Thursday, April 26, 2007

സ്റ്റാര്‍ട്ട് ആക്ഷന്‍ ക്യാമറ. ഒരു തൃശ്ശൂര്‍ തിരക്കഥ.

തിരശ്ശീല ആദ്യമായി താണപ്പോള്‍


ഒരു ദേശത്തിന്‍റെ ചരിത്രത്തെക്കുറിച്ചു പരയുമ്പോള്‍ അവശ്യം കടന്നു വരേണ്ട ഒന്നാണ് അവിടത്തെ സാംസ്കാരികമണ്ഡലം. കേരളത്തിന്‍റെ സാംസ്കാരികതലസ്ഥാനമായ തൃശൂരിന്‍റെ വികാസപരിണാമങ്ങളില്‍ ശ്രദ്ധേയമായ ഒരേടാണ് സിനിമ. അഥവാ മലയാളിയും സിനിമയും തമ്മിലുള്ള ബന്ധത്തിന്‍റെ കാണാനൂലിഴകള്‍ .വര്‍ഷം - 1907
സ്ഥലം- തൃശൂര്‍ തേക്കിന്‍ കാട് മൈതാനത്തിന്‍റെ ഒരു മൂലയില്‍ ഉയര്‍ത്തിയിട്ടുള്ള ചെറിയ കൂടാരം
പേര് - ജോസ് ബയൊസ്കോപ്പ്

നിലത്ത് പടിഞ്ഞിരുന്ന്, മുന്നില്‍ തൂക്കിയിട്ടിരിക്കുന്ന വെള്ളനിറത്തിലുള്ള തിരശ്ശീലയില്‍ വെള്ളനിറത്തിലുള്ള തിരശ്ശീലയില്‍ വിരിയുന്ന ദൃശ്യങ്ങള്‍ അമ്പരപ്പോടെ നോക്കിയിരിക്കുന്ന നൂറോളം കാണികള്‍. അവര്‍ക്ക് മുന്നില്‍ ഒരു തീവണ്ടി ചീറിപ്പാഞ്ഞെത്തുന്നു, ഒരു പൂ വിരിയുന്നു , പട്ടി കുരയ്ക്കുന്നു. ഏതാണ്ട് ഇരുപത് മിനിട്ടോളം ദൈര്‍ഘ്യം വരുന്ന, പരസ്പരബന്ധമേതുമില്ലാത്ത ഈ ദൃശ്യങ്ങളിലൂടെയാണ് കേരളക്കരയ്ക്കു മുന്നില്‍ ആദ്യമായി ഒരു മലയാളി ബയൊസ്കോപ്പ് എന്ന സാദ്ധ്യതകളുടേയും സ്വപ്നങ്ങളുടേയുമായ നൂതനലോകം തുറക്കുന്നത്.

1906- ഇല്‍ സേലത്ത് നടന്ന ദക്ഷിണേന്ത്യയിലെ ആദ്യത്തെ ബയൊസ്കോപ്പ് പ്രദര്‍ശനത്തിനു ശേഷം ഒരു വര്‍ഷം തികയുന്നതിനു മുന്‍പെയാണ് ജോസ് ബയൊസ്കോപ്പ് കേരളത്തിലുടനീളം കൊച്ചുകൊച്ച് കൂടാരങ്ങളിലെ കാണികള്‍ക്ക് അത്ഭുതദൃശ്യങ്ങള്‍ കാണിച്ചുകൊടുത്തത് എന്നതില്‍ നിന്നു തന്നെ മനസ്സിലാക്കാം മലയാള സിനിമയുടെ ചരിത്രത്തില്‍ തൃശ്ശൂര്‍ക്കാരനും, ജോസ് ബയൊസ്കോപ്പ് ന്റ്റെ ഉടമയുമായ കാട്ടൂക്കാരന്‍ വാറുണ്ണി ജോസഫിന്‍റെ പ്രസക്തി. ടാക്കീസ് എന്ന
സങ്കല്പം പോലും മലയാളിയ്ക്ക് അജ്ഞാതമായിരുന്ന , തൃശ്ശൂരില്‍ വൈദ്യുതി എത്തി നോക്കുക പോലും ചെയ്തിട്ടില്ലാത്ത ഒരു കാലഘട്ടത്തില്‍ തിരുച്ചിറപ്പിള്ളിക്കാരന്‍ വിന്‍സന്‍റ് പോളിന്‍റെ കയ്യില് നിന്നും വാങ്ങിയ തന്‍റെ ബയോസ്ക്പോപ്പുമായി വാറുണ്ണി ജോസഫ് കേരളത്തിനകത്തും പുറത്തും ഒരു പുതിയ സംസ്കാരത്തിന്‍റെ ആഗമനം കാഹളം മുഴക്കി അറിയിച്ചു.

കൈകൊണ്ട് കറക്കിയാണ് ബയോസ്കോപ്പിന്‍റെ പ്രൊജക്റ്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. രാത്രി സമയത്ത് പ്രദര്‍ശനം നടക്കുമ്പോള്‍ കൂടാരത്തിനുള്ളില്‍ ഒരു കാലിവീപ്പയില്‍ പെറ്റ്രോമാക്സ് ഇറക്കിവെച്ച് ഒരു പലകകൊണ്ട് മൂടും. ജോസ് ബയോസ്കോപ്പിലൂടെ കേരളക്കര സിനിമാസ്വാദനത്തിന്‍റെ അക്ഷരമാല അഭ്യസിച്ചു തുടങ്ങവെ ആദ്യം ബോംബെയിലും കല്‍ക്കത്തയിലും, പിന്നീട് ഇന്ത്യയില്‍ മറ്റു പലയിടങ്ങളിലും നിശ്ശബ്ദചിത്രങ്ങള്‍ പ്രേക്ഷകരെ ആകര്‍ഷിച്ചു തുടങ്ങിയിരുന്നു.
കൊല്‍ക്കത്തയില്‍ തീപ്പെട്റ്റി വ്യവസായത്തെക്കുറിച്ചു പഠിക്കാന്‍ പോയ എഞ്ജിനീയറിംഗ് ബിരുദധാരിയായ മകന്‍ ദേവസ്സി മുഖേന, വൈദ്യുതി ഉപയോഗിച്ചുപ്രവര്‍ത്തിക്കുന്ന പ്രൊജക്റ്റര്‍ വാറുണ്ണി ജൊസഫ് തൃശ്ശുര്രിലെത്തിക്കുന്നതോടെ ജോസ് ബയ്യൊസ്കൊപ്പ് ജോസ് എലക്റ്റ്രിക് ബയൊസ്കോപ് ആയിമാറി . എഡിപോളോ , കിംഗ് ഒഫ് ദ് സര്‍ക്കസ് തുടങ്ങിയ ഇംഗ്ഗ്ലീഷ് ചിത്രങ്ങളോടൊപ്പം കാളിയമര്‍ദ്ദനം, ഹരിശ്ച്ചന്ദ്രന്‍ തുടങ്ങിയ മൂക ചിത്രങ്ങള്‍ കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ തുടങ്ങി. സ്ക്രീനില്‍ കാണിക്കുന്ന ദൃശ്യങ്ങള്‍ “ഇതാ നായകന്‍ നായികയുടെ അടുത്തെയ്ക്ക് ചെല്ലുന്നു, അയാളെ വില്ലന്മാര്‍ താല്ലുന്നു“ എന്നൊക്കെ അപ്പപ്പോള്‍ ഉറക്കെ വിളിച്ച് പറയുകയായിരുന്നു അന്നത്തെ രീതീ. ജോസഫിന്‍റേതു കൂടാതെ മറ്റു ചില മൂവീ സംഘങ്ങള്‍കൂടി കേരളത്തിലുടനീളം സഞ്ചരിച്ച് ചിത്രപ്രദര്‍ശനം നടത്താന്‍ തുടങ്ങിയത് ഏതാണ്ട് ഇതേ കാലഘട്ടത്തിലാണ്. തൃശ്ശൂര്‍ക്കാറ് തന്നെയായ കാഞ്ഞിരപ്പറമ്പില്‍ വാറു, മൂക്കന്‍ മാസ്റ്റര്‍ തുടങ്ങിയവരയിരുന്നു ഇതില് പ്രധാനികള്. അങ്ങനെ അനവധി തൃശ്ശൂരുകാരുടെ കണ്ണിലും മനസിലുമായി ചിത്രങ്ങള്‍ നിശബ്ദമായി ചലിച്ചു. ഇവിടെ നിശബ്ദ സിനിമ വളരുകയാണ്. അതിന്റെ നിശബ്ദതയ്ക്ക് ഭംഗം വരാറായി.

കാട്ടൂക്കാരന്‍ വാറുണ്ണി ജോസഫ് പെറ്റ്രോമാക്സ് വീപ്പയ്ക്ക് വെളിയിലേക്ക് ഇറക്കിവച്ചു. പുറത്ത് വെളിച്ചം പരന്നു.

ഇന്റര്‍വെല്‍!

(പ്രിയമുള്ള കൂട്ടുകാരേ.. ഇടവേളയാണിത്. ഉപ്പുസോഡയും ക്രഷും പുറത്തെ പീടികയില്‍ കിട്ടും. അവിടെ നിന്നും പാട്ടുപുസ്തകം വാങ്ങാന്‍ മറക്കണ്ട. വേഗം തിരികെ വരാനും)

1 comment:

Jeevan said...

ഹൃദ്യമായ അനുഭവം..ഒരു സിനിമ കണ്ട പോലായി...ഒരു നാരങ്ങ സോഡയും കപ്പലണ്ടി മിടായും കുടി വേണായിരുന്നു :)