Tuesday, May 13, 2008

വേദന പറയാതെ സുധീഷ് ...
രാവിനെ സ്നേഹിച്ച
നത്ത്
പകലിനോട്
കണ്ണീരെഴുതി
പറഞ്ഞത്
കേട്ടവരോടും
കേള്‍ക്കാത്തവരോടും
എനിക്ക് പറയാന്‍...

സുധീഷിനു പറയാനുള്ളതെല്ലാം കുറിച്ചു വെച്ച കടലാസ്സുകഷ്ണങ്ങള്‍ "വേദന പറയാതെ" എന്ന പുസ്തകമായതിനു പിന്നില്‍ അവന്‍ പറയാതെ വിട്ട അവന്റെ വേദന പങ്കിട്ട ശ്രീധരന്‍ ചെറുവണ്ണൂര്‍ എന്ന കവിയുടെ ശ്രമങ്ങളുണ്ട്. ശ്രീധരന്മാഷുടെ വിളിക്ക് ചെവി കൊടുത്ത്, മനസ്സു കൊടുത്ത് സുധീഷിന്റെ കവിതകളിലൂടെ ഉറക്കമിളച്ച് കവിതയില്‍ നിന്നും കവിയുടെ ചൊല്ലാവേദനകളിലേയ്ക്കെത്തിയ പവിത്രന്‍ തീക്കുനിയുടെ പൊള്ളുന്ന സ്നേഹമുണ്ട്. സുഹൃത്തുക്കളുടെ പ്രാര്‍ത്ഥനയും പ്രതീക്ഷയുമുണ്ട്.

കോഴിക്കോടു സര്‍വ്വകലാശാലയില്‍ എം എ കമ്പാരറ്റീവ് ലിറ്ററേചര്‍ വിദ്യാര്‍ത്ഥിയായ കെ എം സുധീഷ് മൂന്നു വര്‍ഷത്തോളമായി ക്യാന്‍സറിനടിമയാണ്. കടുത്ത വേദനയിലാണദ്ദേഹം. ഉടനടി മജ്ജ മാറ്റിവെയ്ക്കാനും മറ്റുമായി ഏഴെട്ടു ലക്ഷം രൂപ വേണ്ടി വരുമത്രെ.
ഇതിലേയ്ക്കുള്ള തുക സമാഹരിക്കുന്നതിന്റെ ഭാഗമായി സുധീഷിന്റെ രണ്ട് കൃതികള്‍ : "വേദന പറയാതെ", "ഭ്രഷ്ടിന്റെ നിറം" എന്നിവ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് സാഹിത്യ അക്കാദമി. രണ്ട് പുസ്തകങ്ങള്‍ക്കും കൂടി 120 രൂപയാണ് വില. ഓരോന്നിന്റേയും രണ്ടായിരം കോപ്പി വീതം വിറ്റുകിട്ടുന്ന രണ്ടുലക്ഷം രൂപ സുധീഷിന്റെ ചികിത്സയിലേക്ക് നല്‍കാനാണ് അക്കാഡമിയുടെ ഉദ്ദേശം. എത്രയും വേഗം ഈ പുസ്തകങ്ങള്‍ വാങ്ങി സുധീഷിനെ സഹായിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
കേരളത്തിനു പുറത്തുള്ളവര്‍ക്ക് ഈ പുസ്തകങ്ങള്‍ ഓണ്‍‌ലൈനായി വാങ്ങാന്‍ സന്ദര്‍ശിക്കുക;
1. വേദന പറയാതെ
2. ഭ്രഷ്ടിന്റെ നിറം

മറക്കാന്‍ ശ്രമിക്കും തോറും മനസ്സിനെ കുത്തിനോവിക്കുന്ന വേദനകള്‍, കോറിവരച്ചിട്ട പാടുകള്‍, രക്തമൂറ്റി വിളറിയ നാഡികള്‍, കാഞ്ഞെരിയലില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന യൌവ്വനത്തെ പല്ലിളിച്ചു കാട്ടിക്കൊണ്ട് സ്വപ്നത്തില്‍ സ്ഥിരം സന്ദര്‍ശകനാകുന്നു. മരണത്തിനും സ്വപ്നത്തിനുമിടയില്‍ നെയ്തെടുത്ത വലക്കണ്ണികള്‍ പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച കാലത്തിലൂടെ മെല്ലെ മെല്ലെ നടക്കട്ടെ..
ആമുഖത്തില്‍ കെ എം സുധീഷ്

കൂടുതല്‍ ലിങ്കുകള്‍:
അമൃത ടി വി ഹെല്പ് ലൈന്‍
ദീപക് ധര്‍മ്മടം

40 comments:

അചിന്ത്യ said...

സുധീഷിനു പറയാനുള്ളതെല്ലാം കുറിച്ചു വെച്ച കടലാസ്സുകഷ്ണങ്ങള്‍ "വേദന പറയാതെ" എന്ന പുസ്തകമായതിനു പിന്നില്‍ അവന്‍ പറയാതെ വിട്ട അവന്റെ വേദന പങ്കിട്ട ശ്രീധരന്‍ ചെറുവണ്ണൂര്‍ എന്ന കവിയുടെ ശ്രമങ്ങളുണ്ട്. ശ്രീധരന്മാഷുടെ വിളിക്ക് ചെവി കൊടുത്ത്, മനസ്സു കൊടുത്ത് സുധീഷിന്റെ കവിതകളിലൂടെ ഉറക്കമിളച്ച് കവിതയില്‍ നിന്നും കവിയുടെ ചൊല്ലാവേദനകളിലേയ്ക്കെത്തിയ പവിത്രന്‍ തീക്കുനിയുടെ പൊള്ളുന്ന സ്നേഹമുണ്ട്. സുഹൃത്തുക്കളുടെ പ്രാര്‍ത്ഥനയും പ്രതീക്ഷയുമുണ്ട്.

അഞ്ചല്‍ക്കാരന്‍ said...

ശ്രദ്ധയില്‍ പെടുത്തിയതിന് നന്ദി.

കണ്ണൂസ്‌ said...

ചേച്ചി, പുസ്തകങ്ങള്‍ വാങ്ങാം.

ബൂലോഗകാരുണ്യത്തിന്റെ ശ്രദ്ധയിലും പെടുത്താമായിരുന്നു.

കണ്ണൂസ്‌ said...
This comment has been removed by the author.
കുട്ടന്‍മേനൊന്‍ said...

നന്ദി. പുസ്തകങ്ങള്‍ വാങ്ങുന്നുണ്ട്.

സാദിഖ്‌ മുന്നൂര്‌ said...

സാഹിത്യ അക്കാദമിയുടെ സംരംഭം അഭിനന്ദനമര്‍ഹിക്കുന്നു. ഇത്‌ ശ്രദ്ധയില്‍ പെടുത്തിയ അചിന്ത്യനും. പുസ്‌തകങ്ങള്‍ വാങ്ങാന്‍ ഇപ്പോള്‍ തന്നെ ഏര്‍പ്പാട്‌ ചെയ്യാം.

അചിന്ത്യ said...

കമന്റിലൂടെ പ്രതികരിച്ചവര്‍ക്കും വായിച്ച് മിണ്ടാതെ കടന്നു പോയവര്‍ക്കും, വായന കൈമാറിയവര്‍ക്കും, പുസ്തകം വാങാന്‍ തീരുമാനിച്ചവര്‍ക്കും, പുസ്തകത്തിലൂടെയല്ലാണ്ടെ തന്നെ അവന്റെ കൈ പിടിക്കാന്‍ ഉദ്ദേശിച്ച ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്കും നന്ദി.

കണ്ണൂസ്സെ , പറഞ്ഞതു ശരിയായിരിക്കാം.അക്കാദമി മുറ്റത്ത് വെച്ച് കുറച്ച് കൂട്ടുകാരോടൊപ്പം വേവലാതിപ്പെട്ട ചില നിമിഷങ്ങളില്‍ തോന്നിയ ഐഡിയ ആയിരുന്നു ഇത്.അങ്ങനെയെങ്കില്‍ എത്രയും വേഗം ഈ വിവരം മൗള്ളവരെ അറിയിക്കാനും അറിഞ്ഞവര്‍ പുസ്തകം വാങാമെന്നു പറഞ്ഞാ എത്രേം വേഗം പുസ്തകം അവരിലേക്കും, പൈസ സുധീഷിനും എത്തിക്കാന്‍ എന്താ വഴി എന്നാലോചിച്ചപ്പളാണ് സ്മാര്‍റ്റ് നീഡ്സ് കാരെ ഓര്‍മ്മ വന്നത്.അവരോടു ചോയ്ച്ചപ്പോ ഇക്കാര്യത്തില്‍ എന്നോടു സഹകരിക്കാം ന്നും പറഞ്ഞപ്പോ സന്തോഷായി.

എന്നെ അറിയാല്ലോ കണ്ണൂസ്സെ പക്കാ വികാരജീവി. മനസ്സിലപ്പോ കരുതീര്‍ന്നത് ഇത് കൊറേപ്പേര്‍ വായിക്കും ന്നും വായിച്ച ഉടനെ പുസ്തകങ്ങ്ല്ക്കുള്ള ഓര്‍ഡര്‍ വരും ന്നും ഒക്ക്യാണ്. സത്യം പറഞ്ഞാ ബൂലോകകാരുണ്യം ന്നൊന്നും എന്റെ തലയില്‍ ഉദിച്ചതേയില്ല്യ. കുറേ കാലായി ഇവടത്തെ പരിപാറ്റികളോന്നും അധികം പരിച്യല്ല്യാതോണ്ട് പറ്റ്യെ ഒരബദ്ധം.പുസ്തകത്തിന്റെ സ്കാന്‍ ചെയ്ത പുറം ചട്ട സ്മാര്‍റ്റ് നീഡ്സിനും അതിന്റെ കൂടെ പെട്ടെന്നുണ്ടാക്ക്യെ ഒരു റ്റെക്സ്റ്റ് കുമാറിനും അയച്ചു കൊടുത്തു. ഇതൊന്നു പോസ്റ്റാക്കെടാ ന്നും പറഞ്ഞ്.

കണ്ണൂസ്സിന്റെ കമന്റ് വന്നേനു ശേഷം കുമാര്‍ ഈ പോസ്റ്റിന്റെ ലിങ്ക് ബൂലോക കാരുണ്യക്കാര്‍ക്ക് അയച്ചു കൊടുത്തൂന്നാണ് ഞാന്‍ മനസ്സിലാക്ക്യേത്. ഇനിപ്പോ എന്താ ചെയ്യണ്ടെ? ഈ പോസ്റ്റെടുത്ത് അവടെ ഇടണോ?
കമന്റുകള്‍ വന്നത് മൂന്നാലു പേരട്യാണെങ്കിലും വായിച്ചു പോയവര്‍ അതിലെത്രയോ ഏറെയാണെന്ന് സൈറ്റ്മീറ്റര്‍ കണക്കുകള്‍ പറയുണു.
അവരൊക്കെ എവടെപ്പോയിന്ന് ഞാന്‍ ചോയ്ക്കിണില്ല്യ.
ഇതിനു പകരം വല്ല പരദൂഷണ പോസ്റ്റോ സ്കാന്‍ഡല്‍ പോസ്റ്റോ ആയിരന്നെങ്കി എന്തായെനെ ഇവടത്തെ ചര്‍ച്ച!
ചര്‍ച്ചക്കുള്ള ആവേശം പ്രവൃത്തിക്ക് ഇല്ല്യാന്ന് ല്ലെ.

ഇതിന്റെ ഡ്രാഫ്റ്റയച്ചു കൊടുത്താല്‍ കാരുണ്യത്തിലിടാം ന്ന് കരുണയുള്ള ഒരു കാരുണ്യന്‍ പറഞ്ഞു.
അതും അയച്ചു കൊടുക്കുണു.
പക്ഷെ വെറും ഒരു ക്ലിക്ക് ചെയ്തു അവനെ സഹായിക്കാത്താന്‍ കൂട്ടാക്കാത്ത കുറേപ്പേരെങ്കിലും ഇവടെ ണ്ടേന്നുള്ള തിരിച്ചറിവു വേദനിപ്പിക്കുണു കണ്ണൂസ്സെ.


എല്ലാം ഓരോ പാഠങ്ങള്‍.
എല്ലാര്‍ക്കും
നന്ദി
സ്നേഹം സമാധാനം

കണ്ണൂസ്‌ said...

ചേച്ചി :(

സത്യം പറഞ്ഞാല്‍ കമന്റ് ഇട്ടുവെങ്കിലും ഒന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഞാനും മറന്ന് പോയിരുന്നു. ക്ഷമ.

സ്മാര്‍ട്ട് നീഡ്സിലൂടെ ഓര്‍ഡര് പ്ലേസ് ചെയ്യാന്‍ നോക്കി. പൈസയുടെ കാര്യം ഒന്നും കണ്ടില്ല. വി.പി.പി എന്നൊക്കെയാണു കാണുന്നത്. :(

ബൂലോഗകാരുണ്യം ആയിരിക്കും പെട്ടെന്ന് എല്ലാവരിലും മെസേജ് എത്താനുള്ള വഴി എന്ന് തോന്നുന്നു. ഞാന്‍ നാളെ ഈ പോസ്റ്റ് ശ്രദ്ധയില്‍ പെടുത്താം. വൈകിയിട്ടില്ല എന്ന് കരുതുന്നു. പ്രാര്‍ത്ഥനകള്‍.

ViswaPrabha വിശ്വപ്രഭ said...

പ്രെസ്സ് നോട്ട് വേഗം അയച്ചുതരണം.
സ്കാന്‍ ചെയ്തായാലും മതി.

എതിരന്‍ കതിരവന്‍ said...

പുസ്തകങ്ങള്‍ വേണമെന്നില്ല. ഒരു ചെക്ക് അയക്കണമെങ്കില്‍ എങ്ങോട്ട അയയ്ക്കേണ്ടേ?

അതുല്യ said...

ചെക്ക് റെജിസ്റ്റേര്‍ഡ് പോസ്റ്റായിട്ട് അമൃത സൈറ്റില്‍ കണ്ട അഡ്രസ്സ്സ്സിലേയ്ക്ക് അയച്ചിട്ടുണ്ട്.

ഉമേച്ചി, ബാങ്ക് എക്കൌണ്ട് നമ്പ്ര് വല്ലോഒം ഉണ്ടെങ്കില്‍ അതാവും എന്‍.ആര്‍.എഇ. ആളുകള്‍ക്ക് എളുപ്പം.

കുട്ടന്‍മേനൊന്‍ said...

കണ്ണൂസ്,
www.smartneeds.com -ല്‍ രണ്ടു വിധത്തില്‍ ചെക്കൌട്ട് ഉണ്ട്.
ഒന്ന് വി.പി.പി . മറ്റൊന്ന് ഇന്റര്‍നാഷണല്‍ ചെക്കൌട്ട്. ഓരോ പുസ്തകത്തിനും 60 രൂപയാണ് വില. ഷിപ്പിങ് ചാര്‍ജ്ജ് (വി.പി.പി) 31 രൂപ. ഇന്റര്‍നാഷണല്‍ ചെകൌട്ടിനു ഷിപ്പിങ് ചാര്‍ജില്‍ വ്യത്യാസമുണ്ടായിരിക്കും. അതുകൊണ്ടാണ് അവിടെ ഷിപ്പിങ് ചാര്‍ജ് കൊടുക്കാതിരുന്നത്. Once order placed, smartneeds team will contact you ASAP to reconfirm the order.

For more information on payments please see the link
http://www.smartneeds.com/howtopay.asp

തമനു said...

ബ്ലോഗ് വായന‍ വളരെ കുറവായതിനാല്‍ ഈ പോസ്റ്റ് കാണാന്‍ വൈകി. ഇന്നു കുറുമാന്‍ മെയില്‍ അയച്ചപ്പോഴാണു കാണുന്നതു. ബൂലോഗ കാരുണ്യത്തിലും കണ്ടു..

എല്ലാ സഹായങ്ങളും, പ്രാര്‍ത്ഥനയും.

തമനു said...

എതിരന്‍...

പുസ്തകം വാങ്ങുന്നതു അദ്ദേഹത്തിനു കുറേക്കൂടി ആത്മവിശ്വാസവും, സ്വാന്തനവും നല്‍കും എന്നു തോന്നുന്നു..

പ്രിയപ്പെട്ടവര്‍ക്ക് ഒരു സമ്മാനമായും നമുക്കിതു നല്‍കാമല്ലോ...

Visala Manaskan said...

സുധീഷിന് സഹായമെത്തിക്കുന്നതിന് വേണ്ടി, ദുബായ്, ഷാര്‍ജ്ജ ഏരിയയിലുള്ളവരില്‍ നിന്നും പൈസ കളക്റ്റ് ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. തയ്യാറുള്ളവര്‍, ദയവായി 050-5449024 ഇല്‍ വിളിക്കുക.

അഞ്ചല്‍ക്കാരന്‍ said...

പുസ്തകം എന്റെ സൌഹൃദങ്ങളെ കൊണ്ടു കൂടി വാങ്ങിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതുവരെ പത്ത് സെറ്റ് പുസ്തകത്തിനുള്ള ഓര്‍ഡറും പണവും ലഭിച്ചിട്ടുണ്ട്. നാളെ (23/05/2008) വിശാല്‍ജീയുടെ പക്കലില്‍ പണവും ഓര്‍ഡറും എത്തിക്കും.

നന്ദി.

അചിന്ത്യ said...

പ്രിയരേ
സന്തോഷം സന്തോഷം

സുധീഷിനു ഒരു പുത്യേ അക്കൗണ്ട് എടുക്കാണ്.ിന്ന് വൈന്നേരാവുമ്പളയ്ക്കും അക്കൗണ്ട് നമ്പര്‍ കിട്ടും ന്ന് പറഞ്ഞു.ഉടനെത്തന്നെ ഇവടെ അതിടാം.അത് വരെ ഒന്ന് പൊറുക്കണേ സദിരനും വിശാലനും കണ്ണൂസ്സും കൂടെള്ള എല്ലാരും.മുതിരാ , ചെക്ക് അയക്കണതില്‍ സന്തോഷം. പക്ഷെ ഒരു പുസ്ത്ം ഞാന്‍ എന്തായാലും വാങ്ങി വെക്കാം. എന്നെങ്കിലും ഈ വഴിക്കു വരുമ്പോ തരാം.അവനും അതാവും സന്തോഷം.അതുല്യാമ്മയ്ക്കുള്ളത് അവടെ എത്തിക്കാട്ടോ.
അഞ്ചല്‍ക്കാരാ, പുസ്തകങ്ങള്‍ എത്രയും വേഗം എത്തും ട്ടോ

സുധീഷിന്റെ പത്തുനാല്പ്പത് കവിതകള്‍ടെ ഒരു സമാഹാരം കൂടി ഇറങ്ങുണു. അക്കാദമ്യാണ് ഈ പുസ്തകം ഇറക്കണെ. ശ്രീഎം മുകുന്ദന്റെ അവതാരികേം.
അതേയ് ഞാന്‍ നേര്‍ത്തെ ഇവടെക്കിടന്ന് ബഹളം വെച്ചൂന്ന് വെച്ചിട്ട് നിങ്ങളു ചെയ്യണതൊക്കേം എന്നെ ബോധിപ്പിക്ക്വൊന്നും വേണ്ടാട്ടോ. കാര്യായിട്ടൊരനക്കോം പുസ്തകം വില്പനേല്‍ കാണാഞ്ഞപ്പോ എല്ലാരേം ചീത്ത പറയാന്‍ തോന്നീതാ. അത്ര്യേ ഉള്ളൂ.
എല്ലാര്‍ക്കും ഉമ്മ.

അചിന്ത്യ said...

sudheesh's account number -3038948919, SBI( Perambra Branch)


Thanks
Love n peace

എതിരന്‍ കതിരവന്‍ said...

Not that I didn't want the books. The shipping cost (to US) would be multiples of the prize of the books.

ViswaPrabha വിശ്വപ്രഭ said...

സാന്ത്വനം വരുന്നുണ്ട്.

ഹാരിസ് said...

3038948919, SBI( Perambra Branch)
ഈ account നമ്പര്‍ സുധീഷിന്റെ പേരില്‍ തന്നെയല്ലെ...?

അചിന്ത്യ said...

അതെല്ലോ ഹാരിസ് K M Sudheesh

ആഷ | Asha said...

ബുക്കിന് ഓര്‍ഡര്‍ കൊടുത്തു കഴിഞ്ഞു ചേച്ചി.

വായിച്ച് മിണ്ടാതെ കടന്നു പോയവരെ കുറിച്ച് എഴുതീത് കൊണ്ട് മാത്രം കമന്റിടുവാണ്.

സസ്നേഹം

ആഷ & സതീശന്‍

അചിന്ത്യ said...

ആഷക്കുട്ട്യേ ,
എന്നോടൊരാൾ പറഞ്ഞു , ആരും കാണാഞ്ഞോണ്ടാണ് പുസ്തകങ്ങൾക്ക് ഓർഡർ കിട്ടാഞ്ഞേന്ന്.അതാ ഞാൻ പറഞ്ഞെ സൈറ്റ്മീറ്റർ കണക്കൊക്കെ പറയണ കഥ വേറെയാണല്ലോന്ന്.
കുശുമ്പും കുനുഷ്ടും പരദൂഷണം സ്പെഷലുമായുൾല പോസ്റ്റുകളിൽ ഉള്ള ജനത്തിന്റെ ആവേശം ഇവടെ പ്രതീക്ഷിച്ചൊന്നൂല്ല്യ. എന്നാലും...ന്ന് ഒരു വിഷമം തോന്നി. പത്തിരുനൂറു പേരു വന്ന് നോക്കീട്ടും ആകെ മൂന്ന് ഓർഡറുകൾ മാത്രം. അതോണ്ട് പറഞ്ഞൂന്നേള്ളൂട്ടോ.
സ്നേഹം

sree said...

അറിയാന്‍ വൈകി ചേച്ചി. പ്രതികരിക്കാനും. സുധീഷിന്റെ കവിതകള്‍ വായിച്ചിട്ടുണ്ട്..വേറെ ഒന്നും അറിയില്ലായിരുന്നു.പ്രാര്‍ത്ഥനകളോടെ....

അചിന്ത്യ said...

hayyoooooo

maappu tharaneee

account numberiloru thiruthu -30389458919 aanu zarikkulla number

maappu tharaneee kuuttareee

അലിഫ് /alif said...

വായിക്കുവാന്‍ വൈകി, എങ്കിലും വെറുതെ വായിച്ച് കടന്ന് കളയുവാന്‍ കഴിയുന്നില്ല. പുസ്തകങ്ങൽക്ക് ഓര്‍ഡര്‍ നല്‍കുന്നു. സുധീഷിനെ സഹായിക്കുന്ന സുഹൃത്തുക്കള്‍‍ക്കെല്ലാം നന്മ നേരുന്നു.

അചിന്ത്യ said...

അവന്‍ പോയീ

ViswaPrabha | വിശ്വപ്രഭ said...

അടുക്കും ചിട്ടയുമില്ലാതെ ഓടിയടർന്നുപോവുകയാണു് ജീവിതം.
പൊടിയൂറുന്ന പുസ്തകക്കെട്ടുകൾക്കിടയിൽ കുഞ്ഞെലികൾ തിരുവെഴുത്തുകളും കരണ്ടുരസിക്കുന്നു.
കവിത പെയ്തൊലിക്കുന്ന പൾപ്പുനുറുങ്ങുകൾ,
വാക്കുകൾ തളർന്നുകിടന്നുറങ്ങുന്ന തുരങ്കങ്ങൾ,
അക്ഷരങ്ങൾ പുകഞ്ഞുനീറുന്ന ശ്മശാനങ്ങൾ...
വരുംവരായ്കകളുടെ ആധിയൊഴിഞ്ഞ ജാതകക്കുറിപ്പുകൾ...

അവയ്ക്കിടയിൽ നിന്നും വേദന പറയാതെ,ഭ്രഷ്ടിന്റെ നിറം മുഖത്തുതൂവാതെ,വല്ലപ്പോഴുമൊക്കെ അവൻ ഇപ്പോഴും മുഖമുയർത്തി നോക്കാറുണ്ടായിരുന്നു...

രാത്രി വെളിവിന്റെ മായക്കാഴ്ചകളിലേക്ക് ഇഴഞ്ഞിറങ്ങുമ്പോൾ, പകുതിയുറങ്ങിവീണ ബോധം പതിവില്ലാതെ എന്തിനോ ഇന്നു പുലർച്ചേ പുസ്തകക്കൂമ്പാരങ്ങൾക്കിടയിൽ കൈതടഞ്ഞു...

വേദന പറയാതെ,
നിറം ചാർത്തിയാടാതെ,
പന്തംപോലെ ഹൃദയത്തിലേക്കു കത്തിപ്പടർന്നിരുന്ന ഒരു മുഖം...
ചാട്ടുളിപോലെ ജീവിതത്തിലേക്കു് ആഞ്ഞുനോക്കിയിരുന്ന രണ്ടു കണ്ണുകൾ, വീണ്ടും...

ഒടുക്കം, ഇന്നന്തിക്ക്, കരിഞ്ഞുണങ്ങാഞ്ഞ ഒരു മുറിപ്പാട് വെളുപ്പിനെത്തേടി യാത്ര പോയിരിക്കുന്നു...

ശ്രീ said...

നമുക്ക് പ്രാര്‍‌ത്ഥിയ്ക്കാം... സുധീഷിന്റെ ആത്മാവിന്റെ നിത്യശാന്തിയ്ക്കായി... അല്ലാതെന്ത് ചെയ്യാനൊക്കും...

ഇട്ടിമാളു said...

രാവിലെ ഒരു പത്രവാർത്ത വന്നു വിളിച്ചു പറഞ്ഞു.. :(

കുട്ടന്‍മേനൊന്‍ said...

വേദനയില്ലാത്ത ലോകത്തേക്ക്...

കുറുമാന്‍ said...

ആദരാഞ്ജലികള്‍ നേരുന്നു.

Kumar Neelakantan © said...

ആദരാഞ്ജലികൾ. ഇനി അവിടെ ഇരുന്ന് സുധീഷ് എഴുതട്ടെ.

Cartoonist said...

ഉമേ,
അടുത്ത ദിവസത്തെ പോസ്റ്റാണെന്നു കരുതി, വായിക്കെ വായിക്കെ ഇതിന്റെ ലിങ്ക് ഞാനെന്റെ ജി-ടോക്കിലെ സിഗ്നേച്ചര്‍ ആക്കിയിട്ട് മുള്ളൂക്കാരനും കൊടുത്തിട്ട് പിന്നേം വായിക്കാന്‍ തുടങ്ങിയപ്പോഴാണ്....
അന്ന് അവന്‍ അതു കണ്ടപ്പഴെങ്കിലും ചെറുതായി ചിരിച്ചിട്ടുണ്ടാകുമല്ലൊ അല്ലെ ?

മയൂര said...

thoughts and prayers...

അഞ്ചല്‍ക്കാരന്‍ said...

ആദരാഞ്ജലികള്‍....

പാഞ്ചാലി :: Panchali said...

ജോയുടെ പോസ്റ്റില്‍ നിന്നും വിവരം അറിഞ്ഞിരുന്നു.
സങ്കടമുണ്ട്! :(

മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) said...

ആദരാഞ്ജലികള്‍...
വേദനിപ്പിക്കുന്നു ;ഓരോ വേര്‍പാടും ..

Manoraj said...

vayikkan vaiky suhruthe.. entho onnum parayan thonnunnilla...