയിച്ചു തീര്‍ന്നാല്‍ രോഗങ്ങള്‍ മടങ്ങിപ്പോകും. ഒരു മഹാരോഗത്തിനും ഒരു കവിയേയും ഇന്നുവരെ കീഴടക്കുവാന്‍ കഴിഞ്ഞിട്ടില്ലെന്ന അറിവ് ഞാന്‍ നിനക്ക് പകര്‍ന്നു തരുന്നു. നിനക്ക് കരുത്തു പകരാന്‍. നിന്റെ കൈവിരലുകള്‍ക്കിടയിലെ പേന ഊര്‍ന്നു വീഴാതിരിക്കാന്‍...


ദാരിദ്ര്യമുള്ള ഒരു കുടുംബത്തിലാണ് നീ ജനിച്ചു വീണതെന്ന് ഞാനറിയുന്നു. ദാരിദ്ര്യം പഠിക്കുവാനും ജീവിയ്ക്കുവാനും കൂടുതല്‍ ഇച്ഛ നിനക്ക് നല്‍കുകയല്ലെ ചെയ്തത്?
അതുകൊണ്ട് നീ ഇനിയും പഠിക്കണം. വളരണം. രോഗവും മരണവും അറിവിന്റെ ശത്രുക്കളല്ലെന്ന് ഞാന്‍ പറയാതെ നിനക്ക് അറിയാമല്ലോ.
നിന്റെ കവിതാപുസ്തകങ്ങള്‍ വിറ്റും വാങ്ങിയും പണമുണ്ടാക്കി ഞങ്ങള്‍ ഭാഷാസ്നേഹികള്‍, മനുഷ്യസ്നേഹികള്‍ ചികില്‍സ തുടരാനായി നിന്നെ സഹായിക്കാം. നീ പതറരുത്.


അതുകൊണ്ട്,

എഴുതി ഫലിപ്പിക്കാന്‍
കഴിയാത്ത വേദന
പൂര്‍ണ്ണമായി പൊട്ടിയൊലിച്ച്
ദുര്‍ഗ്ഗന്ധം വമിച്ചപ്പോള്‍
തോല്‍വി സമ്മതിച്ച്
തിരിച്ചു നടന്നു...


എന്ന് നീ ഒരിക്കലും എഴുതരുതു കുട്ടീ. നീ ഞങ്ങളുടെ കൂടെത്തന്നെ എന്നുമുണ്ടാകണം. നിനക്ക് കരുത്തും സ്നേഹവും നല്‍കാന്‍ ഞങ്ങള്‍ കൂടെയുണ്ട്. ഞാന്‍ കൂടെയുണ്ട്.


ദൂരം കുറഞ്ഞ ആകാശത്തിനും
കട്ടി കൂടിയ
ഇരുട്ടിനും
ഇടയില്‍ ഞാന്‍...

എന്നും നീയെഴുതി. കുട്ടീ, ഇന്നു നീ അങ്ങനെയായിരിക്കാം. പക്ഷെ, ഞങ്ങള്‍ നിന്നെ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും ആകാശം ദൂരങ്ങളിലേയ്ക്ക് മടങ്ങിപ്പോകുമെന്നും കട്ടികൂടിയ ഇരുട്ട് വീണ്ടും വെളിച്ചമായി മാറുമെന്നും ഈശ്വരനാമത്തില്‍ ഞാന്‍ നിനക്ക് ഉറപ്പു നല്‍കട്ടെ. നിന്റെ കവിതകള്‍ നെഞ്ചിലെറ്റി ചുണ്ടുകളില്‍ പ്രാര്‍ത്ഥനകളുമായി ഞങ്ങള്‍ കൂടെയുണ്ട്. ഞാന്‍ കൂടെയുണ്ട് മോനേ...

നിന്നെ കൊണ്ടുപോകുവാന്‍ വന്ന് അവസാനം നിന്നെയും നിന്നിലെ കവിതയേയും സ്നേഹിച്ച് തനിയെ മടങ്ങിപ്പോയ മരണത്തെക്കുറിച്ച് ഒരുനാള്‍ നീ കവിതയെഴുതും...

ആ നാള്‍ ദൂരെയല്ല മകനേ.

എം. മുകുന്ദന്‍(സുധീഷിനെ കുറിച്ച് കൂടുതല്‍ അറിയണം എന്നു തോന്നുന്നവര്‍ ദയവായി ഈ പോസ്റ്റ് വായിക്കുക )

12 comments:

അചിന്ത്യ said...

സുധീഷിന് ശ്രീ എം മുകുന്ദന്‍ അയച്ച സന്ദേശം. ഇവിടെ ബ്ലോഗ്ഗര്‍മാരെല്ലാം കൂടി അവനു ചികില്‍സയ്ക്കു വേണ്ടി പണം സ്വരൂപിക്കുന്നു എന്നറിഞ്ഞപ്പോ അദ്ദേഹം തന്നതാണീ കത്തിന്റെ കോപ്പി.

ഇട്ടിമാളു said...
This comment has been removed by the author.
ViswaPrabha വിശ്വപ്രഭ said...

പത്തുവയസ്സു തികയാന്‍ പോകുന്ന മുഹമ്മദ് അല്‍ ബഗ്ലി എന്ന എന്റെ കളിക്കൂട്ടുകാരനുണ്ട് ഈ കത്തിന്റെ കൂടെ സുധീഷിനെ ചെന്നു കാണാന്‍.

ഗര്‍ഭസ്ഥമായിരുന്ന നാളുകള്‍ മുതല്‍ അവന്‍ പൊരുതിക്കൊണ്ടേ ഇരിക്കുന്നു.

അരിപ്പല്ലുകള്‍ ചേര്‍ത്തുവെച്ചു് അവന്‍ ധാരാളമായി വിതറിക്കൊടുക്കുന്ന പൂനിലാവില്‍ കരിഞണ്ടുകള്‍ പൊള്ളിപ്പൊള്ളിയുരുകിയൊലിച്ചോടിപ്പോവുന്നു...

ആ ചിരിപ്പൂനിലാവ് കെടാതിരിക്കുവോളവും അവയ്ക്കവനോടടുക്കുവാനേ പറ്റില്ലെന്ന് അച്ഛന്‍ ഹമദ് എനിക്കെന്നും വാക്കു തരുന്നു...

:-)

സുധീഷ്,
ഒരുള്‍വിളി, ഒരു വാശി, ജീവിതപ്പൂവിന്റെ ഒരിതള്‍ മണം കെടാതെ വെയ്ക്കുക,
വാടാതെ കാക്കുക,
തളരാതെയുയിരിന്റെയടരിലൂടാടുക.

അചിന്ത്യ said...

ഇട്ടിമാളൂ , അതേ , ഒക്കേം ഒരു വിശ്വാസത്തിന്റേ മോളിലാ.
ഉറപ്പുള്ളതായിട്ടു വേറൊന്നും എനിക്കറീല്ല്ല്യ.4 തലയും 15 കയ്യും 6 കാലുമുള്ള ദേവന്റെ കഥയല്ല പറയണത്.

അതിനുമപ്പുറള്ള, വിശ്വേട്ടൻ പറഞ്ഞ പോലെ , എങ്ങനെയെന്നറിയാണ്ടെ മുന്നോട്ടു കൊണ്ടു പോവണ ഒരു വിശ്വാസം. നാളേയ്ക്ക് ചെയ്യാനുള്ളതൊക്കേം പ്ലാനിട്ട് ഉറങ്ങുമ്പോ രാവിലെ നമ്മളെ കണ്ണുതുറപ്പിക്കണ ആ ഒരു കുരുട്ടു ധൈര്യം.

ഈ കത്തെഴുത്യേ ആൾക്കും അത് സ്വീകരിച്ചയാൾക്കും അത് വേണ്ടുവോളമുണ്ട്. അതവരെ മുന്നോട്ട് കൊണ്ടു പോട്ടെ.

വിശ്വേട്ടാ,അവൻ തളർന്നിട്ടില്ല്യാ വിശ്വേട്ടാ.ചില ദിവസം പറയും ഇന്ന് നല്ല ക്ഷീണണ്ട് ചേച്ചി, പക്ഷെ സംസാരിക്കൂ, ഫോൺ വെയ്ക്കണ്ടാ ന്ന്.എനിക്ക് ചില നേരത്ത് ഭയം തോന്നും. അവനൊട്ടും തന്നെ പേടില്ല്യാ.

എല്ലാരടേം സ്നേഹോം പ്രാർത്ഥനേം അവന്റെകൂടെ വേണം.

അചിന്ത്യ said...

ഒരു കാര്യം മറന്നു. വിശ്വേട്ടന്റെ പത്തുവയസ്സുകാരന്റെ ചിരി എന്നും വിരിയട്ടെ.നല്ലതു വരട്ടെ.

kaithamullu : കൈതമുള്ള് said...

സുധീഷ്, ഞങ്ങളെല്ലാം കൂടെയുണ്ട്,മനസ്സ് നിറഞ്ഞ പ്രാര്‍ത്ഥനകളോടെ!

നന്ദി അചിന്ത്യാ!

കുറുമാന്‍ said...

വിളരാതെ, തളരാതെ മുന്നോട്ട് സുധീഷ്. ആത്മധൈര്യം ആവോളം ഉണ്ടെന്നറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം.

മുസാഫിര്‍ said...

എം മുകുന്ദന്റെ ഈ കുറിപ്പും മനസ്സിനെ സ്പര്‍ശിക്കുന്നു ആഴത്തില്‍,സുധീഷീന്റെ ജീവിതം പോലെ.നന്ദി റ്റീച്ചറെ , ഇത് ഇവിടെ ഇട്ടതിന്.

ശ്രീ said...

ഇതിവിടെ പോസ്റ്റിയതിനു നന്ദി. പ്രാര്‍ത്ഥനകളോടെ...

അചിന്ത്യ said...

നന്ദി,
കൈതമുള്ള്, കുറുമാൻ, മുസാഫിർ , ശ്രീ...അവനോടു ഞാൻ ഈ വിവരൊക്കെ പറഞ്ഞു. എല്ലാരോടും അവന്റെ സ്നേഹാന്വേഷണങ്ങൾ അറിയിക്കാൻ പറഞ്ഞു ട്ടോ

Vimarshakan said...
This comment has been removed by a blog administrator.
അചിന്ത്യ said...

പ്രിയവിമർശകൻ,
ദയവു ചെയ്തു എന്റെ ബ്ലോഗ് മഞ്ഞപ്പത്രപോസ്റ്ററുകൾ പതിക്കാനുള്ള ചുമരാക്കാതിരിക്കു.
ഒരു കുട്ടിടെ ജീവൻ രക്ഷിക്കാൻ നമ്മക്കൊക്കെ എന്തെങ്കിലും ചെയ്യാൻ പ്റ്റ്വോ എന്നുള്ള ഒരു ശ്രമമായിരുന്നു ആ പോസ്റ്റ്. അവടെത്തന്നെ ഐശ്വര്യമായി പരദൂഷണം നടത്തണമായിരുന്നോ സുഹൃത്തേ?
താങ്കളിട്ട ലിങ്കാണെങ്കി എനിക്ക് യാതൊരു താല്പര്യമില്ല്യാത്ത വിഷയവുമാണ്.

ഞാനതു ഡിലീറ്റ് ചെയ്യുണു. അറിയാം. മിക്ക പരദൂഷണ അനോണികമന്റുകളുടേയും രീതിയിൽ നിങ്ങൾക്കിവടെ കമന്റു മഴ പെയ്യിക്കാം , എന്ത് ഞാനിവിടന്ന് കളഞ്ഞുവോ അതിനെപ്പറ്റീ ഇവടെ എന്തും നിങ്ങൾക്ക് പറയാം. എന്നെ നേരിട്ട് അറിയാവുന്ന ആരോ ആണ് നിങ്ങൾ എൻന്ുതന്നെ ഞാൻ വിശ്വസിക്കുണു. അല്ലെങ്കിൽ ഇത്രേം ലോപ്രൊഫൈലായ ബ്ലോഗിൽ ഇത്തരം ഒരു കമന്റിനു പ്രസക്തിയില്ല്യല്ലോ.

പരിചയമുണ്ടെന്ന് തോന്നിയതുകൊണ്ടു തന്നെ ആ അടുപ്പം വെച്ച് പറയാണ് , ചെയ്യല്ലെ ഇനീം ഇത്.