Thursday, July 5, 2007

ഇറോം ഷര്‍മ്മിള ചാനു - ചെറുത്ത് നില്പിന്റെ സ്ത്രീരൂപം.




ഏതാണ്ട് ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് , അതായത് 2000നവംബറില്‍ തുടങ്ങി, ഇന്നും അവസാനിക്കാതെ തുടരുന്ന ഒരു നിരാഹാരസത്യാഗ്രഹം. 28-ആം വയസ്സുമുതല്‍ ജീവജലംപോലും നിഷേധിക്കപ്പെട്ട ഇളം ശരീരത്തിനെ ദേഹിയോട് പിടിച്ചു നിര്‍ത്തുന്നത് ആശുപത്രിയില്‍ മൂക്കിലൂടെയിട്ട റ്റ്യൂബില്‍ക്കൂടി നിര്‍ബ്ബന്ധിതമായി നല്‍കപ്പെടുന്ന ദ്രവഭക്ഷണം മാത്രം. ജീവിതത്തിലെ വസന്തകാലമായ യൗവ്വനം മുഴുവനും പൊലിസ് തടങ്കലില്‍ ആശുപത്രിക്കിടക്കയില്‍ - ഇനി എത്ര കാലം ഇങ്ങനെ എന്ന ചോദ്യത്തിന് "വേണ്ടി വന്നാല്‍ മരണം വരെ" എന്ന ഉത്തരം നല്‍കാന്‍ മണിപ്പൂരിന്റെ പ്രിയപുത്രി ഇറോം ഷര്‍മ്മിള ചാനുവിന് പക്ഷേ ഒട്ടും ശങ്കയില്ല. കാരണം ശര്‍മ്മിളയുടെ സത്യാഗ്രഹം അപക്വമായ ഒരു മനസ്സിന്റെ നൈമിഷികമായ ആവേശത്തള്ളിച്ചയുടെ പ്രതിഫലനമല്ല, മറിച്ച് ഒരു ദേശം - അവിടത്തെ പെണ്വര്‍ഗ്ഗം- മുഴുവന്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന പീഡനങ്ങള്‍ക്കും വൈകൃതങ്ങള്‍ക്കും എതിരെ ഉള്ള ഒരു ചെറുത്തുനില്‍പ്പാണ്, ആ ചെറുത്തുനില്പ്പിന്റെ പ്രതീകമാണ്.

ഇറോം നന്ദയുടേറയും സഖീദേവിയുടേയും 9 മക്കളില്‍ ഏറ്റവും ഇളയവളായി 1972-ഇല്‍ ഷര്‍മ്മിള ജനിച്ചു. എഴുത്തും വായനയും അഭ്യസിച്ചാല്‍ അതു തന്നെ ധാരാളം, എന്നും പറഞ്ഞാണ് 12 - ആം ക്ലാസ്സോടെ ഔപചാരികവിദ്യാഭ്യാസത്തിനോട് ഷര്‍മ്മിള വിട പറഞ്ഞത്. പക്ഷെ അക്ഷരങ്ങളോടുളള ചങ്ങാത്തം അവള്‍ കൈവിട്ടില്ല. ആ കൂട്ടുകെട്ടില്‍ പിറന്ന ഏതാനും കവിതകള്‍ ആക്റ്റിവിസ്റ്റ് സ്വഭാവമുള്ള ചില പ്രാദേശികഭാഷാമാസികകളില്‍ പ്രത്യക്ഷപ്പെടാനും തുടങ്ങി.

മണിപ്പൂരിന്റെ വികസനത്തിന് ഊന്നല്‍ കൊടുത്തുകൊണ്ട് പ്രവര്‍ത്തിക്കുന്ന ചില എന്‍ ജീ ഓ കളുടെ ഭാഗമാകാനും അതിനോടനുബന്ധിച്ചുള്ള പല വര്‍ക്ക്ഷോപ്പുക്കളിലും പങ്കെടുക്കുവാനും ഷര്‍മ്മിള ഇടയായി. തന്റെ സൈക്കിളില്‍ മീറ്റിംഗുകള്‍ക്ക് എത്തിയിരുന്ന ഈ പെണ്‍കുട്ടിയെ മണിപ്പൂരിലെ ജനത്യ്ക്കുല്മേല്‍ ഇന്ത്യന്‍ പട്ടാളം നടത്തുന്ന അക്രമോത്സുകമായ ഭരണത്തിന്റെ ഭീകരത അന്നെ വേദനിപ്പിച്ചിരുന്നു. പക്ഷെ ഇന്ത്യന്‍ ഭരണകൂടത്തിനോട് ഒരു തുറന്ന യുദ്ധത്തിന് മണിപ്പൂരിലെ ചെറുപ്പക്കാരോടൊപ്പം അവളിറങ്ങിയത് വളരെ പിന്നീടാണ്.

കയ്യില്‍ ഗിത്താറും ചുണ്ടില്‍‍ സംഗീതവും മനസ്സു നിറയെ സ്നേഹവുമായി നടന്ന ഒരു ദേശത്തിലെ ചെറുപ്പക്കാര്‍ കണ്ണില്‍ നീറുന്ന പകയോടെ സായുധകലാപത്തിന്‌ ഒരുങ്ങിയത് എന്ന് മുതല്‍ക്കായിരുന്നു? ഇതിനുത്തരം കിട്ടണമെങ്കില്‍ മണിപ്പൂരിന്റെ ചരിത്രത്തിലേയ്ക്ക് നമ്മളൊന്ന് തിരിഞ്ഞു നോക്കിയേ പറ്റൂ. എത്യോപ്യയില്‍ പട്ടിണി കിടക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മുതല്‍ കഴുവിലേറ്റപ്പെട്ട സദ്ദാമിനു വേണ്ടി വരെ ചങ്കു പൊട്ടിക്കരഞ്ഞ ലോകമലയാളിയ്ക്ക് പക്ഷേ തീരെ പരിചിതമല്ല അവരുടെ മാതൃരാജ്യത്തിന്റെ വടക്കു കിഴക്കന്‍ മൂലയില്‍ക്കിടക്കുന്ന ഈ കൊച്ചു സംസ്ഥാനവും അവിടുത്തെ പ്രശ്നങ്ങളും.

1947ഓഗസ്റ്റ് 28-ന്‌ ബ്രിട്ടിഷ് ഭരണത്തില്‍ നിന്നും സ്വതന്ത്രമായ ഒരു കൊച്ചു നാട്ടു രാജ്യമായിരുന്നു മണിപ്പൂര്‍. എന്നാല്‍ ഒക്റ്റോബര്‍ 15-ന് അവിടത്തെ ജനഹിതത്തെ മാനിക്കാതെ ഇന്ത്യന്‍ പ്രവിശ്യയുടെ ഒരു ഭാഗമായി മണിപ്പൂര്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയായിരുന്നു.1958 -ഇല്‍ മണിപ്പൂരിനെ പ്രശ്നബാധിതപ്രദേശം എന്ന് മുദ്രകുത്തുകയും Armed Forces Special Protection Act (AFSPA) അവിടെ നടപ്പില്‍ വരുത്തുകയും ചെയ്തു. അവിടന്നങ്ങോട്ട് തുടങ്ങുന്നു ഇന്ത്യന്‍ പട്ടാളത്തിന്റെ മണിപ്പൂരിലെ ഭീകരവാഴ്ച.

ജനങ്ങളുടെ ജീവിതത്തിലും സ്വകാര്യതയിലും യാതൊരു വിശദീകരണവുമില്ലാതെ കടന്നു കയറാന്‍ ഇന്ത്യന്‍ പട്ടാളത്തിനു എല്ലാ വിധ സ്വാതന്ത്ര്യവും നല്‍കുന്ന AFSPA ദശാബ്ദങ്ങളായി മണിപ്പൂരിന്റെ ജീവന്‍ ഊറ്റിയെടുത്തുകൊണ്ടിരിക്കുകയാണ്. വ്യക്തിസ്വാതന്ത്ര്യം നഷ്ടപ്പെടുന്നതു കൂടാതെ സ്ത്രീകളേയും കുട്ടികളേയും മൃഗീയമായി ബലാത്സംഗം ചെയ്യുന്നതും, പീഡിപ്പിക്കുന്നതും കണ്ട് കണ്ണ് പൊത്തുവാന്‍ പോലുമാകാതെ ഇന്ന് മണിപ്പൂര്‍ വിങ്ങുന്നു.

ദിനം പ്രതി സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന് അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് സുരേഷ് അന്വേഷണക്കമ്മീഷനില്‍ ഷര്‍മ്മിള വളണ്ടിയറായിച്ചേരുന്നത് 2000 ഒക്റ്റോബറിലാണ്. പട്ടാളക്കയ്യേറ്റത്തിന്റെ കൊടുമ എത്ര നികൃഷ്ടമാണെന്നുള്ള സാക്ഷ്യപ്പെടുത്തലുകള്‍ നേരിട്ട് കേള്‍ക്കാനായ ഷര്‍മ്മിള തന്റെ ഐതിഹാസികമായ സത്യാഗ്രഹം തുടങ്ങുന്നത് 2000 നവംബ്റിലും. പട്ടാളവും തീവ്രവാദിസംഘടനകളും തമ്മിലുള്ള കലാപത്തില്‍ നിരപരാധികളായ സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് മണിപ്പൂരിലെ ഒരു സാധാരണ സംഭവമായിക്കഴിഞ്ഞിട്ടുണ്ടായിരുന്നു അപ്പോഴേയ്ക്കും.

നവംബര്‍2 -ന് ഇന്ത്യന്‍ പട്ടാളം പ്രക്ഷോഭകാരികളുടെ സംഘത്തിനെതിരായി മാലോം ബസ് സ്റ്റാന്റില്‍ നടത്തിയ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത് പത്ത് സാധാരണക്കാരായിരുന്നു.ചോരയും കണ്ണുനീരും നിറഞ്ഞ ബസ്സ്റ്റാന്റ് നേരിട്ടു കണ്ട ഷര്‍മ്മിള തോക്കും തോക്കും തമ്മില്‍ തീരാക്കണക്കുകള്‍ പറഞ്ഞു തീര്‍ക്കുന്ന യുദ്ധഭൂമിയിലേയ്ക്ക് ഇറങ്ങിയത് തികച്ചും സ്വാഭാവികമായിട്ടാണ്. അവരുടെ സമരശൈലി തികച്ചും വ്യത്യസ്തവും സമാധാനപരവും അതെ സമയം തീര്‍ത്തും സ്ഫോടനാത്മകവുമായിരുന്നു.


മണിപ്പൂരിലെ പെണ്‍ശരീരങ്ങള്‍ തങ്ങളുടെ വൈകൃതങ്ങളുടെ പ്രദര്‍ശനമേഖലകളാണെന്ന് അഹങ്കരിക്കുന്ന ഇന്ത്യന്‍ പട്ടാളത്തിനെതിരായുള്ള യുദ്ധത്തിന്റെ പടനിലവും പടക്കോപ്പും സ്വന്തം ശരീരം തന്നെയാണ് എന്ന് ഷര്‍മ്മിള തിരിച്ചറിയുകയായിരുന്നു. നവംബര്‍ -4നു തന്റെ അമ്മയുടെ കാല്‍ തൊട്ടു അനുഗ്രഹം വാങ്ങി സത്യാഗ്രഹം തുടങ്ങിയതു മുതല്‍ ഇന്നു വരെ അവള്‍ അമ്മയെ കണ്ടിട്ടില്ല.

"അമ്മ വിദ്യാസമ്പന്നയല്ല, പക്ഷെ കരുത്തുള്ളവളാണ് , എന്നെ അറിയുന്നവളാണ് "എന്ന് മകള്‍ പറയുമ്പോള്‍ "എന്റെ കുഞ്ഞിന് അവളുടെ ദൗത്യം നിറവേറ്റാന്‍ ഭഗവാന്‍ ശക്തി നല്‍കട്ടെ" എന്ന് പെറ്റമ്മയുടെ പ്രാര്‍ത്ഥന.

സത്യാഗ്രഹം തുടങ്ങി അധിക ദിവസം കഴിയുന്ന്തിനു മുന്‍പുതന്നെ ആത്മഹത്യാശ്രമത്തിനു ഷര്‍മ്മിളയെ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അന്നുമുതല്‍ക്കിന്നു വരെ ജയിലിനും ആശുപത്രിക്കും അകത്തും പുറത്തുമായുള്ള സത്യാഗ്രഹം ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും നീണ്ട നിരാഹാരസമരമായി മാറുമ്പോഴും ഇതിനൊരന്ത്യം അടുത്തൊന്നുമല്ല.

തന്റെ സമരം അവസാനിപ്പിക്കാന്‍ ഷര്‍മ്മിള മുന്നില്‍ വയ്ക്കുന്നത് ലളിതമായ ഒരേ ഒരാവശ്യം മാത്രം -AFSPA പിന്‍‌വലിക്കണം. ലോകത്തിലെ ഏറ്റവും വലിയ "ജനാധിപത്യവ്യവസ്ഥിതി"യിലെ ഒരു സംസ്ഥാനം പട്ടാളഭീകരഭരണത്തിന്‍ കീഴില്‍ ശ്വാസം മുട്ടി പിടയുന്നത്, ആ നാട്ടിലെ ജനത മുഴുവന്‍ എതിര്‍ത്തിട്ടും കേന്ദ്രസര്‍ക്കാര്‍ പട്ടാളത്തെ അവിടന്ന് പിന്‍‌വലിക്കാത്തത്, ഭീകരമായ ബലാത്സംഗങ്ങള്‍ക്കും പീഡനങ്ങള്‍ക്കും അവിടത്തെ സ്ത്രീകളും കുട്ടികളും ഇരകളായിട്ടും ഈ വാര്‍ത്തകളൊന്നും തന്നെ മാധ്യമങ്ങളില്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ വെളിച്ചം കാണാത്തത് - ഇതിനെല്ലാം കാരണമായ കൈകള്‍ ഏതാണോ, അവ തന്നെയാണ് ഇന്ന് ഷര്‍മ്മിളയെ ഡെല്‍ഹിയില്‍ All India Institute of Medical Sciences-ല്‍ തടങ്കലില്‍ വെച്ചിരിക്കുന്നതും. ആശുപത്രിക്കിടക്കയിലാണെങ്കിലും തിളങ്ങുന്ന വീര്യത്തോടെ തന്റെ നാട്ടുകാര്‍ക്ക് പ്രചോദനമാകുന്ന ഷര്‍മ്മിളയേക്കാള്‍ അപകടകാരിയാണ് രക്തസാക്ഷിയായ ഷര്‍മ്മിള എന്ന് അവര്‍ക്കറിയാം. അതുകൊണ്ട്തന്നെ അവളുടെ ജീവനെ ഏറ്റവും ജാഗ്രതയോടെ അവര്‍ കാത്തു സൂക്ഷിക്കുക തന്നെ ചെയ്യും.

ഷര്‍മ്മിളയില്‍ നിന്നും നേടിയെടുത്ത ഊര്‍ജ്ജം ആസ്സം-മണിപ്പൂര്‍-നാഗലാന്റ് പ്രദേശങ്ങളിലെ സ്ത്രീകളെ കുറച്ചൊന്നുമല്ല ഉത്തേജിപ്പിക്കുന്നത്. ഇതിനു തെളിവായിരുന്നു ജൂലൈയില്‍ അവിടെ നടന്ന പ്രകടനം. ആക്റ്റിവിസ്റ്റായിരുന മനോരമ ദേവിയെ പട്ടാളക്കാര്‍ ജൂലൈ 11-നു കൂട്ടബലാത്സംഗം ചെയ്തു കൊന്നത് മണിപ്പൂരിലെ സ്ത്രീകളുടെ സഹനശ്ശക്തിക്ക് താങ്ങാവുന്നതിലപ്പുറമായിരുന്നു. മാധ്യമചരിത്രത്തിലാദ്യമായി മണിപ്പൂര്‍ ലോകവാര്‍ത്താമാധ്യമങ്ങളില്‍ രണ്ട് കോളം വാര്‍ത്ത മാത്രമാകാതെ ക്യാമറ നിറഞ്ഞ ദൃശ്യമായി ആര്‍ത്തലച്ചത് ഒരു പക്ഷെ അന്നായിരിക്കാം.മണിപ്പൂരിലെ കുറേ സ്ത്രീകള്‍ ജാതി-മത-കുല-ഗോത്രഭേദങ്ങളൊന്നുമില്ലാതെ ജൂലൈ -15 നു തെരുവിലിറങ്ങി തങ്ങളുടെ വസ്ത്രങ്ങള്‍ അഴിച്ചുപറിച്ചു കളഞ്ഞ് "Indian army, come and Rape us" എന്ന് തകര്‍ന്ന ചങ്കോടെ അലറിക്കരഞ്ഞുകൊണ്ട് പട്ടാളക്കാര്‍ക്കുനേരെ ഓടിച്ചെന്നത് ആ വാര്‍ത്ത കണ്ടവരാരും തന്നെ മറന്നിട്ടുണ്ടാവില്ല.

മണിപ്പൂരിലെ അമ്മമാരുടെ ഊര്‍ജ്ജസ്രോതസ്സായ ഷര്‍മ്മിള നിശ്ശബ്ദമായി തന്റെ സത്യാഗ്ര്ഹം തുടരുകയാണ്.പ്രതീക്ഷയോടെ നിഴലുപോലെ അവളുടെ കൂടെ എപ്പോഴുമുള്ള സഹോദരന്‍ പറയുന്നു- "അവള്‍ ജനിച്ചു കുറച്ചു നാള്‍ കഴിഞ്ഞതും അമ്മയുടെ മുലപ്പാല്‍ വറ്റി. പക്ഷെ ആ പരിസരത്ത് മുലപ്പാലുള്ള ഏതമ്മയുണ്ടെങ്കിലും ആ അമ്മയുടെ പാലിലൊരു പങ്ക് അവള്‍ക്കുള്ളതായിരുന്നു. മണിപ്പൂരിലെ അമ്മമാരുടെ ദാനമാണ് അവളുടെ ഈ ശരീരം. അത് അവര്ക്കു വേണ്ടി ബലി കഴിക്കാതിരിക്കാന്‍ അവള്‍ക്കാവില്ല."

ഈ യുവതിയുടെ ത്യാഗം വെറും ജലരേഖയായി മാറാതിരുന്നെങ്കില്‍ ! ഇതുപോലെ എത്ര ബലികള്‍ വേണ്ടിവരും ഇനിയും സ്ത്രീക്ക് തല ഉയര്‍ത്തി ജീവിക്കാന്‍? കാലം മറുപടി തരട്ടെ. ദിനം പ്രതി പരിക്ഷീണമാകുന്ന ശരീരത്തോടെ, പൊടിഞ്ഞുതുടങ്ങിയിരിക്കുന്ന എല്ലുകളോടെ ഷര്‍മ്മിള തന്റെ നാട്ടുകാരുടെ സ്വാതന്ത്ര്യം കാത്തിരിക്കുന്നു. അവളോടൊപ്പം ഈ സ്വാതന്ത്ര്യം സ്വപ്നം കാണുന്ന എണ്ണമറ്റ മനസ്സുകളുടെ പ്രാര്‍ത്ഥനയുമുണ്ട്. റ്റ്യൂബിലൂടെ കടന്നുവരുന്ന ദ്രവഭക്ഷണത്തേക്കാളും അവളുടെ ദേഹിയെ ഇപ്പോഴും പിടിച്ചു നിര്‍ത്തുന്നത് ഈ പ്രാര്‍ത്ഥനകളും സ്വപ്നങ്ങളും തന്നെയായിരിക്കണം.

52 comments:

അചിന്ത്യ said...

ഈ യുവതിയുടെ ത്യാഗം വെറും ജലരേഖയായി മാറാതിരുന്നെങ്കില്‍ !
ഇതുപോലെ എത്ര ബലികള്‍ വേണ്ടിവരും ഇനിയും സ്ത്രീക്ക് തല ഉയര്‍ത്തി ജീവിക്കാന്‍? കാലം മറുപടി തരട്ടെ. ദിനം പ്രതി പരിക്ഷീണമാകുന്ന ശരീരത്തോടെ, പൊടിഞ്ഞുതുടങ്ങിയിരിക്കുന്ന എല്ലുകളോടെ ഷര്‍മ്മിള തന്റെ നാട്ടുകാരുടെ സ്വാതന്ത്ര്യം കാത്തിരിക്കുന്നു.
അവളോടൊപ്പം ഈ സ്വാതന്ത്ര്യം സ്വപ്നം കാണുന്ന എണ്ണമറ്റ മനസ്സുകളുടെ പ്രാര്‍ത്ഥനയുമുണ്ട്.

vimathan said...

അചിന്ത്യാ, ആദ്യമായി താങ്കള്‍ക്ക് അഭിവാദ്യങളും, നന്ദിയും. 1947 ല്‍ മണിപ്പൂര്‍ സ്വന്തം പാര്‍ലമെന്റ് കൂടി ഉണ്ടായിരുന്ന ഒരു രാജ്യമായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്. നാമ മാത്രമായ അധികാരങള്‍ മാത്രം ഉണ്ടായിരുന്ന അവിടത്തെ രാജാവിനെ ഡെല്‍ഹിയില്‍ വിളിച്ചു വരുത്തി, ബലമായി ഇന്ത്യയില്‍ ലയിപ്പിക്കുന്ന കരാറില്‍ ഒപ്പിടീക്കുകയായിരുന്നുവത്രേ. (തനിക്ക് അതിനുള്ള അധികാരമില്ലാ എന്നും തനിക്ക് തിരിച്ചു ചെന്ന് മണിപ്പൂര്‍ പര്‍ലമെന്റിന്റെ അനുമതി വാങണമെന്നും രാജാവ് പറഞ്ഞെങ്കിലും, ഇന്ത്യന്‍ ഭരണകൂടം , സമ്മതിച്ചില്ലത്രെ.)ഇന്ത്യന്‍ ഭരണകൂടത്തിന്റെ ലിബറെല്‍ ജനധിപത്യ വശത്തിന് ( എല്ലാ ലിബറെല്‍ ബൂര്‍ഷ്വാ ജനധിപത്യത്തിനും‌)ഒരു ഫാസിസ്റ്റ് മറുവശം കൂടി ഉണ്ട് എന്നതിന്റെ തെളിവാണ് മണിപ്പൂരിലെ പട്ടാള ഭരണം. മനുഷ്യത്വം എന്നത് കീഴടങലല്ലാ, മറിച്ച് ചെറുത്ത് നില്‍പ്പും , തിരിച്ചടിയും കൂടിയാണെന്ന് ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
നന്ദി ഒരിക്കല്‍ കൂടി

Unknown said...

അചിന്ത്യാമ്മേ,
സമരത്തില്‍ പങ്ക് ചേരുന്നു. ഭാരതത്തിന്റെ ഭരണകൂട ഭീകരതയ്ക്കും ഇന്ത്യന്‍ ആര്‍മിയുടെ മനുഷ്യാവകാശധ്വംസനങ്ങള്‍ക്കെതിരെയും പ്രതിഷേധിയ്ക്കുന്നു. ഇറോം ഷര്‍മ്മിളയുടെ സഹനവും സമരവും പാഴാവില്ലെന്ന് വിശ്വസിക്കുന്നു.

Ziya said...

അചിന്ത്യാമ്മേ നന്ദി.
അങ്ങേയറ്റം കാലികവും ഗുരുതരവുമായ ഒരു പ്രശ്‌നം ശ്രദ്ധയില്‍ കൊണ്ടു വന്നതിനു.
ഷര്‍മ്മിളയുടെ സമരം മണിപ്പൂരീലെ മാത്രമല്ല, പീഢിപ്പിക്കപ്പെടുന്ന മുഴുവന്‍ സ്ത്രീത്വത്തിനും -വിശേഷിച്ച് കശ്‌മീരിലെ-സ്വാതന്ത്ര്യം കൊണ്ടു വരട്ടെ എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്നു.

സജിത്ത്|Sajith VK said...

ഇവരുടെ പോരാട്ടങ്ങള്‍ക്ക് പിന്തുണ...

പിന്നെ, "..........പൊട്ടിക്കരഞ്ഞ ലോകമലയാളിയ്ക്ക് പക്ഷേ തീരെ പരിചിതമല്ല..........",
ഇങ്ങനെ മലയാളികളെ രണ്ട് കുറ്റം പറയുന്നത് ഒരു വലിയ പ്രവണതയായി മാറിയിട്ടുണ്ട്. ഉത്തരേന്ത്യയില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍, പട്ടാള നിയമത്തെ പറ്റിയുള്ള ഒരു ചര്‍ച്ചയില്‍ മലയാളികള്‍ മാത്രമായിരുന്നു അതിനെ എതിര്‍ത്തു സംസാരിച്ചത്...... ഇതിനര്‍ഥം ഈ പ്രശ്നത്തെക്കുറിച്ച് മലയാളികള്‍ പൂര്‍ണ്ണ ബോധവാന്മാരാണെന്നല്ല, മറിച്ച് മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ബോധവാന്മാരാണെന്നാണ്....

vimathan said...

സജിത്തിനോട് യോജിക്കുന്നു. കേരളത്തിലെ പല ഇടതുപക്ഷ ഗ്രൂപ്പുകളും ഇന്ത്യക്കകത്തെ വിവിധ ദേശീയതകളുടെ സ്വയം നിര്‍ണ്ണയാവകാശം എന്ന വിഷയം ഗൌരവപൂര്‍വ്വം ചര്‍ച്ചയ്ക്കെടുക്കുകയുണ്ടായിട്ടുണ്, എന്ന് മാത്രമല്ലാ ഈ ദേശീയ വിമോചന പോരാട്ടങളെ ഭരണകൂട ഭീകരത ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന ഇന്ത്യന്‍ ഭരണകൂട നടപടികള്‍ക്കെതിരെ പൊതുജനാഭിപ്രായം രൂപീകരിക്കുന്ന കാമ്പയ്നുകള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കെ വേണു നേതൃത്വം കൊടുത്തിരുന്ന CRC CPI (ML) പാര്‍ട്ടി, ഈ വിഷയം ഇന്ത്യന്‍ വിപ്ലവത്തിന്റെ ഒരു പ്രധാന അജണ്ടയായി കാണുകയും അതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര പാര്‍ട്ടി തന്നെ പിരിച്ച് വിട്ട് വിവിധ ദേശീയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഘടകങള്‍ തന്നെ രൂപീകരിക്കുകയും ഉണ്ടായി. കേരളാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും, മഹാരഷ്ട്രാ കമ്മ്യൂനിസ്റ്റ് പാര്‍ട്ടിയും അങിനെ രൂപീകരിക്കപ്പെട്ടതായിരുന്നു. മുഖ്യധാരയിലാവട്ടെ, ഒ വി വിജയന്‍, സച്ചിദാനന്ദന്‍, തുടങി പലരും ദേശീയതകളുടെ സ്വയം നിര്‍ണ്ണയാവകാശം എന്ന വിഷയത്തിലും അനുബന്ധമായി ഭരണകൂട ഭീകരതയ്ക്കെതിരെയും, മാതൃഭൂമി അടക്കമുള്ള വാരികകളിലെ ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുണ്ട് എന്നാണ് ഓര്‍മ്മ. അപ്പോഴെല്ലാം മണിപ്പൂരും, കഷ്മീരിനൊപ്പം പരാമര്‍ശവിധേയമായിട്ടുണ്ട്.

ചില നേരത്ത്.. said...

മാസങ്ങള്‍ക്ക് മുന്നേ ശ്രീ. ജി പി രാമചന്ദ്രന്‍ മാധ്യമം ആഴ്ചപതിപ്പില്‍ മണിപ്പൂരിലെ ഇന്ത്യന്‍ സായുധസേനയുടെ അതിക്രമങ്ങളെ പറ്റിയുള്ള ഡോക്യുമെന്ററിയെ പറ്റി എഴുതിയിരുന്നത് വായിച്ച് വളരെ സങ്കടം തോന്നിയിരുന്നു.വലിയൊരു ജനാധിപത്യരാജ്യത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസനങ്ങളില്‍ മണിപ്പൂരിലെ മനുഷ്യരും ഉള്‍പ്പെടുന്നുവെന്നതൊരു ഭീതിദമായ അറിവായിരുന്നു. ഒരു ജനതയെ ഇത്രയും കാലം അടിച്ചൊതുക്കിയിട്ടും അതിന്റെ പരിണിതഫലം എന്തെന്ന് ആലോചിക്കാനും ആ നയത്തിന്റെ പോരായ്മകളെ വിലയിരുത്താനും ഇനിയും നയരൂപീകരണ വിദഗ്ദര്‍ മുതിരാതിരിക്കാന്‍ കാരണമെന്താണെന്ന് കൂടെ അറിയുവാന്‍ ഈ കുറിപ്പില്‍ എഴുതി കാണേണ്ടതുണ്ടായിരുന്നു.
എങ്കിലും, വിജ്ഞാനപ്രദമായ ലേഖനത്തിന് വളരെ നന്ദി :)

സാല്‍ജോҐsaljo said...

ലേഖനത്തിന് നന്ദി.!

ഡാലി said...

അവിടെ ജോലി കിട്ടി പോയ ഒരു പരിചയക്കാരന്റെ യാത്രാവിവരണങ്ങളടങ്ങിയ കത്തുകളാണ് ആ ജനതയെ എന്റെ ഉള്ളില്‍ വരച്ചിട്ടത്. കഴിഞ്ഞ വര്‍ഷം ആ‍സ്സാമിയായ ഒരു സുഹൃത്തിനെ കിട്ടി. പണ്ട് അവര്‍ പട്ടാളത്തെ വെറുത്തു ആക്റ്റിവിസുകളുടെ കൂടെ നിന്നു, ഇന്ന് അവര്‍ക്ക് രണ്ട് ഭാഗത്തേയും പേടിയാണെന്ന പറച്ചില്‍ കേട്ട് എന്തു പറയേണ്ടൂ എന്നായി.
ഷര്‍മ്മിളമാര്‍ക്ക് കൂടുതല്‍ കരുത്ത് കിട്ടട്ടെ എന്നാഗ്രഹിക്കുന്നു. ലേഖനത്തിനു നന്ദി.

ഇട്ടിമാളു അഗ്നിമിത്ര said...
This comment has been removed by the author.
ഇട്ടിമാളു അഗ്നിമിത്ര said...

ആദ്യായാ ഇവിടെ.. നല്ല ലേഖനം .. ഇനിയും വരാം ട്ടൊ

മുല്ലപ്പൂ said...

ലേഖനത്തിനു നന്ദി.
ഇതു പോലെ, ഇനിയും ഒരുപാട് എഴുതൂ.

ടി.പി.വിനോദ് said...

അചിന്ത്യ ടീച്ചറേ, ലേഖനത്തിനു നന്ദി, അഭിവാദ്യങ്ങള്‍.
ഷര്‍മ്മിള ചാനുവിന്റെ ആര്‍ജ്ജവവത്തിനും പോരാട്ടവീറിനും ആയിരമായിരം ആവര്‍ത്തനങ്ങളുണ്ടാകട്ടെ.

Kumar Neelakandan © (Kumar NM) said...

കുറച്ചുവര്‍ഷം മുന്‍പ് ഹിന്ദുവില്‍ വന്ന ആ റാലിയുടെ ചിത്രം അന്ന് ഞെട്ടിച്ചു. ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ആ പ്രതിക്ഷേധത്തിന്റെ തീവ്രത മനസിലാകുന്നു.

വളരെ വിശദമായ ലേഖനം.
വ്യത്യസ്തമായതും.

ഞാന്‍ ഇരിങ്ങല്‍ said...

അചിന്ത്യാ..
വളരെ നല്ല ലേഖനം.
ബ്ലോഗില്‍ ഒരു കമന്‍ റില്‍ , ഒരു വെറുമൊരു ലേഖനമായി നമുക്കിത് ഒതുക്കണോ?ഇപ്പോള്‍ നമ്മുടെ മന്ത്രി പുംഗവന്‍ ആസനം താങ്ങി അവിടെ ഇരിക്കുമ്പോള്‍ നമുക്ക് അണ്ണാരക്കണ്ണന്‍ തന്നാലായത് ചെയ്തുകൂടെ?
ഇതൊരു കൊച്ചു സംസ്ഥാനത്തിന്‍ റെ മാത്രം പ്രശ്നമാക്കാതെ മുഴുവന്‍ സ്ത്രീത്വത്തിന്‍റെ മനുഷ്യാവകാശത്തിന്‍ റെ പ്രശ്നമാണെന്ന് നമുക്കെങ്കിലും ശ്രമിച്ചൂടെ?
അങ്ങിനെ നമുക്കും ഷര്‍മ്മിളയ്ക്ക് ധാര്‍മ്മിക പിന്തുണയെങ്കിലും നല്‍കേണ്ടേ?
ആ നാട്ടിലെ ഓരോ അമ്മമാരുടെ മുലപ്പാലില്‍ നിന്ന് ഒഴുകിയ ജീവനാമൃതം പിടിച്ചു നിര്‍ത്താന്‍ നമുക്ക് എന്തു ചെയ്യാന്‍ കഴിയും?

ഉറുമ്പ്‌ /ANT said...

സ്ത്രീ അബലയായൊരു ഭോഗവസ്തുവല്ലെന്നും, പുരുഷനൊപ്പമോ, അതുമല്ലെങ്കില്‍ ഒരല്‍പ്പം ഉയരത്തിലോ നില്‍ക്കാന്‍ കഴിവുള്ളവളാണെന്നും തെളിയിക്കുന്ന വ്യക്തികളിലൊന്നിനെ പരിചയപ്പെടുത്താന്‍ ഈ മാധ്യമം ഉപയോഗിച്ചു കണ്‍ടതില്‍ വളരെ നന്ദിയുണ്ട്. വിവാഹശേഷം ഭര്‍ത്താവിന്റെ ചിറകിന്‍ തണലില്‍, ആ സുരക്ഷിതത്വത്തില്‍, പുരുഷനെതിരെ നാടു നീളെ പ്രസംഗിച്ചു തീര്‍‍ക്കലല്ല സ്ത്രീ സ്വാതന്ത്ര്യം എന്നു തെളിയിക്കുന്നു ഈ കുറിപ്പ്. ശോണിമയെപ്പോലുള്ള വനിതാ പ്രതിഭകള്‍ ഈ ലേഖനം വായിക്കുന്നത് നന്നായിരിക്കും.ഇത്തരം കാമ്പുള്ള രചനകള്‍ മലയാളം ബ്ലോഗുകള്‍ക്കുതന്നെ ഒരു മുതല്‍കൂട്ടാണ്.
തുടര്‍ന്നും രചനകള്‍ പ്രതീക്ഷിക്കുന്നു.

ഉറുമ്പ്‌ /ANT said...
This comment has been removed by the author.
കിഷോർ‍:Kishor said...

നല്ല ലേഖനം.

മണിരത്നത്തിന്റെ “ദില്‍ സേ” എന്ന സിനിമ ഇന്ത്യയുടെ വടക്കു-കിഴക്കന്‍ മേഖലകളില്‍ സ്ത്രീകള്‍ക്കുനേരെ നടക്കുന്ന പട്ടള അക്രമങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്.

Anonymous said...

ഗിറ്റാറില്‍ സ്വപ്നം കണ്ടുനടക്കുന്ന യുവത്വം. ഇവരുടെ നിഷ്കളങ്ക സ്നേഹവും ഗിറ്റാറുപേക്ഷിച്ച് തോക്കെടുക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്ന ക്രൂരതയും നെരിട്ട് അനുഭവിച്ച് ഞാനും വിളിച്ചിട്ടുണ്ട് ‘ഇന്ത്യന്‍ ആര്‍മി ഗോ ബാക്ക് ‘ എന്ന്.

Haobam Paban Kumar യുടെ ‘A Cry in the Dark‘ എന്ന ഡോക്യുമെന്റ്റി ഫിലിം കണ്ടിട്ടുണ്ടോ?

പുള്ളി said...

കണ്ണുതുറപ്പിയ്കുന്ന ലേഖനം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഇന്ത്യയിലെ തുല്യാവകാശ സംസ്ഥാനങ്ങള്‍ ആണോ അതോ ഇന്ത്യയുടെ കോളനികളോ എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ഇതാ മറ്റൊരു ദൃഷ്ടാന്തം.

പ്രിയംവദ-priyamvada said...

ayioo..achinthyam ! engneyum ? enikkithu puthiya vivaramaanu..Ashamed of Indian army.

Thanks for ur informative article!

G.MANU said...

JOIN WITH HER......

Siju | സിജു said...

ഇന്ത്യക്കാരനാണെന്നു പറയുന്നതില്‍ അപമാനം തോന്നുന്ന സന്ദര്‍ഭം..

kalesh said...

ഉമേച്ചീ, വല്ലാതെ നൊമ്പരപ്പെടുത്തുന്ന കാര്യങ്ങള്‍!

മലയാളത്തില്‍ ആരേലും ഇതിനെക്കുറിച്ച് എഴുതീട്ടുണ്ടെന്ന് തോന്നുന്നില്ല. ഇവിടെയുള്ളവര്‍ക്ക് സദ്ദാമിന്റെ രക്തസാക്ഷിത്വത്തില്‍ സങ്കടപ്പെടാനും കേരളത്തിലെവിടെയാണിനി ജേ.സീ.ബി ഉരുളുന്നതെന്ന് ചര്‍ച്ച ചെയ്യാനുമൊക്കയേ താല്പര്യമുള്ളു!

ഇനിം എഴുതണം. ഒരുപാടൊരുപാട്....

അചിന്ത്യ said...

ദില്‍ബൂട്ടാ,സാല്‍ജൊ,ഡാലിക്കുഞ്ഞി,വിമതന്‍, സജിത്, ഇബ്രൂട്ടാ,ഇരിങ്ങല്‍, തുളസി,
ഇട്ടിമാളൂട്ടി , കലെഷ്,മുല്ലപ്പൂങ്കൊടി,കുഞ്ഞുറുമ്പേ,കിഷോര്‍,പുള്ളി, ശിഷ്യാ ലാപുടാ,സിജൂട്ടാ,പ്രിയംവദ, നന്ദി.
ഏറ്റോം വല്ല്യേ ഒരു നന്ദി കുമാറിനോട് പറയട്ടെ,ഇതിലെ വാക്കുകള്‍ക്കനുസരിച്ച ചിന്ത്രങ്ങള്‍ ഇവടെ ഒട്ടിച്ചു തന്നേന്.
സിയാ, നാട്ടിന്ന് തിരിച്ചു ഗോദായിലെത്ത്യോ? നന്ദി ഇവടെ വന്നേന്.
സജിത് ,മലയാളികളെ അപമാനിക്കാന്‍ പറഞ്ഞതോ , മലയാളികളെ കുറ്റം പറയുക എന്ന ഒരു ഫാഷനു പുറകേ പോയതോ അല്ല.മാത്രല്ല 70-കളുടെ ആദ്യത്തില്‍ ജന്മം കൊണ്ട ഒരു നാഗാ വിപ്ലവസംഘടനയായ നാഗാ ഹ്യൂമന്‍ രൈറ്റ്സ് സോളിഡാരിറ്റി ഗ്രൂപ് -ഇന്റെ ആദ്യത്തെ മീറ്റിംഗും കൂടിയാലോചനേം നടന്നത് ഡെല്‍ഹിയില്‍ ഒരു മലയാളിടെ വീട്ടില്‍ വെച്ചാണ് എന്നത് മറക്കുണൂല്ല്യ.പക്ഷേ ഇവിടെ നമ്മടെ വടക്കുകിഴക്കന്‍ പ്രദേശത്തു നടക്കണ അതിക്രമങ്ങളെക്കുറിച്ച് നമ്മള്‍ അറിയാറോ, അറിയാന്‍ ശ്രമിക്കാറോ ഇല്ല്യാ എന്നതാണ് വാസ്തവം.ഇവടെ വന്ന കമന്റുകളും, ഫോണിലൂടെം അല്ലാണ്ടേം പലരുമായും ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചപ്പഴത്തെ പ്രതികരണങ്ങളും ഒക്കെ ഈ യാഥാര്‍ത്ഥ്യം വെളിവാക്കുന്നുമുണ്ട്. വേണുവിന്റേം മറ്റും നേതൃത്വത്തില്‍ ഇവടെ നടന്നു എന്ന് പറയണത് ചെറിയ , വളരെ ചെറിയ ഒരു കൂട്ടം ആളുകള്‍ തമ്മിലുള്ള ചര്‍ച്ച മാത്രാണ്.അത് ചര്‍ച്ചകള്‍ മാത്രായി അവസാനിക്ക്യേം ചെയ്തു എന്നാണ് എന്റെ അറിവ്.അതിനെ ജനങ്ങളിലേക്കെത്തിക്കാനോ ഒരു മൂവ്മെന്റിന്റെ തലത്തിലേക്കുയര്‍ത്താനോ അവര്‍ക്ക് കഴിഞ്ഞില്ല്യ. അഥവാ അത്രക്ക് മിനക്കെടാന്‍ നമ്മളാരും ശ്രമിച്ചില്ല്യ.

സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശം എന്ന വിഷയത്തിനെക്കുറിച്ച് ചര്‍ച്ചകള്‍ നിങ്ങള്‍ പറഞ്ഞ്തുപൊലെ ഒരുപാട് നടന്നിട്ടുണ്ട് പക്ഷെ അത് സീരിയസ്സായ ഒരു പ്രശ്നമായിട്ട് കാഷ്മീര്‍,വടക്കു കിഴക്കന്‍ സംസ്ഥനങ്ങള്‍, ഝാര്‍ഖണ്ട്,എന്നിവിടങ്ങളിലും, ഒരു പരിധി വരെ കുടകിലും മാത്രെ വന്നിട്ടുള്ളൂ ന്ന് തോന്നുണു.ഷര്‍മ്മിളടെ ഇഷ്യൂ തന്നെ എടുക്കാം.ഏഴു കൊല്ലായി ഈ പെങ്കുട്ടി ഇങ്ങനെ കിടക്കുണു. തലങ്ങും വിലങ്ങും സ്ത്ര്വിമൊചന സംഘടനകളും പ്രസ്ഥാനങ്ങളും ള്ള കേരളത്തില്‍ ഷര്‍മ്മിളക്ക് പിന്തുണ പ്രഖ്യാപിക്കുണൂ ന്നും പറഞ്ഞ് എന്തെങ്കിലും അനക്കം കേട്ടത് എപ്പഴാന്ന് അറിയ്വോ? സ്ത്രീമത്സ്യത്തൊഴിലാളികള്‍ടെ സംഘടനയയായ തീരദേശമഹിളാവേദി ടെ പ്രവര്‍ത്തകര്‍ വായ മൂടിക്കെട്ടി തിരുവനന്തപുരത്ത് പ്രകടനം നടത്ത്യേപ്പഴാ.ഇവര്‍ മറ്റ് സ്ത്രീസംഘടനകളെക്കൂടി ചേര്‍ത്തി ഒരു ഒപ്പ് സമാഹരണം നടത്തുകയും ,ഷര്‍മ്മിളയെ വിട്ടുകിട്ടാന്‍ വേണ്ടി ഒരു മാസ് പെറ്റിഷന്‍ കല്‍ക്കത്തയില്‍ നടന്ന വേള്‍ഡ് വിമന്‍സ് കൗന്‍സിലില്‍ വെച്ച് സര്‍ക്കാരിനു സമര്‍പ്പിക്ക്യേം ചെയ്തപ്പോ ഷര്‍മ്മിളേനെ തല്‍ക്കാലത്തേക്കെങ്കിലും വിട്ടയക്കാന്‍ മണിപ്പൂര്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി.അങ്ങന്യാണ് ഇമ്ഫാലിലെ ആശുപത്രീന്ന് പുറ്ത്തിറങ്ങി മുങ്ങ്യേ ഷര്‍മ്മിള ഡെല്‍ഹിയില്‍ പൊങ്ങി വീണ്ടും സത്യാഗ്രഹം തുടങ്ങ്യേതും, വീണ്‍റ്റും പൊലീസ്സിന്റെ കയ്യിലായി ആസ്പത്രീലെത്തണതും. മണിപ്പൂരിന്റെ നാലു ചുമരുകല്‍ക്കുള്ളില്‍ മാത്രം ഒതുക്കി വെക്കപ്പെട്ട ഈ സമരം അങ്ങനെ കുറേക്കൂടി വലിയ ഒരു ലോകം അറിയാനിടയായ സാഹചര്യം ഇതാണ്.
വിമതന്‍ പറഞ്ഞത് ശര്യാണ്, ഇന്ത്യ പാവം ബുദ്ധചന്ദ്രമഹാരാജവിനെ ഭീഷണിപ്പെടുത്തി സ്വന്തമാക്ക്യേതാണ് മണിപ്പൂര്‍. എന്നിട്ടത് വിട്ട്കൊടുക്കാ ന്നുള്ളത് അധികാരോം, വെട്ടിപ്പിടുത്തങ്ങളും വീക്നസ്സായ ഒരു സര്‍ക്കാരിനു സാധിക്ക്വോ ഇബ്രൂട്ടാ?അങ്ങനെ വിട്ടു കൊടുക്കാണെങ്കി പോവാന്‍ റെഡ്യായി ആരൊക്കെ നിക്കുണു! അവടത്തെത് പ്രശ്നം പട്ടാളത്തിനെ വെച്ച് പേടിപ്പിച്ച് പരിഹരിക്കണ്ട ഒരു ക്രമസമാധാന പ്രശ്നായിരുന്നില്ല്യ. ഒറ്റയ്ക്ക് നിന്നിരുന്ന ഒരു രാജ്യം വീണ്ടും തല ഉയര്‍ത്തി ഒറ്റയ്ക്ക് തന്നെ നിക്കാന്‍ തീരുമാനിച്ചതിന്റെ രാഷ്റ്റ്രീയമായിരുനു അത്. അത് തിരിച്ചറിയാത്തിടത്തോളം കാലം ഈ നി‍ല ഇങ്ങനെ തന്നെ തുടരും.അടുത്ത കാലം വരെ മണിപ്പൂരിലെ തന്നെ രാഷ്റ്റ്രീയപാര്‍ട്ടികളൊന്നും തന്നെ ഈ കാര്യത്തില്‍ വ്യക്തമായ ഒരു സ്റ്റാന്‍ഡ് എടുത്തിരുന്നില്ല്യാ എന്നുള്ളതും ഒരു വാസ്തവമാണ്. ഇപ്പോ ലോക്കല്‍ സീ പീ ഐ യൂണിറ്റുകള്‍ പതുക്കെ ശബ്ദമുയര്‍ത്താന്‍ തുടങ്ങീട്ട്ണ്ട്ത്രെ.
തുളസി പറഞ്ഞ പടം തന്ന്യായിരിക്കും ജീ പീ ആറും ഉദ്ദേശിച്ചെ.വളരെ ശക്തമായിരുന്നു അത്.മാദ്ധ്യമം പക്ഷെ ഞാന്‍ വായിച്ചില്ല. അതോണ്ട് അറീല്ല്യാ.
മനു ഉദ്ദേശിച്ചത് എനിക്ക് വ്യക്തായില്ല്യാട്ടോ.ജോയിന്‍ ഹേര്‍ എന്ന് എന്നോട് പറഞ്ഞതാണോ, അതോ മനു ഷര്‍മ്മിളയോട് അനുഭാവം പ്രകടിപ്പിച്ചതാണോ?

കുമാര്‍ പറഞ്ഞിട്ട് ഇതിവടെ ഇടുമ്പോ ഇത്രേം ഊഷ്മളായ പ്രതികരണം പ്രതീക്ഷിച്ചില്ല്യ. ഈ ബ്ലോഗ്ഗിന്റെ യൂ ആര്‍ എല് മണിപ്പൂരുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണ ഒന്ന് രണ്ട് മലയാളികള്‍ക്ക് അയച്ചു കൊടുക്കുണു.നിങ്ങളൊക്കെ പറഞ്ഞത് ഫോണിലൂടെ പറഞ്ഞപ്പോ അവര്‍ നിങ്ങളോട് പറയാന്‍ പറഞ്ഞു , ഈ ഒരു കൂട്ടായ്മയുടെ സ്നഏഹം അവര്‍ക്ക് ഒരുപാട് വിശ്വാസോം ഊര്‍ജ്ജോം തരുണൂ ന്ന്.
എല്ലാര്‍ക്കും ഒരുപാടൊരുപാട് സ്നേഹം, സമാധാനം

sandoz said...

ഇതാണ്..ഇതാണ് ശക്തി..ഇതാണ് കരുത്ത്....

കേവലം കെട്ടുകോലങളുടെ വായാട്ടല്ലാ സ്ത്രീ ശക്തി എന്ന് തെളിയിക്കുന്നു ഷര്‍മ്മിള......
അവള്‍ ജയിക്കട്ടെ....
എല്ലാ ധാര്‍മ്മിക പിന്തുണയും...

ഇതിവിടെ കുറിച്ചതിന് അചിന്ത്യാമ്മക്ക് നന്ദി.....

കാളിയമ്പി said...

ഇന്‍ഡ്യാക്കാരന്റെ പട്ടാളം ശ്രീലങ്കന്‍ തെരുവുകളിലെ സ്ത്രീകളുടെ നേര്‍ക്കഴിഞ്ഞാടിയെന്നു കേട്ടപ്പോള്‍ ഒരു ഏഴാം കടലിന്നുമപ്പുറത്തുള്ളൊരു ലങ്കയെന്ന് ഞാനൊക്കെ വിചാരിച്ചു.പെണ്‍നുങ്ങളുടെ നേര്ക്ക് പരാക്രമം വില്ലനല്ലെങ്കിലും ലൈംഗികാക്രമണം എന്നും നായകന്റെ ശീലമായിരുന്നല്ലോ...

പിന്നീടൊരിയ്ക്കല്‍ പെണ്‍കുട്ടികളുടേ ചൂടറിയാന്‍ പട്ടാളത്തില്‍ച്ചേരണമെന്ന് ഒരു സുഹൃത്തിന്റെ സുഹൃത്ത് പറഞ്ഞപ്പോ അവന്റെ പുളുവടിയെന്നോര്‍ത്ത് മനസ്സില്‍ ചിരിച്ചു..

ഇത് സഹിയ്ക്കാന്‍ വയ്യാതെയായിരിയ്ക്കുന്നു. ഭാരതീയന്റെ ഉള്ളില്‍ കടന്നുകയറിയ ഈ അമേരിയ്ക്കന്‍ ഭൂതത്തിനെ പുറത്താക്കാന്‍ നാമെല്ലാം പ്രവര്‍ത്തിയ്ക്കേണ്ടിയിരിയ്ക്കുന്നു.

വിയറ്റ്നാം യുദ്ധം അമേരിയ്ക്ക തോറ്റത് സ്വന്തം മണ്ണില്‍‌വച്ച് തന്നെയായിരുന്നു.
അചിന്ത്യാമ്മേ ഒത്തിരി നന്ദി..

ഒപ്പം ഭാരതമൊട്ടാകെ മണിപ്പൂരിനു വേണ്ടി ഉയര്‍ത്തെഴുനേല്‍ക്കാന്‍ ഈ ദേഹത്തിന്റെ വക എന്താണെങ്കിലും അത്..

ശാലിനി said...

ഇത്രയും കാര്യങ്ങള്‍ അവിടെനടക്കുന്നുണ്ടെന്ന് ഈ പോസ്റ്റ്വായിച്ചപ്പോഴാണാറിഞ്ഞത്.

“ഈ യുവതിയുടെ ത്യാഗം വെറും ജലരേഖയായി മാറാതിരുന്നെങ്കില്‍ !“

ദേവന്‍ said...

മണിപ്പൂര്‍ ഒരു സ്വതന്ത്ര രാജ്യമായിരുന്നു (പ്രിന്‍സ്‌ലീ സ്റ്റേറ്റ് അല്ല) അതിനെ ഇന്ത്യന്‍ യൂണിയനോട് മേര്‍ജ്ജ് ചെയ്തത് അനധികൃതമഅയിട്ടായിരുന്നു (രാജാവിനോട് സമ്മത പത്രം ഒപ്പു വയ്ക്കാന്‍ നിര്‍ബന്ധിച്ചു. മണിപ്പൂരിന്റെ ഭരണഘടന അനുസരിച്ച് പാര്‍ലമെന്റ് അപ്രൂവ് ചെയ്യാതെ രാജാവിന്റെ ഒപ്പിനു രാജ്യം അടിയറ വയ്ക്കാന്‍ സാധുതയില്ലെന്ന് ആ രാജാവ് പറഞ്ഞപ്പോള്‍, കല്ലി വല്ലി പാര്‍ലമെന്റ് ഒപ്പിടടാ പുല്ലേ എന്നായി ഇന്ത്യ. അങ്ങനെ ഒരു തരത്തില്‍ പറഞ്ഞാല്‍ നമ്മള്‍ അധിനിവേശക്കാരായി) - ഈ സംഭവത്തെക്കുറിച്ച് വിമതന്‍ പണ്ട് എന്റെ ഏതോ പോസ്റ്റില്‍ വിശദമായി എഴുതിയിട്ടുണ്ട് (ലിങ്കാന്‍ ആ പോസ്റ്റ് ഓര്‍മ്മയില്ല)

ശേഷമുള്ള കഥയെല്ലാം ഇതൊക്കെ തന്നെ. എനിക്കു കേരളത്തില്‍ ൧൦ ദിവസത്തെ വിസയേ തരൂ, എന്റെ ഭാര്യ തമിഴുനാട്ടുകാരി ആണെങ്കില്‍ വിസയേ കിട്ടില്ല എന്ന രീതിയില്‍ പോകുന്നു അവിടത്തെ റെസ്ട്രിക്റ്റഡ് ആക്സസ്.

പട്ടാളത്തിനു ഒന്നേ അറിയൂ, ആക്രമിക്കുക, കീഴടക്കുക. സിവില്‍ ഏരിയയില്‍ പട്ടാളം ഇറങ്ങിയ ലോകത്തെ എല്ലാ സ്ഥലത്തും ഇത്തരം കഥകളുണ്ടാവുന്നതിന്റെ കാരണം അതാണ്‌. സമാധാനം, നിയമ പരിപാലനം ഇതൊക്കെ പട്ടാളത്തിനു കഴിയുന്ന കാര്യങ്ങളല്ല. അതിന്റെ ഭാഷയോ രീതിയോ അതല്ല.

തൊട്ടടുത്ത് നാഗന്മാരെ നേരിട്ട കഥ ആനന്ദ് എവിടെയോ എഴുതിയിട്ടുണ്ട് (അദ്ദേഹം ഓപ്പറേഷന്‍ ഓര്‍ക്കിഡില്‍ വര്‍ക്ക് ചെയ്ത ആളാണ്) ഓപ്പറേഷനെ കുറിച്ച് ഒരു മേജര്‍ പറയുന്നത് (ഓര്‍മ്മയില്‍ നിന്ന് പകര്‍ത്തുന്നത്, ആനന്ദിന്റെ നോവലിലെ അതേ പദങ്ങളല്ല)
"ഗ്രാമത്തിലിറങ്ങി ഞങ്ങള്‍ പെണ്‍ നാഗിനിമാരെ പിടിച്ചു കെട്ടി കൊണ്ടു പോരും, അവരുടെ സഹോദരന്മാര്‍ അതോടെ ക്യാമ്പില്‍ വന്നു ഞങ്ങള്‍ക്കു മുന്നില്‍ മുട്ടു കുത്തും.... കുറേയെണ്ണം ചത്തു തുലഞ്ഞാലെന്ത്, വിജയിച്ചു".. എങ്ങനെയും വിജയിക്കുക എന്നത് പട്ടാളമതം, അതിനെ സിറ്റിസണെതിരേ ഉപയോഗിച്ച സര്‍ക്കാരുകള്‍ സമാധാനം പറയട്ടെ.
ഷര്‍മ്മിളയുടേതാണെന്ന് തോന്നുന്നു ഒരു പ്രസംഗത്തില്‍ കേട്ടത്
"നോര്‍ത്ത് ഈസ്റ്റും ഇന്ത്യയും തമ്മില്‍ ചരിത്രപരമോ സാംസ്കാരികമോ രാഷ്റ്റ്രീയമോ ആയ ഒരു സാമ്യവും പൊതു താല്പ്പര്യവും നിലവിലില്ല എന്നതാണു അടിസ്ഥാനമായ പ്രശ്നം. അതിനെ കണ്ടില്ലെന്ന് നടിക്കുന്നത് ആ പ്രശ്നങ്ങള്‍ക്ക് ഇന്ത്യക്കു മറുപടി ഇല്ലാത്തതുകൊണ്ടും. ഒരു ചെറുത്തു നില്പ്പ് ഞങ്ങള്‍ക്കാവില്ല എന്നതുകൊണ്ട് ഞങ്ങള്‍ കീഴടക്കപ്പെടുന്നു, കൊന്നു തീര്‍ക്കപ്പെടുന്നു, ബലാത്സംഗം ചെയ്യപ്പെടുന്നു, സാംസ്കാരികമായി ഉന്മൂലനം ചെയ്യപ്പെടുന്നു. .."

ദേവന്‍ said...

kettath, ennath vaayichchath (masikayilo pathrathilo) ennu thiruth. njaan ivarude prasamgam kettittlla, adichappo angane vannupoyathane.

Unknown said...

ഇതോ സമത്വ സുന്ദര ഭാരതം?

ലോക രാഷ്ട്രങ്ങള്‍ക്കിടയിലെ അധിനിവേശ ശക്തികള്‍ക്കെതിരെ ഘോരഘോരം വാക്‍ധോരണിയുതിര്‍ക്കുമ്പോഴും നമ്മുടെ കാല്‍ക്കീഴില്‍ ഞെരിഞ്ഞമരുന്ന ജീവിതങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന പൈശാചിക പ്രവണതകള്‍ക്കെതിരെ നിശ്ശബ്ദവിപ്ലവം നയിക്കുന്ന ഇറോം ഷര്‍മ്മിള ചാനു എന്ന പൊരുതുന്ന സ്ത്രീത്വത്തിന്റെ ത്യാഗസമ്പൂര്‍ണ്ണ ജീവിതലക്ഷ്യം സാര്‍ത്ഥകമാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

ഇങ്ങനൊരു വിഷയം മലയാളമനസ്സാക്ഷിക്കു മുന്നിലെത്തിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ച ഉമേച്ചിക്കും പ്രോത്സാഹനങ്ങള്‍ നല്‍കിയ മറ്റു സുഹൃത്തുക്കള്‍ക്കും നന്ദി.

അചിന്ത്യ said...

സാന്‍ഡോസ്, ശാലിനി, ദേവ്, പൊതുവാള്‍, അംബി , എല്ലാവരടേം പ്രാര്‍ത്ഥനടെം സ്നേഹത്തിന്‍റേം , രോഷത്തിന്‍റേം പോസിറ്റിവ് എനര്‍ജികൊണ്ട് എതെങ്കിലും ഗുണം ണ്ടാവാണ്ടിരിക്കില്ല്യ, ഉവ്വോ.
നന്ദി സ്നേഹം സമാധാനം

കണ്ണൂസ്‌ said...

ഉമേച്ചിയുടെ ഈ പോസ്റ്റിന്‌ ഒരു അഭിപ്രായം എഴുതണം എന്ന് വിചാരിച്ചിട്ട് രന്ടു ദിവസമായി. ഇപ്പോഴാണ്‍ സമയം കിട്ടിയത്.

ഉമേച്ചി ഈ പോസ്റ്റ് കൊന്ട് ഉദ്ദേശിച്ചത്, ഒരു സ്ത്രീ ഡയമന്ഷന്‍ ആണോ എന്നെനിക്കറിയില്ല. ആണെങ്കില്‍ യാതൊരു വിധ ഉപാധികളുമില്ലാത്ത പിന്തുണ. ലോകത്തില്‍ ഒരു സ്ത്രീത്വവും അപമാനിക്കപ്പെട്ടു കൂടാ. എന്തു പേരിലാണെങ്കിലും ഒരു പട്ടാളക്കാരനും ഒരു സ്ത്രീയുടേയും മടിക്കുത്തില്‍ പിടിക്കാനുള്ള അവകാശം ഇല്ല. മണിപ്പൂരിലും കാശ്‌മീരിലും നടക്കുന്ന ഇത്തരം മനുഷ്യാവകാശ ധ്വംസനങളെ ശക്തമായി അപലപിക്കുന്നു, അതില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നു.

ഞാന്‍ മറുപടി പറയാന്‍ ആഗ്രഹിക്കുന്നത്, ഈ ധ്വംസനങളെ കുറിച്ചല്ല. ഈ പോസ്റ്റിലും, തുടര്ന്ന് വന്ന കമന്റുകളിലും വ്യക്തമാവുന്ന രാഷ്ട്റീയത്തെക്കുറിച്ചാണ്‌. ഭരണകൂട ഭീകരത എന്ന് വിവക്ഷിക്കപ്പെടുന്ന രാഷ്ട്റീയം. ഇവിടെ പരാമര്ശിക്കപ്പെട്ട ഇതു സമ്ബന്ധിച്ച ചില പ്രശ്നങള്ക്കുള്ള എന്റെ അഭിപ്രായം.

1. മണിപ്പൂരും അതു പോലുള്ള സ്വയംഭരണ പ്രദേശങളും ഇന്ദിഅന്‍ യൂണിയനോട് ചേര്ക്കപ്പെട്ട രീതി

ശരിയാണ്‌. വ്യക്തമായ ഇരട്ടത്താപ്പുന്ട് ഇതില്. പക്ഷേ അതിത്ര വലിയ പാപമാണോ? എങിനെയാണ്‌ നിലനില്ക്കേന്ടത് എന്ന് വ്യക്തമായ ബോധമില്ലാത്ത ചില ചെറു പ്രവിശ്യകളെ മുഖ്യപ്രവിശ്യയോട് കൂട്ടിച്ചേര്ക്കേന്ടത് രാജ്യത്തിന്റെയെന്ന പോലെ അവരുടേയും നല്ലതിനായിരുന്നു. കാശ്മീരിനുമ്, മണിപ്പൂരിനും സ്വയമ്ഭരണം നല്കുന്നത്, ആത്‌മഹത്യാപരമായിരുന്നുവെന്നത് ഒരു സത്യം മാത്രമാന്‌.യൂണിയനില്‍ നിന്ന് വേറിട്ട് ഒറ്റക്ക് നിന്നിരുന്നുവെങ്കില്‍ പാകിസ്ഥാനോ ചൈനയോ സൃഷ്ടിക്കുമായിരുന്ന പ്രശ്നങളില്‍ നൂറിലൊന്നു പോലും ഈ സം‌യോജനം കൊണ്ട് മണിപ്പൂരിനോ കാശ്‌മീരിനോ ഇന്ദ്യക്കോ ഉണ്ടായിട്ടില്ല എന്നത് ഒരു വാസ്തവം മാത്രമാണ്‌.

൨. ഏ.ഫ്.പീ.സി.ഏ

എന്താണ്‌ ഏ.ഫ്.പീ.സി.ഏ? ലോകത്തെ ഏത് പ്രശ്നബാധിത പ്രദേശത്തും പ്രാദേശിക സര്‍ക്കാറുകള്‍ ഏര്‍പ്പെടുത്തുന്ന രീതിയിലുള്ള ഒരു തീവ്രവാദ വിരുദ്ധ നിയമം മാത്രമഅണ്‌ ഇത്. ദുരുപയോഗപ്പെടുത്താവുന്ന വ്യവസ്ഥകള്‍ ഇതിലുണ്ടെന്നും, അത് ദുരുപയോഗപ്പെടുത്തപ്പെടുന്നുണ്ടെന്നും ഉള്ളത് സത്യം തന്നെ. നിയമ പരിപാലന സേനക്ക് മുന്നറിയിപ്പില്ലാതെ മാരകമായേക്കാവുന്ന ആയുധങള്‍ പ്രയോഗിക്കാനുള്ള അനുവാദം, വാറന്റില്ലാത്ത അറസ്റ്റ്, എവിടേയും സെര്‍ച്ച് ചെയ്യാനുള്ള അനുവാദം എന്നിവയാണ്‌ ഇതില്‍ പ്രധാനപ്പെട്ട മനുഷ്യാവകാശ ധ്വംസന നിയമങള്‍. ഈ വ്യവസ്ഥകള്‍ പുനപരിശോധിക്കാം എന്നും, വിവാദമാവുന്നവ് നീക്കം ചെയ്യാം എന്നും ആദ്യം വാജ്‌പേയി സര്‍ക്കാരും പിന്നീട് മനമോഹന്‍ സിംഗ് സര്‍ക്കാരും ഉറപ്പ് നല്‍കിയതുമാണ്‌. അതു കഴിഞ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ജീവന്‍ റെഡ്ഡി കമ്മീഷനും ഏ.ഫ്.പീ.സി.ഏ ലഘഊകരിക്കാന്‍ ശുപാര്‍ശ ചെയ്തതാണ്‌. ഇതെല്ലാം തൃണവല്‍ഗണിച്ച്, ഏ.ഫ്.പീ.സി.ഏ മുഴുവനായി എടുത്തു മാറ്റി, സ്വയംഭരണാവകഅശം നല്‍കണം എന്ന പിടിവാശിയിലാണ്‌ ഇറോം ചാനുവും അവരുടെ സംഘടനയും. ഇതെത്രമാത്രം ന്യായീകരിക്കത്തക്കതഅണ്‌ എന്നും ചിന്തിക്കേണ്ടതുണ്ട്. പിടിവാശി ഒരു പക്ഷത്തു മാത്രമല്ല എന്ന് സാരം.

൩. ഇന്ദിഅന്‍ ആര്‍മിയെ അടച്ചുള്ള ആക്ഷേപങള്‍

അസം റൈഫിള്‍സ് എന്ന പാരാമിലിറ്ററി സംഘടനയഅണ്‌ മണിപ്പൂരിലെ ക്രമസമഅധഅനത്തിന്റെ ചുമതല. രാജ്യത്തിന്റെ മറ്റു ഭാഗങളില്‍ സ്തുത്യര്‍ഹമായ സേവനം നടത്തുന്ന പട്ടാളത്തെ, ഒരു പ്രവിശ്യയിലുള്ള അസമാധാനത്തിന്റെ പേരില്‍ ഭീകരരായി ചിത്രീകരിക്കുന്നത് നീതികരിക്കത്തക്കതല്ല.

ദിവാസ്വപ്നം said...

ഹൃദയസ്പര്‍ശിയായ പോസ്റ്റ്

എതിരന്‍ കതിരവന്‍ said...

അചിന്ത്യ:
പട്ടാളവും പോലീസും “വീര്യം’ തെളിയിക്കുന്നത് ഇങ്ങനെയാണ് പലപ്പോഴും. നമ്മുടെ “തങ്കമണി” (എന്തൊരു അന്വര്‍ത്ഥമായ പേരു്!)ധാരാളം മതിയല്ലൊ ഉദാഹരണമായിട്ടു.
പട്ടാളക്കാര്‍ മറ്റുരാജ്യങ്ങളില്‍പ്പോയി ഇത്തരം അതിക്രമങ്ങള്‍ ചെയ്യാറുണ്ട്. ഇന്‍ഡ്യയില്‍ ഇതു രാജ്യത്തിനകത്തു തന്നെ. ശക്തമായ നിയമനിര്‍മ്മാണം കൊണ്ട് മാത്രമേ ഇതിനു തടയിടാനാകുകയുള്ളു.
മണിപുരിനു സ്വാതന്ത്ര്യം കിട്ടുന്നതല്ല കാര്യം. സ്ത്രീകളോടുല്ല അതിക്രമത്തില്‍ നിന്നുമുള്ള സ്വാതന്ത്ര്യമാണ് കാര്യം.

കുട്ടിച്ചാത്തന്‍ said...

ഉമേച്ചീ വന്നു, വായിച്ചു, ഇതില്‍കൂടുതല്‍ എന്തു ചെയ്യാന്‍ പറ്റും? സഹതപിക്കുകയല്ലാതെ.

Kaithamullu said...

ആവര്‍ത്തനങ്ങള്‍,
പ്രഖ്യാപനങ്ങള്‍;
വീണ്ടും ആവര്‍ത്തനങ്ങള്‍,
വീണ്ടും പ്രഖ്യാ‍പനങ്ങള്‍!

-എത്ര നാളായി നാം ഇതൊക്കെ കാണുന്നു, സഹിക്കുന്നു?

അചിന്ത്യേ,
കാലികമായ വിഷയം.
കുറച്ച് പേര്‍ക്കെങ്കിലും മനസ്സാക്ഷിക്കുത്തുണ്ടാക്കാന്‍ ഈ ലേഖനത്തിന് കഴിഞ്ഞാല്‍ അത്ര നല്ലത്.

വല്യമ്മായി said...

വായിച്ചു,നല്ലതിനായി പ്രാര്‍ത്ഥിക്കുന്നു.

മാവേലി കേരളം said...

അചിന്ത്യേ
ഇപ്പോഴാണ് ഈ പോസ്റ്റു കാണുന്നത്.

ലജ്ജാവഹം. ചില വിഭാഗങ്ങളുടെ സ്വാതന്ത്ര്യം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമെന്ന ബഹുമതി നേടിയ രാജ്യത്തു ധ്വംസിയ്ക്കപ്പെടുന്നുവോ?

ആ സ്വാതന്ത്ര്യ അവകാശം നേടിയെടൂക്കാന്‍ ഒരു സ്ത്രീ മുന്നോട്ടു വന്നു എന്നത് ഒരു പ്രത്യേക അനുഭവമാകുന്നു. സ്വാതന്ത്ര്യത്തിനു വേണ്ടി സ്ത്രീ പൊതുവെ അധരവ്യായാമം ചെയ്യുന്ന ഇന്‍ഡ്യയില്‍.

പക്ഷെ ഇത്തരം പൊതു പ്രശ്നങ്ങള്‍ക്കു കമന്റുകള്‍ എഴുതുമ്പോള്‍ തോന്നുന്നത് ഇപ്പോഴും തോ‍ാന്നുന്നു.

ഇന്ത്യന്‍ പൌര സംഘടനയുടെ ഒരുപ്രധാന ഭാഗമായ കേരള ബ്ലോഗു ധാ‍ാര്യ്ക്കു, തങ്ങളുടെ പ്രതിഷേധം പ്രായോഗികമായി അറിയിയ്ക്കാന്‍ ഒരു പൊതു രൂപം/രീതി ഉണ്ടാകേണ്ടിയിരിയ്ക്കുന്നു.

അതെങ്ങനെ സാധിയ്ക്കും എന്നത് നമുക്കിടയില്‍ ഒരു ചര്‍ച്ചാ വിഷയമാകട്ടെ എന്നു പ്രതീക്ഷിയ്ക്കുന്നു.

vimathan said...

http://www.petitiononline.com/afspa/petition.html

Jo said...

It is good that you put this up as a blog post. Very moving article indeed.

In all 40 comments (to this time), I think Kannus' comment needs some detailed debate and discussion. I think Kannus has raised some valid points here.

Any takers on that here?

Jo said...

One question to Kannus though. What happened to the assurances given by the governments of Vajpayee and Manmohan Singh? Has any of them been kept? What happened to the Reddy Commission recommendations?

When the government is loosely handling such serious issues, isn't it in the interest of people of Manipur that they deny the AFPCA completely? (kunnolam chodichaale kunni kuruvolam kittu ennu Malayalathil oru chollundallo)

Also when it comes to the atrocities of the Army, Manipur is not the only exception of the good deeds of IA. There are reported stories from Kashmir. Recently BBC reported that natives beaten up two soldiers who pretended to be the militants and raped their women.

While I do appreciate the service that Army does to this country, I think that the Army should not be let loose and do what they want.

Sathyardhi said...

കണ്ണൂസിന്റെ കമന്റ്, അതിന്റെ തന്നെ സ്വഭാവമുള്ള വക്കാരിയുടെ എന്റെ ലോസിഫ് നന്ദിയിലെ കമന്റ്, മറ്റു പലതും കാണുമ്പോള്‍ രാഷ്ട്രങ്ങളുണ്ടാകുന്നതും ഇല്ലാതാകുന്നതും ആര്‍ക്കുവേണ്ടി എന്ന അടിസ്ഥാന ചോദ്യത്തിലേക്ക് മടങ്ങി പോകേണ്ടതായി വരുന്നു.

നാട്, രാജ്യം എന്നിവ നമ്മള്‍ ഒരേ അര്‍ത്ഥത്തില്‍ ഉപൊഅയോഗിക്കാറുണ്ട്. നാടെന്നാല്‍ ഒരു അംഗീകൃത സമൂഹമാവണമെന്നില്ല. ദേശിംഗനാട്, വംഗദേശം, തുളുനാട്, ഡെക്കാണ്‍, തെക്കേ ഏഷ്യ എന്നിങ്ങനെ ഏതു ഭൂപ്രദേശത്തെയും സമൂഹത്തെ നാടെന്ന് വിശേഷിപ്പിക്കാം. രാജ്യമെന്നാല്‍ അതിനൊരു സംഘവ്യക്തിത്വം പല കാര്യങ്ങളിലും ഔദ്യോഗികമായി കല്പ്പിക്കപ്പെടുന്നതാണ്‌. പൗരത്വം, നാണയം, സൈന്യം, അതിര്‍ത്തികള്‍, ഭരണഘടന, നിയമങ്ങള്‍ അങ്ങനെ ഒരു നാടിനു സ്വന്തമായില്ലാത്ത അസംഖ്യം കാര്യങ്ങള്‍ ഒരു രാജ്യത്തിലുണ്ട്. മണിപ്പൂര്‍ ഒരു നാടാണ്‌, അത് ഒരു രാജ്യമാകണോ വേണ്ടയോ എന്ന് ചിന്തിച്ചപ്പോള്‍ വേണ്ട എന്നാണ്‌ കണ്ണൂസിനു തോന്നിയത്.

രാജ്യമെങ്ങനെ ഉണ്ടാകുന്നു? അല്ലെങ്കില്‍ ഇന്നുള്ള ഇരുനൂറോളം രാജ്യങ്ങള്‍ എങ്ങനെ ഉണ്ടായി? മനുഷ്യന്‍ സമൂഹ ജീവിയാണ്‌. അത്തരം ജന്തുക്കള്‍ക്ക് പാക്ക് ലീഡര്‍മാര്‍ ആവശ്യമാണ്‌. ഓരോരോ നാടുകളില്‍ "അംഗബലം കൊണ്ടോ ആയുധം കൊണ്ടോ" നയതന്ത്രമിടുക്കുകൊണ്ടോ ആല്‍ഫ ആണ്‌ ആയതുകൊണ്ടോ വെറും ഗുണ്ടത്തരം കൊണ്ടോ ഒക്കെ സമൂഹത്തിനെ ഭരിക്കുന്ന പാക്ക് ലീഡര്‍മാര്‍ ഉണ്ടായി. അവര്‍ അധികാരങ്ങള്‍ സ്ഥാപിച്ചു, സുരക്ഷാസേനകളെ- പ്രധാനമായും നേതാവിന്റെ സുരക്ഷക്കുള്ള സേനകളെ ഉണ്ടാക്കി. അംഗീകൃത നേതാവാകുന്നതനു വിലയായി അണിയാളര്‍ക്ക് സുരക്ഷയും നീതിയെന്നു വിളിക്കാവുന്ന അവകാശങ്ങളും കിട്ടി. അങ്ങനെ രാജാക്കന്മാരും രാജ്യങ്ങളുമുണ്ടായി. രാജ്യങ്ങള്‍ യുദ്ധത്തില്‍ ജയിച്ചും തോറ്റും വലുതും ചെറുതും ഒക്കെ ആയി . പിന്നെ വന്‍ പടകളുണ്ടായി അവ രാജ്യങ്ങളെ കൂട്ടമായി വിഴുങ്ങി സാമ്രാജ്യങ്ങളായി. ഏഷ്യാ വന്‍‌കരയില്‍ വ്യക്തമായ ചരിത്രം തെളിഞ്ഞതിനു ശേഷം രാജരാജചോളനും ജംഖിസ് ഖാനും അലക്സാണ്ടറുമൊക്കെ പടയോട്ടം നടത്തിയിട്ടുണ്ട്, എന്നാല്‍ വന്‍ സാമ്രാജ്യങ്ങളൊന്നും വളരെക്കാലം നില നിന്നില്ല, വ്യക്തിവിജയങ്ങളായിരുന്നു അവ എന്നതിനാല്‍ ഒരു വീരപാണ്ഡ്യനോ ഒരായിരം മക്കളോ ഒരു ജപ്പാന്‍ ജ്വരം പരത്തുന്ന കൊതുകോ മദ്യാസക്തിയോ ഒക്കെ സാമ്രാജ്യങ്ങള്‍ ഉണ്ടായ വേഗത്തില്‍ വീഴ്ത്തിക്കളയുകയും ചെയ്തു. അവയുടെ പട്ടടയില്‍ വീണ്ടും രാജ്യങ്ങള്‍ കുരുത്തു.

ആഡം സ്മിത്തിന്റെ കോളോണിയല്‍ ധനതത്വശാസ്ത്രം നല്‍കുന്ന ആശയബലത്തില്‍ ബ്രിട്ടണ്‍ ഉണ്ടാക്കിയ സൂര്യനസ്ഥമിക്കാത്ത സാമ്രാജ്യം എന്നാല്‍, നൂറ്റാണ്ടുകള്‍ നിലനിന്നു. കീഴടക്കുക എന്ന വന്യമായ ആഗ്രഹത്തിനെക്കാള്‍ സ്ഥാപിക്കുക്ക എന്ന സ്ഥിരലക്ഷ്യം ഒരു സാമ്രാജ്യത്തിനുണ്ടായത് ഇന്ത്യയില്‍ ആദ്യമായായിരിക്കണം. കോളനികളിലെ ജനകീയ ചെറുത്തുനില്പ്പ്, മനുഷ്യാവകാശം ജനാധിപത്യം എന്നീ പുത്തന്‍ ആശയങ്ങള്‍ക്ക് ലോകമെങ്ങുമുള്ള അംഗീകാരം, മനുഷ്യാദ്ധ്വാനം എന്നതിനെ കവച്ചു വയ്ക്കുന്ന യന്ത്രാധിഷ്ഠിത വാണിജ്യയുഗത്തിന്റെ തുടക്കം, രണ്ടാം ലോക മഹായുദ്ധം അന്താരാഷ്ട്രതലത്തില്‍ പുതിയ നയതന്ത്രരീതികളുണ്ടാക്കിയത് എന്നിങ്ങനെ അസംഖ്യം കാരണങ്ങള്‍ക്കുമുന്നില്‍ ഒടുവില്‍ ആ സാമ്രാജ്യം നിലം പൊത്തുമ്പോഴാകട്ടെ, പഴയതുപോലെ ചെറുരാജ്യങ്ങള്‍ മുളച്ചില്ല. ഇന്ത്യയില്‍ രാഷ്ട്രീയ പാര്‍ട്ടികളും ജനകീയ പ്രസ്ഥാനങ്ങളും ജനാധിപത്യബോധവുമൊക്കെ ഉണ്ടായിക്കഴിഞ്ഞിരുന്നു. രാഷ്ട്രത്തിന്റെ ജനകീയ നേതാക്കള്‍ അതിനെ ഇന്ത്യയും പാക്കിസ്ഥാനുമെന്ന രണ്ടു രാജ്യങ്ങളാക്കി ആയിരത്തോളം സാമന്ത രാജാക്കന്മാരെ സാമദാനഭേദദണ്ഡങ്ങളെല്ലാം പ്രയോഗിച്ചു രൂപീകരിച്ചെടുത്തു.

മിക്കതിലും ജനങ്ങള്‍ വ്യക്തമായ ജനാധിപത്യബോധമില്ലെങ്കിലും "കാന്തിയുടെയും ജവഹരിലാലിന്റെയും" ഒക്കെ കൂടെ നില്‍ക്കാന്‍ ആഗ്രഹിച്ചു. ഹൈദരാബാദ് നൈസാം ഇന്ത്യന്‍ യൂണിയനു മുന്നില്‍ മുട്ടുകുത്തിയപ്പോള്‍ തെലുങ്കന്മാര്‍ സന്തോഷിച്ചു. ഈ അലകളൊന്നും എത്താത്ത ട്രൈബുകളായിരുന്നു വടക്കു കിഴക്കന്‍ പ്രവിശ്യകളില്‍. അവര്‍ക്ക് ഇന്ത്യയും ബ്രിട്ടനും എല്ലാം അധിനിവേശക്കാരായി തോന്നി (കശ്മീരിന്റെ പ്രശ്നം പണ്ടൊരിക്കല്‍ എഴുതിയതുകൊണ്ട് ആവര്‍ത്തിക്കുന്നില്ല). പലര്‍ക്കും രാജാവ് ദൈവതുല്യനാണ്‌. ജപ്പാന്‍ ചക്രവര്‍ത്തി മാപ്പു പറഞ്ഞെന്ന് ആ രാജ്യത്തിലെ ഭൂരിപക്ഷം ജനങ്ങളും വിശ്വസിച്ചിരുന്നില്ലത്രേ. രണ്ടായിരം വര്‍ഷം രാജാവുണ്ടായിരുന്ന മണിപ്പൂരിനു ഒരു ദിവസം രാജാവ് ഇല്ലാതെ ആയി എന്നു മാത്രമാണ്‌ അവര്‍ക്കു മനസ്സിലായത്, ഇന്ത്യന്‍ യൂണിയന്‍ എന്ന ഉത്സവം അവരറിഞ്ഞില്ല. എന്നാല്‍ അവരെല്ലാം ഇന്ത്യവിട്ടു പോകാന്‍ ആഗ്രഹിക്കുന്നോ? എന്നാരുപറഞ്ഞു?

ഇരുപതു ലക്ഷം ആളുകളുള്ള മണിപ്പൂര്‍ സംസ്ഥാനം കഴിഞ്ഞ ൨൭൪ വര്‍ഷമായി ഇന്ത്യക്ക് "പ്രശ്നബാധിത മേഖല" ആണ്‌. അതെന്താണ്‌? കൂട്ടിച്ചേര്‍ക്കുമ്പോഴുണ്ടായിരുന്ന മണിപ്പൂരി വിഘടനക്കാര്‍ ഇത്രയും വര്‍ഷം കൊണ്ട് മരിച്ചുതീര്‍ന്നു കാണില്ലേ? ഇന്നുള്ള ഇരുപതുലക്ഷത്തില്‍ മഹാഭൂരിഭാഗവും ഇന്ത്യന്‍ യൂണിയനിലെ മണിപ്പൂര്‍ സംസ്ഥാനത്തില്‍ ജനിച്ചു വളര്‍ന്നവരല്ലേ? രണ്ട് ലോകസഭാ എം പി കള്‍ ആണ്‌ മണിപ്പൂരിനു ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഉള്ളത്. അറുപത് എം എല്‍ ഏ മാരുള്ള നിയമസഭയുമുണ്ട്, പക്ഷേ ഇവര്‍ക്കൊന്നും അമ്പതുവര്‍ഷമായി ഈ പ്രശ്നം പരിഹരിക്കാനാവാത്തതെന്തേ?

ഇന്നത്തെ മണിപ്പൂര്‍‌ഓണ്‍ലൈന്‍.കോം നോക്കുക, (ഇന്നത്തെ ഡേറ്റ് കാണിക്കുന്നെങ്കിലും പത്രം ഒക്റ്റോബര്‍ ൨൦൦൬ നു ശേഷം അപ്ഡേറ്റ് ചെയ്തിട്ടില്ലെന്ന് കാണുന്നു) ഹെഡ് ലൈനുകള്‍‍ - നാഗന്മാര്‍ ഇന്ത്യയോട് സ്വന്തത്ര സ്റ്റേറ്റ് പദവി ആവശ്യപ്പെട്ടു, ഇഗാര്‍ മിലിട്ടറി റിവ്യൂ, മണിപ്പൂര്‍ ഇന്ത്യയില്‍ ലയിപ്പിച്ചതിലെ പാകപ്പിഴകള്‍, പ്രോജക്റ്റ് മണിനാഗപ്പൂര്‍ അങ്ങനെ പോകുന്നു. ഇന്ത്യന്‍ മെയിന്‍ ലാന്‍ഡില്‍ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചൊന്നുമില്ല, അവര്‍ക്കു താല്പ്പര്യവുമില്ല. എന്താണിത്?
അമ്പതുവര്‍ഷം കൊണ്ട് പ്രമാധികാരജനാധിപത്യരാഷ്ട്രത്തിന്‌ ഒട്ടും "നാഷനാലിറ്റി" വില്‍ക്കാന്‍ നമ്മുടെ രാഷ്ട്റീയത്തിനു കഴിഞ്ഞില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമാണത്, എന്തുകൊണ്ട് അഖിലേന്ത്യാ നേതാക്കള്‍ക്ക് അതിനു കഴിഞ്ഞില്ല? ആശാവഹമായ ഒരേ ഒരു മൂവ് നടത്തിയത് ഈയിടെ മന്മോഹന്‍ സിംഗാണ്‌.

പ്രശ്നബാധിത മണിപ്പൂരിലേക്ക് പത്തുദിവസം എന്റ്രി പെര്‍മിറ്റേ നോണ്‍ റെസിഡന്റ് മണിപ്പൂരിയനു കിട്ടൂ . മാന്‍ മിസ്സിങ് കേസുകള്‍ അനവധിയുണ്ട്, സ്ത്രീകള്‍ക്കെതിരായി അതിക്രമങ്ങള്‍ നടക്കുന്നു ഇതൊക്കെയാണ്‌ സാധാരണ മണിപ്പൂരിക്ക് മുന്നില്‍ ഉള്ള പ്രശ്നം. അതിന്റെ മറുവശത്തോ? ഭീകരവാദികള്‍ മുഖ്യമായും ബര്‍മ്മന്‍ അതിര്‍ത്തികടന്നു ബോംബുസ്ഫോടനങ്ങളും കൊലകളും നടത്തുന്നു. അവര്‍ക്ക് പീപ്പിള്‍സ് മാന്‍ഡേറ്റ് കുറവെന്ന് തോന്നുന്നു, പക്ഷേ തീര്‍ച്ചയായും അവരോട് മൃദുസമീപനമുള്ള കുറെ ആളുകള്‍ കാണുമായിരിക്കണം, പക്ഷേ എണ്‍പത്തഞ്ചു ശതമാനം പോളിങ് രേഖപ്പെടുത്തി മണിപ്പൂരിലെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍. മഹാഭൂരിപക്ഷം മണിപ്പൂരുകാര്‍ക്ക് ഇന്ത്യയോടോ അതിനോടു ലയിച്ചു നില്‍ക്കുന്ന മണിപ്പൂര്‍ സംസ്ഥാനത്തോടോ വൈമുഖ്യമില്ല എന്നു തന്നെ അതല് കാണാന്‍ കഴിയുന്നുമുണ്ട്.

കഴിഞ്ഞ കമന്റില്‍ ഞാന്‍ പറഞ്ഞതുപോലെ തന്നെ അസ്സാം റൈഫിളുകളെ ഞാന്‍ പഴിക്കില്ല. പട്ടാളത്തിനൊന്നേ അറിയൂ, കീഴടക്കുക. സിവില്‍ ഏരിയയില്‍ ഏതു പട്ടാളം - സാക്ഷാന്‍ യൂ എന്‍ പീസ് ഫോഴ്സ് ഇറങ്ങിയാലും മനുഷ്യാവകാശലംഘനങ്ങള്‍ നടക്കും, മണിപ്പൂരിന്റെ മനസ്സാക്ഷി എന്നറിയുന്ന ഷര്‍മ്മിള പ്രതിഷേധിക്കുന്ന തരം കൃത്യങ്ങള്‍ തന്നെ നടക്കും. സര്‍ക്കാരിനു അമ്പതു വര്‍ഷമായി പരിഹാരം കാണാനാവാത്ത പ്രശ്നമെന്താണവിടെ? ആഫ്സ്പാ നിയമം പ്രയോജനരഹിതമായ ഡിസ്ക്രിമിനേഷന്‍ ആണെന്ന് ജീവന്‍ റെഡ്ഡി കമ്മിറ്റി സുപ്രീം കോടതി മുന്നാകെ റിപ്പോര്‍ട്ട് കൊടുത്തിട്ടു രണ്ടുവര്‍ഷമായി. ആരാണ്‌ അതു നടപ്പിലാക്കുന്നതിനെ എതിര്‍ക്കുന്നത്? ആരും എതിര്‍ത്തതായി ഞാന്‍ കേട്ടില്ല. പിന്നെന്താണു കാലവിളംബം?

എല്ലാ നാണയത്തിനും മറുവശമുണ്ടല്ലോ. അതുകൂടി നോക്കുമ്പോള്‍ അസംഖ്യം മാന്‍ മിസ്സിങ് കേസുകള്‍ ഉണ്ടെന്നു പറയുന്നു, എത്രയെന്ന് ആരും (ഫ്രീ മണിപ്പൂര്‍ സൈറ്റ് പോലും) പറയുന്നുമില്ല. റേപ്പ് കേസുകള്‍ രണ്ടെണ്ണമാണ്‌ ആക്റ്റിവിസ്റ്റുകള്‍ പറയുന്നത്, മാന്‍ മിസ്സിങ് കേസുകളിലെ പത്തെണ്ണം സ്ത്രീകളാണെന്നും അവര്‍ ബലാല്‍സംഗം ചെയ്ത് വധിക്കപ്പെട്ടതാവണമെന്നും മറ്റൊരു സൈറ്റ്. അമ്പതു വര്‍ഷം ആസ്സാം റൈഫിള്‍ ഭീകരവാദം നേരിട്ടപ്പോള്‍ ബോംബുസ്ഫോടനങ്ങളില്‍ എത്രപേര്‍ മരിച്ചിട്ടുണ്ടാവണം? മറ്റേതു സൈനിക നടപടിയോട് താരതമ്യം ചെയ്താലുംീ കുറ്റകൃത്യങ്ങള്‍ കുറവാണെന്ന് തോന്നുന്നല്ലോ (അതുകൊണ്ട് പ്രതിഷേധിക്കേണ്ടെന്നോ അവ ജസ്റ്റിഫൈ ചെയ്യപ്പെട്ടെന്നോ ഒരിക്കലും അര്ത്ഥമാക്കിയിട്ടില്ല, അങ്ങനെ ഉദ്ദേശിച്ചേയില്ല) ഇന്ത്യന്‍ ആര്‍മിയുടെ വീരമൃത്യുലിസ്റ്റില്‍ പത്തെണ്‍പതു മണിപ്പൂരികളെ കണ്ടെത്തി പക്ഷേ അസ്സാം റൈഫിളുകളെ കാണാനില്ല അവരുടെ സൈറ്റിലും മരിച്ചവരെക്കുറിച്ച് എണ്ണക്കണക്കുകള്‍ കാണുന്നില്ല. ആഗേ ദുശ്മന്‍, പീച്ഛേ ദുശ്മന്‍ എന്ന വിളികള്‍ അസ്സാം റൈഫിളുകള്‍ക്ക് മണല്‍ച്ചാക്കില്‍ ബയണറ്റു കുത്തി പ്രാക്റ്റീസ് ചെയ്യാനുള്ള കമാന്‍ഡുകളല്ല, അവനു നാലുവശവും ദശാബ്ദങ്ങളായി എന്നും ദുശ്മന്‍. കാല്‍ക്കീഴില്‍ ദുശ്മന്‍ പാകിയ കുഴിബോംബുകള്‍. ആരുടെ ദുശ്മന്‍? എന്തിന്റെ ദുശ്മന്‍? ഇത്രയും ദുശ്മനെ അവനാരുണ്ടാക്കിക്കൊടുക്കുന്നു?

മുസാഫിര്‍ said...

ടീച്ചറെ,

വളരെ അസ്വസ്ഥത ഉണ്ടാക്കുന്ന വായന നല്‍കിയ ഒരു വിഷയം.വളരെ അധികം കമന്റുകള്‍ വന്നതില്‍ ചുരുക്കം ചിലര്‍ മാത്രമെ സംഭവത്തിന്റെ കാതല്‍ കണ്ടു എഴുതിയുള്ളു.

അമ്പത് വര്‍ഷം മുന്പ് വല്ലഭാ‍യി പട്ടേല്‍ നടത്തിയ തേരോട്ടത്തില്‍ വീണ നാട്ടുരാജ്യങ്ങളില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ മാത്രം എന്തെ പിന്നീടു മുഖം തിരിച്ച് നിന്നത് ? എന്തെ അവരെ മുഖ്യധാരയിലേക്കു കൊണ്ടു വരാന്‍ രാ‍ഷ്ട്രീയ ഇച്ഛാശക്തിയ്യുള്ള ഒരു നേതാ‍വിനും കഴിയാതെപോയത് ?റിപ്പബ്ലിക് ദിവസത്തില്‍ രാ‍ജ് പഥില്‍ക്കൂടെ ഉരുളുന്ന ഒരു ഫ്ലോട്ട് അല്ലാതെ മണിപ്പൂരിന്റെ സാന്നിധ്യം തലസ്ഥാനത്ത് എവിടെയും അനുഭവപ്പെട്ടിട്ടില്ല.
പിന്നെ ആര്‍മിയുടെ കാര്യം .ഇന്ത്യന്‍ ആര്‍മിയെപ്പോലെ വളരെ സ്റ്റ്രിക്റ്റ് ആയ നിയമങ്ങള്‍ ഉള്ള ഒരു ഫോഴ്സ് ഇങ്ങനെ ചെയ്യുന്നെങ്കില്‍ തീര്‍ച്ചയായും ആരുടെയെങ്കിലുമൊക്കെ മൌനാനുവാദം ഇതിന്റെ പുറകില്‍ ഉണ്ടാവില്ലെ ?

പിന്നെ ആര്‍മി എന്നത് ഒരു ഇരുതല മൂര്‍ച്ചയുള്ള വാളാണ്. ആഭ്യന്തര സുരക്ഷ കാര്യങ്ങള്‍ക്ക് വളരെ അത്യാവശ്യ ഘട്ടത്തില്‍ കുറച്ച് സമയത്തേക്കേ ഉപയോഗിക്കാവൂ എന്ന പാഠവും നമ്മള്‍ ഇനിയും പഠിക്കേണ്ടീയിരിക്കുന്നു.അയല്‍ക്കാരില്‍ നിന്നും ഉദാഹരണങ്ങള്‍ കണ്ടിട്ടും .
ഇനി മണിപ്പൂരിനൂ ഇന്‍ഡ്യന്‍ യൂണിയനില്‍ നീന്നും വിട്ടു പോവാന്‍ അനുവാദം കൊടുത്താല്‍ തന്നെ മൈനമ്മാറുമായി അതിര്‍ത്തി പങ്കിടുകയും ചിനയുമായി വളരെ അകലെയല്ലാതെ സ്ഥിതി ചെയ്യുകയും ചെയ്യുന്ന അവര്‍ക്കു എത്രകാലം പരമാ‍ധികാരം കാത്തു സൂക്ഷിക്കാനാവും ? അടുത്ത് കിടക്കുന്ന അസം,മേഘാലയ,,അരുണാചല്‍ പ്രദേശ്,നാഗാലാന്‍ഡ് ,മിസ്സോറോം എന്നിവര്‍ വെറുതെയിരിക്കുമോ‍.ഷര്‍മിളയുടെ പ്രശ്നം തീര്‍ച്ചയായും ദയാര്‍ഹം തന്നെ.പക്ഷെ അത് ഇതിന്റെ ഒരു ചെറിയ പ്രതീകം മാ‍ത്രമെ ആ‍വുന്നുള്ളു.ഉത്തരമില്ലാ‍ത്ത ഒരു പാടു ചോദ്യങ്ങളും അസ്വസ്ഥതകളും ഉണര്‍ത്തുന്ന ഒരു പ്രതീകം.

keralafarmer said...

അചിന്ത്യേ: മറ്റൊരു പട്റ്റാ‍ാളക്കാരന്‍ പറഞ്ഞാണ് ഞാന്‍ ഈ പോസ്റ്റ്‌ കാണുന്നത്‌. ഞാനും ഒരു പട്ടാളക്കാരനായിരുന്നു എന്ന്` പറയാന്‍ നാണക്കേടില്ലാതല്ല്ല. സാഹചര്യങ്ങള്‍ വലക്ക്കൂരുള്ള മണ്ണായി മാറൂമ്പോള്‍ ഇതും ഇതിലപ്പുറവും സംഭവിക്കും. ഷര്‍മ്മിളയുടെ സമരം വിജയിക്കട്ടെ

മുസാഫിര്‍ said...

കുറച്ച് ദിവസം ടീച്ചറുടെ ബ്ലോഗ് കാണാനുണ്ടായിരുന്നില്ലല്ലോ !

Anivar said...

See http://manipurfreedom.org too. someway related with this article

അനിലൻ said...

മാതൃഭൂമിയിലോ മാധ്യമത്തിലോ വന്നിരുന്നല്ലോ മണിപ്പൂരിലെ പീഡനത്തിന്റേയും ചെറുത്തു നില്‍പ്പിന്റേയും കഥകള്‍.

സ്വാതന്ത്ര്യദിനാശംസകള്‍ കൈമാറലും ഇന്ത്യന്‍ സാംസ്കാരിക പൈതൃകത്തെ പ്രതിയുള്ള രോമാഞ്ച രചനകളും കാണുമ്പോള്‍ ഓര്‍ത്തുപോകും മണിപ്പൂരും ഇന്ത്യയിലാണല്ലോ എന്ന്!

നന്നായി.

Duralmavu said...

എല്ലുറപ്പുള്ള രാഷ്ട്രീയ വിചാരങളോട് ഐക്യപ്പെടൂന്നു പ്രിയ സഖാവെ...-അനില്‍

chithrakaran:ചിത്രകാരന്‍ said...

ഒരു രാജ്യത്തിന്റേയും സൈന്യം മാലാഖമാരാകാനിടയില്ല. അഥവ ആയാല്‍ ... അവറ്റയെ കൂട്ടത്തോടെ വെടിവെച്ച് കൊന്നുകളയുന്നതായിരിക്കും രാജ്യത്തിന്റെ സുരക്ഷക്ക് ഗുണകരം.
സൈന്യം സമൂഹത്തിന്റെ പല്ലും,നഖവും,ജനനേന്ദ്രിയവുമുള്ള മൃഗീയമായ കാവല്‍ നായയായിരിക്കണം. ആ മൃഗ തൃഷ്ണയെ
ആജ്ഞാശക്തിയോടെ ഒരു നായയെ കൈകാര്യം ചെയ്യുന്ന അനായാസതയോടെ
സമൂഹത്തിനുവേണ്ടി ഉപയോഗിക്കാനുള്ള രാഷ്ട്രീയം വളര്‍ച്ച പ്രാപിക്കണം എന്നതാണ്
പ്രധാന കാര്യം. അതില്ലാത്ത രജ്യങ്ങളിലെ
മാനുഷികാവകാശ ലംഘനങ്ങളുടെ ദയനീയ സ്ഥിതിയുടെ ജീവിക്കുന്ന രക്തസാക്ഷികളാണ്
ഈറോം ഷര്‍മിള ചാനുമാര്‍. ഇവിടെ ഇന്ത്യന്‍ സൈന്യത്തെ കുറ്റപ്പെടുത്തുന്നത് പോലും
പാപമാണെന്നാണ് ചിത്രകാരപക്ഷം.

നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളുടെ അധികാരത്തിന്റെ കുഷ്ടം ബാധിച്ച് ഞരംബുകള്‍ മുറിഞ്ഞുപോയ... സ്പര്‍ശനശേഷി നഷ്ടപ്പെട്ട നേതാക്കളാണ് ഈ മനുഷ്യാവകാശ ധ്വംസന പ്രവര്‍ത്തനങ്ങളുടെയെല്ലാം കാരണക്കാര്‍.
ഈ ജന്തുക്കളെ സഹാനുഭൂതിയോടെ ചികിത്സിക്കുകയോ, അല്ലെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭരണ സിരാകേന്ദ്രത്തിലേക്കും,ജന ബോധത്തിന്റെ കേന്ദ്രമായ മീഡിയകളിലേക്കും
അറ്റുപോയ ന്യൂറോണുകള്‍ക്കു ബധലായി പുതിയ ന്യൂറോണുകള്‍ നിര്‍മ്മിച്ച് വിളക്കി ചേര്‍ക്കുകയും ചെയ്യുക എന്നതാണ് ഒരു രക്ഷാമാര്‍ഗ്ഗമെന്ന് തോന്നുന്നു.
ഈ പോസ്റ്റിലൂടെ നമ്മുടെ രാജ്യത്തിന്റെ നീറിക്കൊണ്ടിരിക്കുന്ന മനുഷ്യമനസ്സുകളിലേക്ക്
ശ്രദ്ധക്ഷണിച്ചതിനു നന്ദി.

പ്രവീണ്‍|Praveen aka j4v4m4n said...

സിവിക് ചന്ദ്രന്റേയും സാറാ ജോസഫിന്റേയും നേതൃത്വത്തില്‍ ചേര്‍ത്തല നിന്നും ഇംഫാല്‍ വരെ ഇറോം ശര്‍മ്മിളയുടെ സമരത്തിനു് പിന്തുണയുമായി ഒരു പറ്റം മലയാളികള്‍ യാത്ര നടത്തുന്നു. ഇതേപ്പറ്റി ഞാനെഴുതിയ ബ്ലോഗ്

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ശര്‍മ്മിളയുടെ സമരത്തെക്കുറിച്ച് ഞാനെഴുതിയ പോസ്റ്റിനു ലഭിച്ച ഒരു കമെന്റിലൂടെയാണ് ഈ പോസ്റ്റ്‌ കാണുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു കിടന്നിരുന്ന ഒരു ജനത മുഖ്യ ധാരയിലേക്ക് ചേരുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളാണിതൊക്കെ എന്ന് തോന്നുന്നു . ശര്‍മ്മിളയുടെ സമരത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുമ്പോള്‍ തന്നെ ഏതെങ്കിലും ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സ്വയം ഭരണം നല്‍കുന്നതിനോട് ശക്തമായി വിയോജിക്കുകയും ചെയ്യുന്നു